Friday, February 11, 2011

ബാംഗളൂരുവില്‍ തലാസ മുന്‍നിരയിലേക്ക്


ബാംഗളൂരുവിലെ ബൂട്ടിക് സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മെന്റ്‌സായ തലാസ സ്വീറ്റ്‌സ് മികച്ച ലക്ഷ്വറി ബിസിനസ് സ്വീറ്റുകളുടെ മുന്‍നിരയിലേക്ക്. കര്‍ണാടക ബാംഗളൂരു കരിക്കംപള്ളില്‍ മാസ്റ്റര്‍ മറൈനര്‍ ക്യാപ്. തോമസ് ദേവസ്യയുടെ സംരംഭകത്വത്തിലാണ് തലാസ സ്വീറ്റ്‌സിന്റെ പ്രവര്‍ത്തനം.

ഗ്രീക്ക് പുരാവൃത്തജ്ഞാനത്തില്‍ തലാസ അനാദിയായ സമുദ്രദേവതയാണ്. 'കടലില്‍ നിന്ന്' എന്നും തലാസയ്ക്ക് അര്‍ഥമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളാണ് മുറികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഹന്‍ഡ്രഡ് ഫീറ്റ് റിംഗ് റോഡില്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനില്‍ നിന്ന് ജയനഗറിലേക്കുള്ള ദിശയില്‍ ഏകദേശം 200 മീറ്റര്‍ മാറിയാണ് തലാസ സ്വീറ്റ്‌സ് സ്ഥിതിചെയ്യുന്നത്. ചെലവേറിയ ഹോട്ടല്‍വാസത്തിനു പകരമാണിത്. നഗരം സന്ദര്‍ശിക്കുന്നവര്‍ക്ക് എളുപ്പം ഇവിടെയെത്താം.

എയര്‍കണ്ടീഷന്‍ഡും വൃത്തിയുള്ളതും വിശാലവുമായ ആഡംബരമേറിയ മുറികളാണ് തലാസ സ്വീറ്റ്‌സിലുള്ളത്. പൂര്‍ണസജ്ജമാക്കിയ ചെറുഅടുക്കള തലാസയുടെ പ്രത്യേകതയാണ്. കൂടാതെ ബിസിനസ് സെന്ററും കോണ്‍ഫറന്‍സ് റൂമും പേഴ്‌സണല്‍ ഓഫീസ് സ്‌പേസുമുണ്ട്.

വൈ-ഫൈ എനേബിള്‍ഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി, കേബിള്‍ ടെലിവിഷന്‍, ജനറേറ്റര്‍ പവര്‍ ബാക്ക്അപ്പ്, എലിവേറ്റര്‍, ഇരുചക്ര-നാലുചക്ര വാഹന പാര്‍ക്കിംഗ്, ലോണ്ടറി സര്‍വീസ്, കുക്ക് സര്‍വീസസ്, ഫുഡ് ആന്‍ഡ് ബിവറേജ്, ലോക്കല്‍ സൈറ്റ് സീയിംഗ് ആന്‍ഡ് ട്രാവല്‍ അസിസ്റ്റന്‍സ്, എയര്‍പോര്‍ട്ട് പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് തുടങ്ങിയവ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ www.thalassasuites.com എന്ന വെബ്‌സൈറ്റില്‍ നിന്നറിയാം.

Thursday, January 27, 2011

സോണിയ തോമസിന് മേജറായി സ്ഥാനക്കയറ്റം


സോണിയ എല്‍സ തോമസിന് മേജറായി അടുത്തയിടെ സ്ഥാനക്കയറ്റം ലഭിച്ചു. ഇപ്പോള്‍ പനാജി (ഗോവ) അസിസ്റ്റന്റ് ഗാരിസണ്‍ എന്‍ജിനിയറാണ്. കരിക്കംപള്ളില്‍ റിട്ടയേഡ് സെയില്‍സ് ടാക്‌സ് ഓഫീസര്‍ സഖറിയാസ് തോമസിന്റേയും (തോമാച്ചന്‍) റോസ്സക്കുട്ടിയുടേയും മകള്‍.

ബി.ഇ (മെക്കാനിക്കല്‍) ബിരുദധാരിണിയാണ് സോണിയ.
അലഹബാദിലെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് മുഖേന ഇന്ത്യന്‍ കരസേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാഡമിയില്‍ കര്‍ക്കശമായ പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് ആയി ഇന്ത്യന്‍ കരസേനയില്‍ നിയമിതയായി. പിന്നീട് ക്യാപ്റ്റന്‍.

ഒറീസ എയര്‍ ഡിഫന്‍സ് കോളജില്‍ അധ്യാപകനായ സീനിയര്‍ മേജര്‍ സിബി കെ. ജോസഫാണ് ഭര്‍ത്താവ്. കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ പഠനവും പൂനെ മിലിട്ടറി അക്കാഡമിയില്‍ പരിശീനവും. സ്മിത, സുബിന്‍ എന്നിവര്‍ സഹോദരങ്ങള്‍.



Sunday, January 23, 2011

നന്നാട്ടുമാലില്‍ കുടുംബസംഗമം 2010

രിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബസംഗമം-2010 എടത്വ കരിക്കംപള്ളില്‍ പുത്തന്‍പുരയ്ക്കല്‍ ജോയിച്ചന്റെ വസതിയില്‍ 2011 ജനുവരി 16 ഞായറാഴ്ച രാവിലെ 10 മുതല്‍ നടത്തി. ചാക്കോ തോമ്മ(1874-1946)-യുടെ മക്കളും കൊച്ചുമക്കളുമാണ് സംഗമത്തില്‍ പങ്കെടുത്തത്.

ഇതോടൊപ്പം കുട്ടപ്പന്‍ (മേലോട്ടുകൊച്ചി)-ലിസമ്മ (കരിക്കംപള്ളില്‍ പുത്തന്‍പുരയ്ക്കല്‍ പരേതനായ അന്തോനിക്കുട്ടിയുടേയും പരേതയായ സാറാമ്മ തെക്കേക്കരയുടേയും മകള്‍) ദമ്പതികളുടെ അന്‍പതാം വിവാഹ വാര്‍ഷികവും മോബിന്‍ (ജോയിച്ചന്റെ മകന്‍)-ജ്യോതി ദമ്പതികളുടെ ഒന്നാം വിവാഹ വാര്‍ഷികവും ആഘോഷിച്ചു.

Monday, January 17, 2011

പച്ച-ചെക്കിടിക്കാട് ദേവാലയത്തില്‍ തിരുനാള്‍

ച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ലൂര്‍ദുമാതാവിന്റെ തിരുനാളും കുടുംബനവീകരണ വാര്‍ഷിക ധ്യാനവും ആഘോഷപൂര്‍വം നടത്തുന്നു.

2011 ജനുവരി 23 മുതല്‍ 26 വരെയാണ് വാര്‍ഷിക ധ്യാനം. തിരുനാള്‍ ഫെബ്രുവരി 10 മുതല്‍ 13 വരെ. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ജേക്കബ് ചാക്കോ (ബേബിച്ചന്‍)-യാണ് തിരുനാള്‍ പ്രസുദേന്തി. ഫെബ്രുവരി 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു നടത്തുന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ ഫാ.തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐ മുഖ്യകാര്‍മികനായിരിക്കും. ഫാ.സഖറിയാസ് കാഞ്ഞൂപ്പറമ്പില്‍ വികാരിയും ഫാ.മാര്‍ട്ടിന്‍ കുരിശുങ്കല്‍ അസിസ്റ്റന്റ് വികാരിയുമാണ്.

Friday, December 31, 2010

കരിക്കംപള്ളില്‍ കോളനി

പുറക്കാട്ടും തോട്ടപ്പള്ളിയിലുമുള്ള കരിക്കംപള്ളില്‍ കോളനികളെക്കുറിച്ച് അറിയാവുന്നവര്‍ ഇ-മെയില്‍ ചെയ്യുക: karikkampallilfamily@gmail.com

Thursday, December 30, 2010

കരിക്കംപള്ളില്‍: അക്ഷരവിന്യാസം

തോമസ് മത്തായി കരിക്കംപള്ളില്‍

കുട്ടനാട് കാത്തലിക് അസോസിയേഷന്‍ (കെ.സി.എ) ആലപ്പുഴയുടെ 1988-ലെ സ്മരണിക പുറത്തിറക്കാനുള്ള ശ്രമത്തിനിടയിലാണ് ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സ്മരണികയിലെ നാമകോശം ക്രമീകരിക്കുമ്പോള്‍ ആയിരുന്നു അത്. ഒരേ കുടുംബപ്പേരുള്ള വിവിധ ആള്‍ക്കാര്‍ അതെഴുതുമ്പോള്‍ അക്ഷരവിന്യാസത്തില്‍ ഒരുമിപ്പ് കാണിക്കുന്നില്ല! അതുകൊണ്ടു തന്നെ ഒരേ കുടുംബപ്പേര് പലതരത്തിലായിരുന്നു.

കംപ്യൂട്ടര്‍ ഇല്ലാതിരുന്ന അക്കാലത്ത് ഏകദേശം മുന്നൂറു കുടുംബങ്ങളുടെ ഫോട്ടോയുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കാനും ക്രോഡീകരിക്കാനും എഡിറ്റര്‍ എന്ന നിലയില്‍ ഞാന്‍ ഒരു വര്‍ഷത്തിലേറെയെടുത്തു. അതിലുണ്ടായിരുന്ന ഒരു രസം, യാദൃശ്ചികാ ഒന്നില്‍ കൂടുതല്‍ ബയോഡേറ്റ ഫോറങ്ങള്‍ പൂരിപ്പിച്ചു തന്നിട്ടുള്ളവരുടെ വിവരങ്ങളിലും തികച്ചും പ്രകടമായ വ്യത്യാസമുണ്ടായിരുന്നു എന്നതാണ്. ഇപ്പോള്‍ ഒരു ക്ലിക്കില്‍ നടക്കുന്ന കാര്യങ്ങള്‍ പല പ്രാവശ്യം തിരിച്ചും മറിച്ചും എഴുതി ക്രമീകരിക്കേണ്ടിയിരുന്നു അക്കാലത്ത്. പട്ടികകള്‍ പലതാകുമ്പോള്‍ ശ്രമമേറും.

അന്നു ആ സ്മരണികയിലും പിന്നീട് പലര്‍ക്കും വ്യക്തിപരമായും കുടുംബപ്പേരുകള്‍ക്ക് ഐകരൂപ്യം വരുത്തേണ്ടതിനെക്കുറിച്ച് എഴുതിയിരുന്നു. പക്ഷേ ഒന്നും നടന്നിട്ടില്ല എന്നു വേണം കരുതാന്‍. വര്‍ഷം 22 കഴിഞ്ഞിട്ടും 'കരിക്കംപള്ളില്‍' പോലും എത്രയോ തരത്തിലാണ് ഓരോരുത്തരും എഴുതുന്നത്! വീട്ടുകാര്‍ക്കു തന്നെ ഇക്കാര്യത്തില്‍ ഉറപ്പില്ല. പിന്നെ നാട്ടുകാര്‍ എഴുതുന്നതിനെക്കുറിച്ച് പറയാനുമില്ല.

കരിക്കംപള്ളില്‍ (Karikkampallil) എന്ന കുടുംബപ്പേരിന് ഒരു പൊതു അക്ഷരവിന്യാസ രൂപം വേണ്ടിയിരിക്കുന്നു. ആധുനിക ലോകത്ത് മിക്ക കാര്യങ്ങളും ഓണ്‍ലൈന്‍ ആയി നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍ അക്ഷരവിന്യാസത്തിന് (Spelling) വളരെ പ്രാധാന്യമുണ്ട്. ഒരു അക്ഷരം തെറ്റിയാല്‍ പോലും വിചാരിക്കുന്ന കാര്യം നടക്കണമെന്നില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഉറപ്പില്ലാത്ത ഏതാനും അക്ഷരങ്ങള്‍ മാത്രമല്ല കുടുംബനാമം. അതു സ്ഥിരവും അഭിമാനം നല്കുന്നതുമായിരിക്കണം. അപ്പോള്‍ അത് ഒരേപോലെയിരിക്കുകയും വേണം.

ക-രി-ക്കം-പ-ള്ളി-ല്‍ അഥവാ K-a-r-i-k-k-a-m-p-a-l-l-i-l എന്ന അക്ഷരങ്ങള്‍ എത്രയോ തരത്തില്‍ മാറ്റിയും മറിച്ചുമാണ് എഴുതുന്നതെന്നു കണ്ടാല്‍ അത്ഭുതം തോന്നും.

ക രി ക്കം പ ള്ളി
മ്പ ല്ലി
റി യ്ക്കം പി
യ്ക്കാം
ക്കന്‍
ള്ളില്‍
ള്ളിയില്‍
ള്ളിയില്‍


Ka ri kam palli
kkam pallil
ckam pally
ckkam palliyil
ckaam pilli
ckkaam pilly
kkan pilliyil
ckan pp...

ഏതായാലും കരിക്കംപള്ളില്‍ എന്നതിനും ഒരു ഏകീകൃത രൂപം ആവശ്യമാണ്. ഇനിയെങ്കിലും കുടുംബത്തില്‍പ്പെട്ടവര്‍ എല്ലാവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. മേല്‍വിലാസമെഴുതുമ്പോഴും അപേക്ഷകള്‍ പൂരിപ്പിക്കുമ്പോഴും ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോഴും കല്യാണക്കുറി അച്ചടിപ്പിക്കുമ്പോഴും ബോര്‍ഡുകള്‍ എഴുതിക്കുമ്പോഴും എല്ലാം ശ്രദ്ധിച്ചാലേ ഭാവിയിലെങ്കിലും കുടുംബപ്പേര് ആരെഴുതിയാലും ഒരുപോലെയിരിക്കൂ. പാസ്‌പോര്‍ട്ടിലും റേഷന്‍കാര്‍ഡിലും വോട്ടര്‍പട്ടികയിലും ഐഡന്റിറ്റി കാര്‍ഡുകളിലും നിര്‍ബന്ധബുദ്ധിയോടെ കുടുംബപ്പേരു കൃത്യമായി ചേര്‍പ്പിക്കുക തന്നെ വേണം.

Monday, November 1, 2010

മോന്‍സി തെരഞ്ഞെടുക്കപ്പെട്ടു

ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2010-ല്‍ തകഴി ഗ്രാമപഞ്ചായത്തിലേക്ക് ഒന്‍പതാം വാര്‍ഡില്‍ (ചെക്കിടിക്കാട് ഈസ്റ്റ്)
നിന്ന് മോന്‍സി ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു.

യു.ഡി.എഫ് (കോണ്‍ഗ്രസ്) സ്ഥാനാര്‍ഥിയായിരുന്നു. 169 വോട്ടാണ് ഭൂരിപക്ഷം നേടിയത്. പഞ്ചായത്തില്‍ ആകെ 14 സീറ്റാണുള്ളത്. കോണ്‍ഗ്രസ്-8, സി.പി.എം-4, ബി.ജെ.പി-2.

എടത്വ കരിക്കംപള്ളില്‍ തൊള്ളായിരത്തില്‍ വക്കച്ചന്റേയും ശോശാമ്മയുടേയും ഇളയ മകനാണ് മോന്‍സി. ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. കാര്‍ഷികരംഗത്ത് പ്രത്യേക ശ്രദ്ധ നല്കുന്നു. ഭാര്യ: ചാമംപതാല്‍ കറുകക്കളം ഷീല. മക്കള്‍: റോജ, റോഷന്‍, റോഷിനി.

മോന്‍സി ജോര്‍ജിനെക്കൂടാതെ സ്വതന്ത്രനായി ഇലഞ്ഞിക്കല്‍ കരിക്കമ്പള്ളില്‍ ജിമ്മി ജയിംസും എല്‍എഡിഎഫ് സ്വതന്ത്രനായി മേലേഴം ഗോപകുമാറും ചെക്കിടിക്കാട് ഈസ്റ്റ്-009 സ്ഥാനാര്‍ഥികളായിരുന്നു.