Sunday, February 13, 2011

ആഘോഷപൂര്‍വം ലൂര്‍ദുമാതാവിന്റെ തിരുനാള്‍


ച്ച-ചെക്കിടിക്കാട് ലൂര്‍ദുമാതാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ലൂര്‍ദുമാതാവിന്റെ തിരുനാള്‍ ആഘോഷപൂര്‍വം നടത്തപ്പെട്ടു. തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് ആയിരങ്ങളാണ് ലൂര്‍ദുമാതാവിന്റെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിച്ചത്. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ജേക്കബ് ചാക്കോ (ബേബിച്ചന്‍)-യായിരുന്നു തിരുനാള്‍ പ്രസുദേന്തി.

2011 ഫെബ്രുവരി 10-ന് വ്യാഴാഴ്ച വൈകുന്നേരം നാലിന് കൊടിയേറ്റി തിരുനാള്‍ ആരംഭിച്ചു. 11-ന് ദിവ്യകാരുണ്യ ആരാധനാദിനം. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് വികാരി ജനറാള്‍ ഫാ.ജോസഫ് നടുവിലേഴം നേതൃത്വം നല്കി. 12-ന് ജപമാലദിനത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന മലങ്കര റീത്തില്‍ മാവേലിക്കര രൂപതാ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമര്‍പ്പിച്ചു. 13-ന് ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ തക്കല രൂപതാ ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരില്‍ തിരുനാള്‍ സന്ദേശം നല്കി. തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ.സിബി ചെത്തിക്കളം കാര്‍മികത്വം വഹിച്ചു. വൈകുന്നേരം നാലിന് കൊടിയിറക്കി.

വികാരി ഫാ. സഖറിയാസ് കാഞ്ഞൂപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ.മാര്‍ട്ടിന്‍ കുരിശുങ്കല്‍, കൈക്കാരന്മാരായ സി.ജെ.ചെറിയാന്‍ ചെത്തിക്കളം, മത്തായി ശൗര്യാര്‍ കൊച്ചുപറമ്പ് തുടങ്ങിയവര്‍ തിരുനാളിന് നേതൃത്വം നല്കി. തിരുനാളിനു മുന്നോടിയായി 2011 ജനുവരി 23 ഞായറാഴ്ച മുതല്‍ 26 വരെ കുടുംബനവീകരണ വാര്‍ഷികധ്യാനവും നടത്തിയിരുന്നു.

തിരുനാള്‍ പ്രദക്ഷിണത്തിന്റെ വീഡിയോ കാണാം. റിയല്‍ പ്ലയര്‍. 40 സെക്കന്‍ഡ്. (വീഡിയോ: റിച്ച)

Saturday, February 12, 2011

സിസ്റ്റര്‍ ജോര്‍ജിറ്റ സുവര്‍ണ ജൂബിലി ആഘോഷിച്ചു


സിസ്റ്റര്‍ ജോര്‍ജിറ്റ കരിക്കംപള്ളില്‍ എസ് ഡി (കുട്ടിയമ്മ) സന്യസ്ത സുവര്‍ണ ജൂബിലി (1961-2011) ആഘോഷിച്ചു.

പച്ച-ചെക്കിടിക്കാട് ലൂര്‍ദുമാതാ ദേവായത്തില്‍ 2011 ഫെബ്രുവരി 12-ന് ശനിയാഴ്ച രാവിലെ 10.30-ന് കൃതജ്ഞതാ ദിവ്യബലിക്കു ശേഷം കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ജേക്കബ് ചാക്കോ (ബേബിച്ചന്‍)-യുടെ വസതിയില്‍ അനുമോദന സമ്മേളനം ചേര്‍ന്നു.

കരിക്കംപള്ളില്‍ ചാക്കോച്ചന്റേയും (അത്തായി) അച്ചാമ്മ വേലങ്കളത്തിന്റേയും മകളാണ് സിസ്റ്റര്‍ ജോര്‍ജിറ്റ. സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി, പരേതനായ തൊമ്മിക്കുഞ്ഞ്, പരേതനായ ചാച്ചന്‍, പരേതനായ ഔസക്കുട്ടി, ദേവസ്യാച്ചന്‍, റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ് ജെ (വക്കമ്മ), മത്തമ്മ, തങ്കമ്മ വാളംപറമ്പില്‍.

സിസ്‌റ്റേഴ്‌സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ട് (എസ്.ഡി / അഗതികളുടെ സഹോദരിമാര്‍) എന്ന സന്യാസസമൂഹത്തില്‍ 1959 ജനുവരി 15-നാണ് സിസ്റ്റര്‍ ജോര്‍ജിറ്റ ചേര്‍ന്നത്. 1961 ജനുവരി ഏഴിന് വ്രതസമര്‍പ്പണം നടത്തി. ചൊവ്വരയിലാണ് ജനറലേറ്റ്. പ്രൊവിഷനലേറ്റ് ചങ്ങനാശേരി ചെത്തിപ്പുഴയും. സഭയുടെ സുപ്പീരിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1964 സെപ്റ്റംബര്‍ ഒന്നിന് ജര്‍മനിയിലേക്ക് പോയി. അവിടെ സഭയുടെ ആദ്യ മഠം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. 1975-ല്‍ തിരിച്ചെത്തി കേരളത്തില്‍ ചാലക്കുടി കറുകുറ്റി മേലൂര്‍, മധ്യപ്രദേശിലെ സത്‌ന, തമിഴ്‌നാട്ടിലെ വെല്ലൂര്‍, മദ്രാസ് സാംതോം, കന്യാകുമാരി മാര്‍ത്താണ്ഡം മൂഞ്ചിറ, കര്‍ണാടകയിലെ ഹുസൂര്‍, കേരളത്തിലെ മങ്കൊമ്പ് നസ്രത്ത് തെക്കേക്കര തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പാലാ മേവിട മഠത്തില്‍.

പ്രായമായവര്‍ക്കുവേണ്ടിയുള്ള ഭവനങ്ങള്‍, മാനസികനില തെറ്റിയവര്‍ക്കായുള്ള ഭവനങ്ങള്‍ തുടങ്ങിയയിടങ്ങളിലാണ് സിസ്റ്റര്‍ ജോര്‍ജിറ്റ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.


അനുമോദന സമ്മേളന വേദി കാണാം.



Friday, February 11, 2011

ബാംഗളൂരുവില്‍ തലാസ മുന്‍നിരയിലേക്ക്


ബാംഗളൂരുവിലെ ബൂട്ടിക് സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മെന്റ്‌സായ തലാസ സ്വീറ്റ്‌സ് മികച്ച ലക്ഷ്വറി ബിസിനസ് സ്വീറ്റുകളുടെ മുന്‍നിരയിലേക്ക്. കര്‍ണാടക ബാംഗളൂരു കരിക്കംപള്ളില്‍ മാസ്റ്റര്‍ മറൈനര്‍ ക്യാപ്. തോമസ് ദേവസ്യയുടെ സംരംഭകത്വത്തിലാണ് തലാസ സ്വീറ്റ്‌സിന്റെ പ്രവര്‍ത്തനം.

ഗ്രീക്ക് പുരാവൃത്തജ്ഞാനത്തില്‍ തലാസ അനാദിയായ സമുദ്രദേവതയാണ്. 'കടലില്‍ നിന്ന്' എന്നും തലാസയ്ക്ക് അര്‍ഥമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളാണ് മുറികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഹന്‍ഡ്രഡ് ഫീറ്റ് റിംഗ് റോഡില്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനില്‍ നിന്ന് ജയനഗറിലേക്കുള്ള ദിശയില്‍ ഏകദേശം 200 മീറ്റര്‍ മാറിയാണ് തലാസ സ്വീറ്റ്‌സ് സ്ഥിതിചെയ്യുന്നത്. ചെലവേറിയ ഹോട്ടല്‍വാസത്തിനു പകരമാണിത്. നഗരം സന്ദര്‍ശിക്കുന്നവര്‍ക്ക് എളുപ്പം ഇവിടെയെത്താം.

എയര്‍കണ്ടീഷന്‍ഡും വൃത്തിയുള്ളതും വിശാലവുമായ ആഡംബരമേറിയ മുറികളാണ് തലാസ സ്വീറ്റ്‌സിലുള്ളത്. പൂര്‍ണസജ്ജമാക്കിയ ചെറുഅടുക്കള തലാസയുടെ പ്രത്യേകതയാണ്. കൂടാതെ ബിസിനസ് സെന്ററും കോണ്‍ഫറന്‍സ് റൂമും പേഴ്‌സണല്‍ ഓഫീസ് സ്‌പേസുമുണ്ട്.

വൈ-ഫൈ എനേബിള്‍ഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി, കേബിള്‍ ടെലിവിഷന്‍, ജനറേറ്റര്‍ പവര്‍ ബാക്ക്അപ്പ്, എലിവേറ്റര്‍, ഇരുചക്ര-നാലുചക്ര വാഹന പാര്‍ക്കിംഗ്, ലോണ്ടറി സര്‍വീസ്, കുക്ക് സര്‍വീസസ്, ഫുഡ് ആന്‍ഡ് ബിവറേജ്, ലോക്കല്‍ സൈറ്റ് സീയിംഗ് ആന്‍ഡ് ട്രാവല്‍ അസിസ്റ്റന്‍സ്, എയര്‍പോര്‍ട്ട് പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് തുടങ്ങിയവ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ www.thalassasuites.com എന്ന വെബ്‌സൈറ്റില്‍ നിന്നറിയാം.

Thursday, January 27, 2011

സോണിയ തോമസിന് മേജറായി സ്ഥാനക്കയറ്റം


സോണിയ എല്‍സ തോമസിന് മേജറായി അടുത്തയിടെ സ്ഥാനക്കയറ്റം ലഭിച്ചു. ഇപ്പോള്‍ പനാജി (ഗോവ) അസിസ്റ്റന്റ് ഗാരിസണ്‍ എന്‍ജിനിയറാണ്. കരിക്കംപള്ളില്‍ റിട്ടയേഡ് സെയില്‍സ് ടാക്‌സ് ഓഫീസര്‍ സഖറിയാസ് തോമസിന്റേയും (തോമാച്ചന്‍) റോസ്സക്കുട്ടിയുടേയും മകള്‍.

ബി.ഇ (മെക്കാനിക്കല്‍) ബിരുദധാരിണിയാണ് സോണിയ.
അലഹബാദിലെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് മുഖേന ഇന്ത്യന്‍ കരസേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാഡമിയില്‍ കര്‍ക്കശമായ പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് ആയി ഇന്ത്യന്‍ കരസേനയില്‍ നിയമിതയായി. പിന്നീട് ക്യാപ്റ്റന്‍.

ഒറീസ എയര്‍ ഡിഫന്‍സ് കോളജില്‍ അധ്യാപകനായ സീനിയര്‍ മേജര്‍ സിബി കെ. ജോസഫാണ് ഭര്‍ത്താവ്. കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ പഠനവും പൂനെ മിലിട്ടറി അക്കാഡമിയില്‍ പരിശീനവും. സ്മിത, സുബിന്‍ എന്നിവര്‍ സഹോദരങ്ങള്‍.



Sunday, January 23, 2011

നന്നാട്ടുമാലില്‍ കുടുംബസംഗമം 2010

രിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബസംഗമം-2010 എടത്വ കരിക്കംപള്ളില്‍ പുത്തന്‍പുരയ്ക്കല്‍ ജോയിച്ചന്റെ വസതിയില്‍ 2011 ജനുവരി 16 ഞായറാഴ്ച രാവിലെ 10 മുതല്‍ നടത്തി. ചാക്കോ തോമ്മ(1874-1946)-യുടെ മക്കളും കൊച്ചുമക്കളുമാണ് സംഗമത്തില്‍ പങ്കെടുത്തത്.

ഇതോടൊപ്പം കുട്ടപ്പന്‍ (മേലോട്ടുകൊച്ചി)-ലിസമ്മ (കരിക്കംപള്ളില്‍ പുത്തന്‍പുരയ്ക്കല്‍ പരേതനായ അന്തോനിക്കുട്ടിയുടേയും പരേതയായ സാറാമ്മ തെക്കേക്കരയുടേയും മകള്‍) ദമ്പതികളുടെ അന്‍പതാം വിവാഹ വാര്‍ഷികവും മോബിന്‍ (ജോയിച്ചന്റെ മകന്‍)-ജ്യോതി ദമ്പതികളുടെ ഒന്നാം വിവാഹ വാര്‍ഷികവും ആഘോഷിച്ചു.

Monday, January 17, 2011

പച്ച-ചെക്കിടിക്കാട് ദേവാലയത്തില്‍ തിരുനാള്‍

ച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ലൂര്‍ദുമാതാവിന്റെ തിരുനാളും കുടുംബനവീകരണ വാര്‍ഷിക ധ്യാനവും ആഘോഷപൂര്‍വം നടത്തുന്നു.

2011 ജനുവരി 23 മുതല്‍ 26 വരെയാണ് വാര്‍ഷിക ധ്യാനം. തിരുനാള്‍ ഫെബ്രുവരി 10 മുതല്‍ 13 വരെ. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ജേക്കബ് ചാക്കോ (ബേബിച്ചന്‍)-യാണ് തിരുനാള്‍ പ്രസുദേന്തി. ഫെബ്രുവരി 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു നടത്തുന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ ഫാ.തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐ മുഖ്യകാര്‍മികനായിരിക്കും. ഫാ.സഖറിയാസ് കാഞ്ഞൂപ്പറമ്പില്‍ വികാരിയും ഫാ.മാര്‍ട്ടിന്‍ കുരിശുങ്കല്‍ അസിസ്റ്റന്റ് വികാരിയുമാണ്.