Friday, September 16, 2011

ഡോ. സ്‌കറിയാ സക്കറിയയുടെ മേല്‍നോട്ടത്തില്‍ എഴുപത്തിയാറുകാരന് ഡോക്ടറേറ്റ്

റിസര്‍ച്ച് ഗൈഡ് ഡോ. സ്‌കറിയാ സക്കറിയയുടെ മേല്‍നോട്ടത്തില്‍ ക്രൈസ്തവ പാരമ്പര്യത്തില്‍ ഗവേഷണം നടത്തിയ അഭിഭാഷകനായ എഴുപത്തിയാറുകാരന് ചരിത്രത്തില്‍ പിഎച്ച്.ഡി ബിരുദം. ഈ പ്രായത്തില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നു ഇതുവരെ ഡോക്ടറേറ്റ് നേടിയ വേറെ ആരുമുണ്ടെന്നു തോന്നുന്നില്ല.

തൃശൂര്‍ കുന്നംകുളം പുലിക്കോട്ടില്‍ പി.സി.മാത്യുവിനാണ് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നു പിഎച്ച്.ഡി ലഭിച്ചത്. 'നസ്രാണി സഭയുടെ മലയാള രേഖാപാരമ്പര്യം - പടിയോലകള്‍ മുന്‍നിര്‍ത്തിയുള്ള പഠനം' എന്ന വിഷയത്തിലായിരുന്നു അക്കാഡമിക് ഗവേഷണം.

ചട്ടം നിശ്ചയിച്ചു എഴുതിവച്ച ഓലകളാണ് പടിയോലകള്‍. പണ്ട് ക്രിസ്ത്യാനികള്‍ യോഗം ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ ഓലയിലും ചെമ്പ് തകിടിലും ഭദ്രമായി എഴുതിസൂക്ഷിച്ചുവച്ചിട്ടുള്ളവയാണ് അവ. ഇറ്റലി മിലാനിലെ ഗ്രന്ഥശാലയിലും പ്രാചീനമായ പടിയോലകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഡോ. സ്‌കറിയാ സക്കറിയ അവയെക്കുറിച്ചു പഠിച്ചിട്ടുണ്ട്. സബ്ജക്ട് എക്‌സ്‌പേര്‍ട്ട് ചരിത്രകാരനായ ഡോ.എം.ജി.എസ്. നാരായണനായിരുന്നു.

കാലടി സര്‍വകലാശാലയില്‍ പിഎച്ച്.ഡി എന്‍ട്രസസ് എഴുതി, ആറു വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് പ്രായത്തെ മറികടന്നു ഡോക്ടറേറ്റ് നേടിയത്. ഫുള്‍ടൈം റിസര്‍ച്ച് സ്‌കോളര്‍ ആയി ഫെലോഷിപ്പോടെയുള്ള ഗവേഷണമായിരുന്നു. തൃശൂര്‍ ആര്‍ത്താറ്റ് പള്ളിയിലെ വട്ടെഴുത്തിലുള്ള പടിയോലകളാണ് അടിസ്ഥാനമാക്കിയത്. അഞ്ചു പടിയോലകളില്‍ തുടങ്ങി ഗവേഷണ പ്രബന്ധ
മായപ്പോള്‍ 13 എണ്ണത്തില്‍ എത്തി.
കേരളത്തിലെ സെമിനാരികളില്‍ പോലും ഇത്രയും പടിയോലകളെക്കുറിച്ചു വിവരങ്ങളില്ലായിരുന്നു.

പടിയോലകളില്‍ എഴുതിയിരിക്കുന്ന പഴയ വട്ടെഴുത്തും കോലെഴുത്തും പഠിച്ചെടുക്കേണ്ടി വന്നതിനാല്‍ മൂന്നു വര്‍ഷം കൊണ്ടു തീരാവുന്ന ഗവേഷണം ആറു വര്‍ഷം കൊണ്ടാണ് തീര്‍ന്നത്. കുന്നംകുളത്തു നിന്നു കാലടിക്കു കാറില്‍ ദിവസവും പോയി വരുകയായിരുന്നു. അതിനു തന്നെ അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചു. മക്കളുടെ പഠനവും കല്യാണവും കഴിഞ്ഞ ശേഷമായിരുന്നു ഗവേഷണം. ചെറുപ്പകാലത്തു തുടങ്ങിയ ആഗ്രഹം സഫലീകരിക്കാന്‍ കുറേ വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നുവെന്നു മാത്രം.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഇന്ത്യന്‍ ലാംഗ്വേജസ് ഫാക്കല്‍റ്റിയില്‍ ഡോക്ടര്‍ ഓഫ് ഫിലോസഫി ബിരുദത്തിനു ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുന്നത് 2010 ഫെബ്രുവരിയിലാണ്. ചെറുകഥകളും ചരിത്രപുസ്തകങ്ങളും ജീവചരിത്രങ്ങളും അടക്കം അഡ്വ.മാത്യു ഇരുപതു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ബി.എ., ബി.എല്‍, എംഎസ്ഡബ്ലിയു, ഡിഎസ്എസ് തുടങ്ങിയ ബിരുദങ്ങള്‍ മുന്‍പ് നേടിയിട്ടുണ്ട്. ഇനി ഡി.ലിറ്റിനു വേണ്ടി പരിശ്രമിക്കാനാണ് തീരുമാനം.

ഡോ.സ്‌കറിയാ സക്കറിയ (കരിക്കംപള്ളില്‍, പെരുന്ന, ചങ്ങനാശേരി) 2007 ജൂലൈ മുതല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറാണ്. ചങ്ങനാശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളജില്‍ 1969 മുതല്‍ 1994 വരേയും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 1994 മുതല്‍ 2004 വരേയും പ്രൊഫസറായിരുന്നു. ഗവേഷണപരങ്ങളായ അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഭാര്യ: മേരിക്കുട്ടി. മകള്‍: സുമ. മകന്‍: അരുള്‍.

Thursday, September 15, 2011

ജോയിച്ചനും തങ്കമ്മയും വിവാഹ രജത ജൂബിലിയില്‍

ടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ജയിംസ് ജോസഫും (ജോയിച്ചന്‍) കണ്ണാടി കൊറത്തറ തങ്കമ്മയും തമ്മില്‍ വിവാഹിതരായതിന്റെ രജത ജൂബിലി ആഘോഷിച്ചു. നന്നാട്ടുമാലില്‍ ഔസക്കുട്ടിയുടേയും ചങ്ങനാശേരി പാലാത്ര കുട്ടിയമ്മയുടേയും മൂത്ത മകനാണ് ജോയിച്ചന്‍. അമ്പലപ്പുഴയില്‍ കരിക്കംപള്ളില്‍ ബാങ്കേഴ്‌സ് എന്ന പണമിടപാടു സ്ഥാപനം നടത്തുന്നു.

1986 സെപ്റ്റംബര്‍ 15-ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ ഫാ. ജോസഫ് കൊറത്തറയായിരുന്നു വിവാഹം ആശീര്‍വദിച്ചത്.

ജോയിച്ചന്‍-തങ്കമ്മ ദമ്പതികള്‍ക്ക് വിദ്യാര്‍ഥികളായ രണ്ടു മക്കള്‍. തനൂജയും ജോസഫുകുഞ്ഞും.

Friday, September 9, 2011

ശുദ്ധജല മത്സ്യക്കൃഷിയില്‍ കുര്യച്ചന് കേരള സംസ്ഥാന അവാര്‍ഡ്


ത്സ്യം വളര്‍ത്തലിലൂടെ ഒരു നെല്ലും ഒരു മീനും പദ്ധതിക്കു വന്‍ സംഭാവനകള്‍ നല്കിയ കുര്യച്ചന് കേരള സംസ്ഥാന സര്‍ക്കാര്‍ മികച്ച ശുദ്ധജല മത്സ്യക്കര്‍ഷകനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.

ഒരു നെല്ലും ഒരു മീനും പദ്ധതി ഏറ്റെടുക്കാന്‍ കര്‍ഷകര്‍ മുന്നോട്ടുവരാതിരുന്നേപ്പാള്‍ 1983 മുതലാണ്ചമ്പക്കുളം മാപ്പിളശേരി ജേക്കബ് കുര്യന്‍ (കുര്യച്ചന്‍-63) മത്സ്യ
വും നെല്ലും ഒന്നിടവിട്ടു കൃഷിചെയ്യാന്‍ തുടങ്ങിയത്. തുടര്‍ച്ചയായി 28 വര്‍ഷം ശുദ്ധജലത്തില്‍ മത്സ്യക്കൃഷി ചെയ്യുന്ന കുര്യച്ചനു ലാഭത്തിന്റേയും നഷ്ടത്തിന്റേയും കണക്കുകള്‍ പറയാനുണ്ട്. എന്നാലും ഒരു നെല്ലും ഒരു മീനും പദ്ധതി കര്‍ഷകന്റെ രക്ഷയ്ക്കു പറ്റിയതാണെന്നു കുര്യച്ചന്‍ കരുതുന്നു.

1.30 ഏക്കര്‍ വിസ്തീര്‍ണമുള്ള കുളം വികസിപ്പിച്ചെടുത്തായിരുന്നു തുടക്കം. കാര്‍പ്പ് എന്ന മത്സ്യക്കുഞ്ഞുങ്ങളെയായിരുന്നു ഇട്ടത്. അഡാക്കിന്റെയും മത്സ്യഫെഡിന്റെയും പ്രോത്സാഹനം ഉണ്ടായിരുന്നു. രണ്ടുതവണ തുടര്‍ച്ചയായി മെച്ചപ്പെട്ട ലാഭം കിട്ടി. എന്നാല്‍, 1985-ല്‍ ശക്തമായ വെള്ളപ്പൊക്കത്തില്‍ പുറംബണ്ട് കവിഞ്ഞുകയറി മത്സ്യങ്ങള്‍ മുഴുവന്‍ ഒലിച്ചുപോയി. സമുദ്രോല്‍പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ)യുടെ സഹായത്തോടെ 1997 മുതല്‍ ആരംഭിച്ച ആറ്റുകൊഞ്ച് കൃഷി ഇപ്പോഴും തുടരുന്നു. ഇക്കാര്യത്തില്‍ കുട്ടനാടു വികസന സമിതിയുടെ പ്രോത്സാഹനം ഉണ്ടായിരുന്നു. തുടക്കത്തില്‍ 11,000 ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെയാണു നിക്ഷേപിച്ചത്.

കടുത്ത വേനലിനു ശേഷമുണ്ടായ മഴയില്‍ കുട്ടനാട്ടിലെ വെള്ളം മലിനമായ സാഹചര്യത്തില്‍ 2001-ല്‍ കുര്യച്ചന്റെ മത്സ്യം മുഴുവന്‍ ചത്തൊടുങ്ങി.ഒരു നെല്ലും ഒരു മീനും പദ്ധതിയില്‍പ്പെടുത്തി 2009 മുതല്‍ നാല് ഏക്കര്‍ സ്ഥലത്തു കൃഷി തുടങ്ങി. എംപിഇഡിഎയുടെ സഹായത്തോടെ ഒരുതവണ മാത്രം കയറ്റുമതി ഏജന്‍സിക്കു കൊഞ്ചു വിറ്റു. തുടര്‍ച്ചയായി അവര്‍ക്കു കൊടുക്കുന്നതിനു തടസ്സങ്ങള്‍ പലതുണ്ട്. ഏജന്റുമാര്‍ മുഖാന്തരം ഹോട്ടലുകള്‍ക്കും ടൂറിസം കേന്ദ്രങ്ങള്‍ക്കുമാണു മത്സ്യം കൂടുതലായി വില്‍ക്കുന്നത്.

മത്സ്യക്കൃഷിക്കു ശേഷം നെല്‍ക്കൃഷി ചെയ്താല്‍ കളയും കീടങ്ങളും കുറയും. മണ്ണിനു വളക്കൂറും ലഭിക്കും. നെല്‍ച്ചെടി കരുത്തോടെ വളര്‍ന്നു മെച്ചപ്പെട്ട വിള നല്‍കും. പത്തോ പതിനഞ്ചോ കൃഷിക്കാര്‍ മാത്രമുള്ള ചെറിയ പാടശേഖരങ്ങളിലാണ് ഒരു നെല്ലും ഒരു മീനും വിജയിപ്പിക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ 1.3 ഏക്കര്‍ സ്ഥലത്ത് ആറ്റുകൊഞ്ചും കരിമീനും തിലോപ്പിയയും കാളാഞ്ചിയും ഒരുപോലെ കൃഷി ചെയ്തു മത്സ്യക്കൃഷിയില്‍ മുന്നേറുകയാണു ചമ്പക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ കുര്യച്ചന്‍.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലെ മത്സ്യകേരളം - കരിമീന്‍ വര്‍ഷം പദ്ധതി ഉദ്ഘാടനത്തിനോടനുബന്ധിച്ച് 2011 സെപ്റ്റംബര്‍ ആറിനു ചൊവ്വാഴ്ച തൃശൂര്‍ മാള പൊയ്യ മോഡല്‍ ഫിഷ്ഫാം ആന്‍ഡ് ട്രെയിനിംഗ് സെന്ററില്‍ (അഡാക്ക്) നടത്തിയ മത്സ്യ കര്‍ഷക അവാര്‍ഡ് വിതരണവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നു മികച്ച ശുദ്ധജല മത്സ്യക്കര്‍ഷകനുള്ള അവാര്‍ഡ് കുര്യച്ചന്‍ സ്വീകരിച്ചു.

എടത്വ ചങ്ങംകരി വാളംപറമ്പില്‍ റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ സേവ്യര്‍ വി. മാത്യുവിന്റേയും ചെക്കിടിക്കാട് കരിക്കംപള്ളില്‍ തങ്കമ്മയുടേയും മകളാണ് പാചകവിദഗ്ധയായ ഭാര്യ മോളി. മക്കള്‍: മെറിന്‍, റോസി (ഇരുവരും ദുബായ്), ജേക്കബ് കുര്യന്‍ (മറൈന്‍ ബിരുദ വിദ്യാര്‍ഥി, പൂന).

Saturday, August 27, 2011

മേഘയുടെ കവിതാസമാഹാരം പ്രകാശിപ്പിച്ചു

ത്തു വയസുകാരി മേഘയുടെ പ്രഥമ ഇംഗ്ലീഷ് കവിതാ സമാഹാരമായ 'ജിഗ്‌സോ ആന്‍ഡ് അദര്‍ പോയംസ്' പ്രകാശിപ്പിച്ചു. One Last Glance, Jigsaw, A Bollywood Movie തുടങ്ങി 23 കവിതകളാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ അഞ്ചാം ഗ്രേഡ് വിദ്യാര്‍ഥിനിയാണ് മേഘ. 2006-ല്‍ അഞ്ചു വയസുള്ളപ്പോള്‍ മുതല്‍ കവിതകളും ചെറുകഥകളും എഴുതിത്തുടങ്ങി. ആദ്യ കവിത 'മൈ ബ്രദര്‍ കെവെന്‍' ദോഹയിലെ ഇംഗ്ലീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസില്‍ പ്രസിദ്ധീകരിച്ചു. ദൂരക്കാഴ്ചകളോടു കൂടി ബാല്യജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും വിസ്മയങ്ങളും കണ്ടെത്തുകയാണ് കവിതകളിലൂടെ മേഘ.

ജോര്‍ജ് ജി. കരിക്കംപള്ളിലിന്റേയും (ജോയിച്ചന്‍) ആലപ്പുഴ എടയാടി മിലന്‍ തോമസിന്റേയും മകളാണ് മേഘ ജോര്‍ജ്. ജനനം 2001 ഏപ്രില്‍ എട്ട്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ജോര്‍ജ്, എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ കെ.എ.ജോര്‍ജിന്റെയും (വക്കച്ചന്‍) പാലാ ചേര്‍പ്പുങ്കല്‍ മങ്കര മറിയക്കുട്ടിയുടേയും നാലാമത്തെ പുത്രനാണ്. അധ്യാപികയാണ് മിലന്‍. ഖത്തറിലെ ദോഹയിലാണ് മേഘയും കുടുംബവും.

ആലപ്പുഴ ഹോട്ടല്‍ റോയല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ 2011 ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 9.15-നു സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ മന്ത്രി ജി.സുധാകരന്‍ എംഎല്‍എ പ്രകാശനം നിര്‍വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവൂം ബാലസാഹിത്യകാരനുമായ കല്ലേലി രാഘവന്‍പിള്ള ആദ്യപ്രതി ഏറ്റുവാങ്ങി. മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. സ്‌കറിയാ സക്കറിയ അധ്യക്ഷത വഹിച്ചു. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.അരവിന്ദാക്ഷന്‍, ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജ് ഫോര്‍ വിമന്‍ ഇംഗ്ലീഷ് അസോഷ്യേറ്റ് പ്രൊഫസറും പുസ്തകത്തിന്റെ അവതാരികാകാരിയുമായ ഡോ.സന്ധ്യാ പൈ, തൃശൂര്‍ മാനുവല്‍സണ്‍സ് മുന്‍ എംഡി പി.എം. തോമസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സിനിമാ സംവിധായകന്‍ ഫാസിലിന്റെ ആശംസാ സന്ദേശം വായിച്ചു.

ആലപ്പുഴയിലെ ലീപ് പബഌക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കവര്‍: ജയകുമാര്‍. ലേഔട്ട്: രാമനാഥന്‍. വില: 30.00 രൂപ.

പുസ്തക പ്രകാശനം സംബന്ധിച്ച് ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, August 23, 2011

മാത്യൂസും ഷെറിനും 'റൗണ്ട് ടേബിള്‍' ഉത്തമ ദമ്പതികള്‍

കൊച്ചിന്‍ ബാക്ക്‌വാട്ടര്‍ റൗണ്ട് ടേബിള്‍ 131, മാത്യൂസ് ജോസിനേയും ഷെറിന്‍ മാത്യൂസിനെയും ബെസ്റ്റ് കപ്പിളായി (ഉത്തമ ദമ്പതികള്‍) അംഗീകരിച്ചു. ചെയര്‍മാന്‍ 2010-11 തോമസ് ചാക്കോ ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.

വോഡക്‌സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (33/316 ബി 5, കോസേരില്‍ ബില്‍ഡിംഗ്‌സ്, അംബേദ്കര്‍ റോഡ്, വെണ്ണല, കൊച്ചി-682028, കേരളം, ഇന്ത്യ. വെബ്‌സൈറ്റ്: http://wodux.com) സിഇഒ ആണ് മാത്യൂസ്. മകള്‍ മിയ. ഫെഡറല്‍ ബാങ്ക് റിട്ടയേഡ് മാനേജര്‍ കൊഴുവനാല്‍ തെക്കേമുറി ജോസഫുകുഞ്ഞിന്റേയും എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ലില്ലിക്കുട്ടിയുടേയും മകനാണ് മാത്യൂസ്.

Sunday, August 14, 2011

പ്രകാശമാനമായ കവിതകളുമായി മെറിയം

പ്രകാശമാനമായ ഭാവി വരികളിലൊതുക്കിയ മികച്ച ഇംഗ്ലീഷ് കവിതകളുമായി മെറിയം ജോസഫ്. കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ ജോസഫ് ജോര്‍ജിന്റെ (ജോസുകുട്ടി) മകളാണ് പന്ത്രണ്ടുകാരിയായ മെറിയം.

കോട്ടയത്ത് 1999 ഓഗസ്റ്റ് 30-നു ജനനം. യുഎഇയിലും ഒമാനിലുമായിട്ടാണ് മെറിയത്തിന്റെ വിദ്യാഭ്യാസത്തിന്റെ തുടക്കം. ഫുജൈറ സെന്റ് മേരീസ് കാത്തലിക് സ്‌കൂള്‍, സലാല ഇന്ത്യന്‍ സ്‌കൂള്‍, ഷാര്‍ജ ഡിപിഎസ് എന്നിവിടങ്ങളില്‍ പഠിച്ചു. പിന്നെ കേരളത്തിലെത്തി കൊച്ചി ഇടപ്പള്ളി കാമ്പിയന്‍ സ്‌കൂളിലും. ഇപ്പോള്‍ കൊച്ചി കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബഌക് സ്‌കൂളില്‍ ഏഴാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനി. ജോര്‍ജി സഹോദരന്‍.

ഭാവി തലമുറയ്ക്കു വേണ്ടി പരിസ്ഥിതി സംരക്ഷിക്കണമെന്ന പ്രമാണവാക്യമാണ് മെറിയത്തിനുള്ളത്. ഒന്‍പതാം വയസില്‍ ഇംഗ്ലീഷില്‍ കവിതകളും കഥകളും എഴുതാന്‍ തുടങ്ങിയ മെറിയത്തിന്റെ കവിതകളുടെ പ്രചോദനം പ്രകൃതിയും സമൂഹവുമാണ്. എഴുതിയ പ്രധാന കവിതകള്‍ Into The Future I Take A Peep, Three Lazy Bulky Women, A Splendid Day, The River That Flows On and On, My Weird Friend, Naughty Brother, Christmas Is On Its Way, Rabbit on the Stage! ! ! !, It's Just in Your Mind തുടങ്ങിയവയാണ്. ഈ കവിതകള്‍ പോയംഹണ്ടര്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റില്‍ യുവ കവയിത്രികളില്‍ മുന്‍നിര സ്ഥാനം മെറിയത്തിനുണ്ട്. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കവിതകളും അവയെ വിലയിരുത്തിക്കൊണ്ടുള്ള കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കേരള സര്‍ക്കാര്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ കെ.എ.ജോര്‍ജിന്റെ (വക്കച്ചന്‍)-യും പാലാ ചേര്‍പ്പുങ്കല്‍ മങ്കര മറിയക്കുട്ടിയുടേയും മൂന്നാമത്തെ മകനാണ് ജോസുകുട്ടി. ഖത്തറിലെ ദോഹയില്‍ ജോലി ചെയ്യുന്നു. എഎംജിസിസി-ഖത്തര്‍ ഓപ്പറേഷന്‍സ് മാനേജര്‍. ഭാര്യ തുരുത്തി നേര്യംപറമ്പില്‍ കൊച്ചുറാണി.

Saturday, August 6, 2011

റീവ കൊച്ചി ടിടി സെമിഫൈനലില്‍

ഫാക്ട് സംഘടിപ്പിച്ച മുപ്പത്തിരണ്ടാമത്
ഡോ.പി.കെ.നാരായണസ്വാമി
മെമ്മോറിയല്‍ ഓള്‍
കേരള പ്രൈസ് മണി ടേബിള്‍
ടെന്നിസ് ടൂര്‍ണമെന്റ് -2011
മിനി കേഡറ്റ് ഗേള്‍സ് വിഭാഗത്തില്‍ ആലപ്പുഴയുടെ
റീവ അന്ന മൈക്കിള്‍ സെമിഫൈനലിലെത്തി.
ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ ഫാക്ട് അമ്പലമേട്
ക്ലബ് നേതൃത്വം നല്കിയ ടൂര്‍ണമെന്റ് അമ്പലമേട്
ക്ലബ് ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ്
ആറിനായിരുന്നു.
കേഡറ്റ് ഗേള്‍സ് വിഭാഗത്തിലും
റീവ പങ്കെടുത്തു.

ആലപ്പുഴ വൈഎംസിഎ ടേബിള്‍
ടെന്നിസ് അക്കാഡമിയില്‍ പരിശീലനം
നടത്തുന്ന റീവയുടെ കോച്ചുമാര്‍ ബോബി
ജോസഫ്, അരുണ്‍ എന്നിവരാണ്.