Saturday, February 18, 2012

സൗഹൃദം സുദൃഡമാക്കാന്‍ തയാറാകണം: റവ.ഡോ.കെ.സി.ജോര്‍ജ്

രേയും മാനസികമായോ ശാരീരികമായോ നൊമ്പരപ്പെടുത്തിയിട്ട് ജീവിതത്തില്‍ ഒന്നും നേടാനില്ലെന്നു റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെ.

2012 ഫെബ്രുവരി 18-ന് ശനിയാഴ്ച എടത്വ ചെക്കിടിക്കാട് തെക്കേത്തലക്കല്‍ വസതിയില്‍ സംഘടിപ്പിച്ചകരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ അഞ്ചാമതു കുടുംബസംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു റവ.ഡോ.കെ.സി.ജോര്‍ജ്.

പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍:

'കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേശു അരുളിച്ചെയ്തു. ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു. (മത്തായി 18:21-22)

പ്രിയപ്പെട്ടവരേ,

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബസംഗമത്തില്‍ എല്ലാവരേയും ഒരുമിച്ചു കാണാനിടയായതില്‍ അതിയായ സന്തോഷം തോന്നുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധവും സഹകരണവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ കുടുംബസംഗമം ഇടയാക്കും. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ മാറ്റിവയ്ക്കാനും സൗഹൃദം സുദൃഡമാക്കാനും കുടുംബാംഗങ്ങള്‍ എല്ലാവരും തയാറാകണം. ഇതിനായി ആത്മാവിന്റെ ശക്തി ഹൃദയത്തില്‍ ബലപ്പെടുത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.

പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന നമ്മള്‍ പൂര്‍വികരുടെ നല്ല ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയാറാകുകയാണ് വേണ്ടത്. അപ്പാപ്പന്‍ ശാന്തസ്വരൂപനായ മികച്ച കൃഷിക്കാരനും അമ്മച്ചി കാര്യപ്രാപ്തിയുള്ള ഉത്തമയായ കുടുംബിനിയുമായിരുന്നു. അവര്‍ എല്ലാവരേയും സ്‌നേഹിച്ചു. അല്പം ശബ്ദം ഉയര്‍ത്തി മക്കള്‍ സംസാരിച്ചാല്‍ പോലും 'എന്തിനാ ഈ ശബ്ദം ഉണ്ടാക്കുന്നത്' എന്നാണ് അപ്പാപ്പന്‍ ചോദിച്ചിരുന്നത്. വീട്ടുകാര്യങ്ങള്‍ അമ്മച്ചി വേണ്ടരീതിയില്‍ നടത്തി. ന്യായവും നീതിയും നടത്താന്‍ അവര്‍ രണ്ടുപേരും മുന്നിട്ടുനിന്നു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അക്കാലത്ത് അവര്‍ തയാറായിരുന്നു. അമ്മച്ചി തമിഴ് പഠിച്ചത് അതിന്റെ ഭാഗമായി കാണണം. മക്കളെ അവര്‍ ആത്മാര്‍ഥമായും സ്വാഭാവികമായും സ്‌നേഹിച്ചു. മക്കളോട് പക്ഷപാതപരമായി പെരുമാറിയില്ല. നല്ല ജീവിതരീതിയും പ്രാര്‍ഥനയും മൂലം അവര്‍ ഭാഗ്യം നിറഞ്ഞവരായി. അതു മക്കളിലൂടെ തുടരണം. കുടുംബത്തിന്റെ സമ്പന്നത പരസ്പരമുള്ള സഹായസഹകരണങ്ങളിലൂടെയാണ് വെളിപ്പെടുത്തേണ്ടത്. അതിനായുള്ള ദൈവപരിപാലനയ്ക്കായി പ്രാര്‍ഥിക്കാം.

കുടുംബത്തിലേക്കു വിവാഹം ചെയ്തെത്തിയ ചിറ്റമ്മമാരും ഭവനങ്ങളുടെ അഭിവൃദ്ധിക്കായി അക്ഷീണം പ്രവര്‍ത്തിച്ചു. ഭക്തിയിലും അവര്‍ മുന്‍പന്തിയിലായിരുന്നു. വിശുദ്ധയായ അല്‍ഫോന്‍സാമ്മയുമായി അടുത്ത് ഇടപഴകിയിട്ടുള്ള കാട്ടുങ്കല്‍ ചിറ്റമ്മയും വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കുടുംബത്തില്‍ നിന്നു വന്ന കളത്തില്‍ ചിറ്റമ്മയും ഉള്‍പ്പടെയുള്ള എല്ലാവരും അങ്ങനെ തന്നെയായിരുന്നു.

പ്രാര്‍ഥിച്ചും അദ്ധ്വാനിച്ചും പൂര്‍വികര്‍ നേടിയ സൗഭാഗ്യങ്ങള്‍ തലമുറകളിലേക്കു കൈമാറണമെങ്കില്‍ അത് കത്തോലിക്ക പുണ്യവഴികളിലൂടെ ആയിരിക്കണം. അരിശം മാറ്റി വച്ചും സ്‌നേഹം നിറച്ചും വേണം അതു സാധിക്കാന്‍. അക്കാര്യത്തിനു ആദ്യം വേണ്ടത് സഹിക്കാനും ക്ഷമിക്കാനുമുള്ള മനഃസ്ഥിതിയാണ്. ഏഴല്ല, ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കാനാകണമെന്നാണ് വിശുദ്ധ ബൈബിള്‍ പഠിപ്പിക്കുന്നത്. അതു പ്രായോഗികമാക്കാന്‍ സാധാരണക്കാരായ നമുക്കു ബുദ്ധിമുട്ടാണെങ്കിലും അതിനായി പരിശ്രമിക്കുക തന്നെ വേണം.

കാര്യങ്ങള്‍ മനസ്സിലാക്കാതെ പലപ്പോഴും നാം പലരോടും ക്ഷുഭിതരാകാറുണ്ട്. വാക്കുകള്‍ കൊണ്ട് കുത്തിനോവിക്കാറുണ്ട്. ചിലപ്പോള്‍ ഉപദ്രവിക്കാറുമുണ്ട്. പക്ഷേ സത്യം അറിയുന്ന നിമിഷമെങ്കിലും അത് തിരുത്താന്‍ ഒരുങ്ങുന്നതാണ് നല്ലത്. ഒരാളെ മാനസികമായോ ശാരീരികമായോ നൊമ്പരപ്പെടുത്തിയിട്ട് ജീവിതത്തില്‍ ഒന്നും നേടാനില്ല എന്ന സത്യം എപ്പോഴും നമ്മള്‍ മറന്നുപോകുകയാണ് പതിവ്.

സാമ്പത്തികമായി ക്‌ളേശങ്ങള്‍ ഉണ്ടായിരുന്നിട്ടും മക്കള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്കാന്‍ പഴയകാലത്ത് മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിദ്യാഭ്യാസത്തെ എല്ലാവരും ഫലപ്രദമായി വിനിയോഗിച്ചില്ല. നാല്പതുകളില്‍ നെല്ലിനു പറയ്ക്കു ഏഴു ചക്രവും നൂറു തേങ്ങയ്ക്ക് പത്തു രൂപയുമായിരുന്നു വില കിട്ടിയിരുന്നത് എന്നോര്‍ക്കണം. അക്കാലത്ത് കുട്ടനാട്ടില്‍ ജനിച്ചു പഠിച്ചു വളര്‍ന്നു വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ നിരയിലേക്ക് നമ്മള്‍ ഉയരാന്‍ ശ്രമിച്ചില്ല. ഇ.ജോണ്‍ ഫിലിപ്പോസ്, തകഴി ശിവശങ്കരപ്പിള്ള, കെ.എം.പണിക്കര്‍ എന്നിങ്ങനെ പലരും കുട്ടനാട്ടിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയവരാണ്.

ഇനിയുള്ള കാലങ്ങളിലെങ്കിലും തൊഴില്‍, സാമൂഹ്യ രംഗങ്ങളില്‍ മുന്‍നിരയിലെത്താന്‍ ആത്മാര്‍ഥമായ ശ്രമം വേണം. മെച്ചപ്പെട്ട ഉന്നതവിദ്യാഭ്യാസം നേടാതെ ഭാവി തലമുറയ്ക്ക് നിലനില്പ്പില്ല. അതിനായി പുതിയ വഴിത്താരകള്‍ കുഞ്ഞുങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ലോകത്ത് എവിടേയും ചെന്നു ജീവിക്കാന്‍ ഇംഗഌഷ് ഭാഷയും എല്ലാ കുഞ്ഞുങ്ങളും അടിസ്ഥാനപരമായി വശമാക്കണം.

കൂടുതല്‍ വിദ്യാഭ്യാസം നേടിയാല്‍ കൂടുതല്‍ ഉന്നതമായ നിലയില്‍ എത്താന്‍ സാധിക്കും. കഴിഞ്ഞതലമുറയില്‍ അതു വേണ്ടവിധം ചെയ്തിട്ടില്ല. ഭാവിയില്‍ അത് ആവര്‍ത്തിക്കരുത്. കേരളത്തില്‍ മാത്രമല്ല, വിവിധ വിദേശ രാജ്യങ്ങളിലും നമ്മുടെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ജോലിചെയ്തു ജീവിക്കുന്നുണ്ട്. അവര്‍ക്കു മെച്ചപ്പെട്ട സേവന, വേതന വ്യവസ്ഥകള്‍ ലഭ്യമാകാന്‍ ഉയര്‍ന്ന വിദ്യാഭ്യാസം അത്യാവശ്യമാണ്. ഇന്ത്യയ്ക്കു പുറത്തുപോയി സഭാസേവനം ചെയ്തവരുടെ കൂട്ടത്തില്‍ ഒരു വ്യാഴവട്ടത്തോളം ജര്‍മ്മനിയില്‍ ജോലി ചെയ്ത കുട്ടിയമ്മ സിസ്റ്ററേയും ഇപ്പോള്‍ അമേരിക്കയിലുള്ള സതീഷ് അച്ചനേയും മറ്റും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷം നമ്മുടെ കുടുംബത്തിലെ സ്‌നേഹംനിറഞ്ഞ പലരും നമ്മെ വിട്ടുപോയി. ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന തോമസ്മൂറച്ചന്റെ വേര്‍പാട് തീരാനഷ്ടമാണ്. ധ്യാനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു തോമസ് മൂറച്ചന്‍. ആലപ്പുഴയിലെ രണ്ടു കുടുംബനാഥന്മാരും നമ്മെ വിട്ടുപിരിഞ്ഞു. കൊച്ചുപ്പാപ്പനും ഈയോച്ചനും കഴിഞ്ഞ ഡിസംബറില്‍ രണ്ടാഴ്ചയിലെ ഇടവേളയിലാണ് മരിച്ചത്. കേരളത്തിനു വെളിയില്‍ പോയി ഉന്നതവിദ്യാഭ്യാസം നേടിയ ശേഷം അഭിഭാഷക രംഗത്ത് സത്യസന്ധതയോടെ പ്രവര്‍ത്തിച്ച കൊച്ചുപ്പാപ്പന്‍ നമ്മുടെ കുടുംബത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനുമായി എന്നും ആഗ്രഹിച്ചിരുന്നു. അതു തുടരാനും അതിനായി പരിശ്രമിക്കാനും നമുക്കു കടമയുണ്ട്. കഴക്കൂട്ടത്തെ ചിറ്റമ്മ, കാട്ടുങ്കലെ അപ്പച്ചനും ജോര്‍ജുകുട്ടിയും, വാണിയപ്പുരയ്ക്കലെ ചേച്ചി, തെക്കേച്ചിറയിലെ കുഞ്ഞമ്മ, വാളംപറമ്പിലെ നീതാമോള്‍ എന്നിവര്‍ നമ്മോടെല്ലാം പ്രകടിപ്പിച്ച ആത്മാര്‍ഥ സ്‌നേഹത്തേയും ഓര്‍ക്കുന്നു.

വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കുഞ്ഞുമോനും ലിന്‍സിക്കും സണ്ണിക്കും ആഷ്‌ലിക്കും ജോയിച്ചനും തങ്കമ്മയ്ക്കും മാത്തുക്കുട്ടിക്കും ആന്‍സമ്മയ്ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കുടുംബങ്ങളുടെ കെട്ടുറപ്പിനു സ്‌നേഹത്തിനൊപ്പം പൊരുത്തപ്പെടലുകള്‍ക്കും വലിയ പങ്കുണ്ടെന്നു മനസിലാക്കണം.

2009 ഡിസംബര്‍ 27-നു നടത്തിയ കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബസംഗമത്തില്‍ ഞാന്‍ സൂചിപ്പിച്ച പല കാര്യങ്ങളും ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ ഇനിയും ആത്മാര്‍ഥമായ ശ്രമം എല്ലാവരും നടത്തേണ്ടതുണ്ട്. കുടുംബത്തില്‍ സ്‌നേഹവും ക്ഷമയും ത്യാഗവും വേണമെന്നും സദാ ജീവന്‍ തുടിക്കുന്ന ഒരിടമാണ് കുടുംബമെന്നും എടുത്തുകാട്ടിയത് ഓര്‍ക്കുന്നു. കുടുംബം നിലവിലില്ലാത്ത ഒരവസ്ഥയെ ഭാവന ചെയ്യുന്നതു പോലും ക്ലേശകരമാണ്. മനുഷ്യന്റെ നിലനില്‍പ്പിനായി കുടുംബം അത്രമേല്‍ അവിഭാജ്യമാണ്.

കാര്‍ഷികഘടനയില്‍ കൂട്ടുകുടുംബത്തിന്റെ പൊതുസ്വത്ത് എല്ലാവര്‍ക്കുമായി വിനിയോഗിച്ചിരുന്നു. ഓരോരുത്തരും വ്യത്യസ്ഥമായ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതോടെ കൂട്ടുകുടുംബം ചിതറി അണുകുടുംബങ്ങളായി. പണവും സന്തോഷവും പങ്കുവയ്‌ക്കേണ്ടി വരുമോ എന്ന സ്വാര്‍ഥചിന്ത അണുകുടുംബങ്ങളെ ഒറ്റയ്ക്കു നില്ക്കാനും അവരിലേക്കു തന്നെ ഒതുങ്ങാനും പ്രേരിപ്പിച്ചു. അങ്ങനെ ഒരേ ഉദരത്തില്‍ നിന്നു ജനിച്ചവര്‍ക്കിടയില്‍ പോലും അകല്‍ച്ച പെരുകി. അത് ഒഴിവാക്കുക തന്നെ വേണം. ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ പരസ്പരം വേണ്ടവരാണെന്നും ഒന്നു ചേരേണ്ടവരാണെന്നും, നാം പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നോട്ടു പോകുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ യഥാര്‍ഥ സന്തോഷമുണ്ടാകൂ എന്നു മുന്‍പും ഞാന്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. അതിനായി സ്വാര്‍ഥത വെടിയണം. ജീവിതത്തില്‍ സന്തോഷം കണ്ടെത്തുവാന്‍ പണവും പദവിയും ഒരു പരിധി വരെ സഹായിച്ചേക്കാം. എന്നാല്‍ അവയൊന്നും യഥാര്‍ഥ സന്തോഷം നല്കണമെന്നില്ല. നമ്മുടെ ദുഃഖങ്ങള്‍ പ്രാര്‍ഥനയിലൂടെ ദൈവമുമ്പാകെ എത്തിച്ചാല്‍ അതുവഴി സമാധാനം ലഭ്യമാകും.

കുടുംബത്തിന്റെ ഭദ്രമായ നിലനില്പിനും ഐശ്വര്യത്തിനും ദൈവാനുഗ്രഹം കൂടിയേ തീരു. അതിനായി നിരന്തരം പ്രാര്‍ഥിക്കാം.

നന്ദി.'

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ അഞ്ചാമതു കുടുംബസംഗമം സംഘടിപ്പിച്ചു


രിക്കംപള്ളില്‍ നന്നാട്ടുമാലില്‍ അഞ്ചാമതു കുടുംബസംഗമം 2012 ഫെബ്രുവരി 18-ന് 
ശനിയാഴ്ച രാവിലെ 10 മുതല്‍ ചെക്കിടിക്കാട് തെക്കേത്തലക്കല്‍ മാത്തുക്കുട്ടിയുടെ വസതിയില്‍ സംഘടിപ്പിച്ചു. കുടുംബത്തിലെ നാലു ദമ്പതികളുടെ വിവാഹ രജത ജൂബിലിയും ഇതോടൊപ്പം ആഘോഷിച്ചു. റവ. ഡോ. കെ.സി.ജോര്‍ജ് എസ്‌ജെ അധ്യക്ഷത വഹിച്ചു. അമലഗിരി ബി.കെ.കോളജ് റിട്ടയേഡ് പ്രൊഫസര്‍ സിസ്റ്റര്‍ മേഴ്‌സി കാവാലം കുടുംബക്ലാസ് എടുത്തു.

2011-ല്‍ വിവാഹ രജത ജൂബിലി ആഘോഷിച്ച കുഞ്ഞുമോന്‍-ലിന്‍സി, സണ്ണി-ആഷ്‌ലി, ജോയിച്ചന്‍-തങ്കമ്മ, മാത്തുക്കുട്ടി-ആന്‍സമ്മ ദമ്പതികള്‍ക്ക് റവ.ഡോ.കെ.സി.ജോര്‍ജ് എസ്‌ജെയും പി.സി.മാത്യുവും മെമെന്റോകള്‍ സമ്മാനിച്ചു. അക്രിലിക്കില്‍ പ്രത്യേകം രൂപകല്പന ചെയ്ത അന്താരാഷ്ട്രനിലവാരത്തിലുള്ളതായിരുന്നു മെമെന്റോകള്‍. സംഗമത്തോടനുബന്ധിച്ചു ഗാനമേളയും സംഘടിപ്പിച്ചിരുന്നു.

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തോമയുടെ (അപ്പായന്‍ 1874-1946) മക്കളും കൊച്ചുമക്കളും അടങ്ങുന്നവരാണ് സംഗമം സംഘടിപ്പിച്ചത്.

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബസംഗമത്തെക്കുറിച്ചു മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ച വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

Monday, February 13, 2012

കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യ ഉടുപ്പുമായി കൊച്ചിയില്‍ 'ബേബി ലവ്'

കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളുമായി കൊച്ചിയില്‍ 'ബേബി ലവ്'. ജനിച്ചയുടനെ കുഞ്ഞുങ്ങളെ ധരിപ്പിക്കാനും പുതപ്പിക്കാനും പറ്റിയ മനോഹരവും മൃദുവായതുമായ ഉടുപ്പുകള്‍, ലിനന്‍, നാപ്കിന്‍, ഫഌനല്‍, വിരിപ്പുകള്‍, വായ്‌നീര്‍ത്തുണികള്‍ തുടങ്ങിയവയാണ് 'ബേബി ലവ്'-ല്‍ ലഭ്യമാകുന്നത്. വിവിധ മാതൃകകളില്‍ ഇവ തയാറാക്കി നല്കും. ആവശ്യാനുസരണം ലേസുകളും റിബണുകളും പൂക്കളും അലങ്കാരത്തിനായി തുണിയില്‍ വച്ചുപിടിപ്പിക്കും. ഹാന്‍ഡ് എംബ്രോയിഡറി ചെയ്യും. നിറവും പ്രിന്റും തുണിയും ആവശ്യക്കാര്‍ ഇഷ്ടാനുസരണം തെരെഞ്ഞെടുക്കുന്നതനുസരിച്ച്. സാറ്റിന്‍, കോട്ടണ്‍, ഫഌനല്‍ അങ്ങനെ എന്തുമാകാം. ഇന്ത്യയില്‍ എവിടേയ്ക്കും ഓര്‍ഡര്‍ അനുസരിച്ച് കൊറിയറില്‍ എത്തിക്കും. വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യും.


കുഞ്ഞുടുപ്പുകളുടെ ടെയ്‌ലറിംഗിലും എംബ്രോയിഡറയിലും മികവു തെളിയിച്ചിട്ടുള്ള കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബാംഗമായ ആഷ്‌ലിയും ( 'അബാന' ടേണ്‍ കീ ബില്‍ഡര്‍ പ്രൊമോട്ടര്‍ സണ്ണി ജേക്കബിന്റെ ഭാര്യ) മകള്‍ ഫാഷന്‍ ടെക്‌നോളജി മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയായ അക്കുവും ചേര്‍ന്നു ആരംഭിച്ചിട്ടുള്ള സംരംഭമാണ് 'ബേബി ലവ്'. ന്യൂ ബോണ്‍ ബേബികള്‍ക്കായുള്ള ഇത്തരമൊരു ഏര്‍പ്പാട് കൊച്ചിയില്‍ പുതുമയാണ്.

നേരിട്ടു കാണാന്‍ എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സമാധി റോഡിലെത്താം. കുടുതല്‍ വിവരങ്ങള്‍ക്കായി ആഷ്‌ലിയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാം: +91 9446360609. ഇ-മെയില്‍ അയക്കാം: babylovewithashi@gmail.com  ഫേസ്ബുക്കിലെ 'ബേബി ലവ്' പേജ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകയുമാകാം.

Friday, January 27, 2012

തോമസുകുട്ടിയുടേയും രാജമ്മയുടേയും നാല്പതാം വിവാഹ വാര്‍ഷികം

രിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തെക്കേച്ചിറ പി.വി.തോമസും (തോമസുകുട്ടി) കൂത്താട്ടുകുളം പാറപ്പുറത്ത് പുത്തന്‍പുരയില്‍ മേരി പി. അഗസ്റ്റിനും (രാജമ്മ) തമ്മില്‍ വിവാഹിതരായതിന്റെ നാല്പതാം വാര്‍ഷികം 2012 ജനുവരി 27-ന് ആഘോഷിച്ചു.

വക്കച്ചന്റേയും സ്രാമ്പിക്കല്‍ കുട്ടിയമ്മയുടേയും മൂത്ത പുത്രനായ തോമസുകുട്ടി എടത്വ സെന്റ് അലോഷ്യസ് സ്‌കൂള്‍, എഴുകോണ്‍ ഇരുമ്പനങ്ങാട്ട് എച്ച്.എസ്., തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം കേരള പോലീസ് സര്‍വീസില്‍ സബ് ഇന്‍സ്‌പെക്ടറായി പ്രവേശിച്ചു. വിശിഷ്ടസേവനത്തിന് 1990-ല്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ പോലീസ് മെഡലിന് അര്‍ഹനായി. 1998-ല്‍ ഐപിഎസില്‍ പ്രവേശിച്ചു. കേരള സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍, നിയമസഭ ചീഫ് മാര്‍ഷല്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചു.

മികച്ച കായികതാരമായിരുന്ന തോമസുകുട്ടി കേരള യൂണിവേഴ്‌സിറ്റി വോളിബോള്‍ ടീം ക്യാപ്റ്റനും അത്‌ലറ്റുമായിരുന്നു. കേരള പോലീസ് ടീമിലും കേരള സ്‌റ്റേറ്റ് ടീമിലും താരമായിരുന്നു. പോലീസ് വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനും മാനേജരുമായിരുന്നിട്ടുണ്ട്. രണ്ടു പ്രാവശ്യം പോലീസ് അത്‌ലറ്റിക് വ്യക്തിഗത ചാമ്പ്യനായിരുന്നു.

ഭാര്യ രാജമ്മ തിരുവനന്തപുരം തപാല്‍ വകുപ്പ് റിട്ടേണ്‍ഡ് ലറ്റര്‍ ഓഫീസില്‍ (ആര്‍.എല്‍.ഒ) അസിസ്റ്റന്റ് മാനേജരായി റിട്ടയര്‍ ചെയ്തു.

മക്കള്‍: വിനോദ് ജോര്‍ജ് തോമസ് (ഐസിഎസ്‌ഐ ബാങ്ക്, തിരുവനന്തപുരം), ഡോ. ലീമ റോസ് (വിനീത). മരുമക്കള്‍: പാമ്പാടി കടുപ്പില്‍ ആഷ, ചങ്ങനാശേരി നാലുകോടി കാഞ്ഞൂപ്പറമ്പില്‍ ഡോ.മനോജ്  (പുഞ്ചിരി ഡെന്റല്‍ ക്ലിനിക്, ചങ്ങനാശേരി) കൊച്ചുമക്കള്‍: സഞ്ജയ്, സോനു, സോന.

Thursday, January 26, 2012

റവ.ഡോ.കെ.സി.ജോര്‍ജിന്റെ വിദ്യാര്‍ഥിയായിരുന്ന ഡോ.പി.കെ.ഗോപാലിന് പത്മശ്രീ

ദ്രാസ് (ഇപ്പോള്‍ ചെന്നൈ) ലയോള കോളജില്‍ റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്‌ജെയുടെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റി്ല്‍ വിദ്യാര്‍ഥിയായിരുന്ന ഡോ.പി.കെ.ഗോപാലിന് (ജനനം 1941 മേയ് 13) പത്മശ്രീ. 1972-74 കാലഘട്ടത്തില്‍ ഗോപാല്‍ എംഎസ്ഡബ്‌ള്യു വിദ്യാര്‍ഥിയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് സോഷ്യല്‍ വര്‍ക്കിനാണ് ഗോപാലിന് 2012-ലെ 77 പത്മശ്രീ അവാര്‍ഡുകളിലൊന്നിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡുകളാണ് പത്മ അവാര്‍ഡുകള്‍. എല്ലാ വര്‍ഷവും റിപ്പബഌക് ദിനത്തിനു തലേ ദിവസം കേന്ദ്ര ആഭ്യന്തര വകുപ്പാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. 63-ാം റിപ്പബഌക് ദിനമായ 2012 ജനുവരി 26-ന്റെ തലേന്നാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. രാഷ്ടപതി ഭവനില്‍ മാര്‍ച്ച്/ഏപ്രിലില്‍ ഇന്ത്യന്‍ പ്രസിഡന്റ് അവാര്‍ഡുകള്‍ നല്കും.

ഫീനിക്‌സ് പക്ഷിയെപ്പോലുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ് ഡോ.പി.കെ.ഗോപാലിന്റേത്. പത്തൊന്‍പതാം വയസില്‍ കുഷ്ഠരോഗം കണ്ടെത്തിയെങ്കിലും അതില്‍ ഭയപ്പെടാതെ സ്വന്തം സ്വപ്‌നങ്ങളുമായി മുന്നോട്ടുപോയി. പന്ത്രണ്ടാം വയസില്‍ ശരീരത്ത് രോഗത്തിന്റെ പാടുകള്‍ കണ്ടിരുന്നുവെങ്കിലും അതു തിരിച്ചറിഞ്ഞിരുന്നില്ല. കോളജില്‍ പഠിക്കുമ്പോഴാണ് രോഗനിര്‍ണയം നടത്തിയത്. തുടര്‍ന്നു സര്‍ക്കാര്‍ കുഷ്ഠരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കിടന്നാണ് പഠിച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞു ഡിസ്ചാര്‍ജു ചെയ്തപ്പോള്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദം സമ്പാദിച്ചിരുന്നു.

കുഷ്ഠരോഗബാധിതര്‍ക്കു വേണ്ടി നാലു പതിറ്റാണ്ടിലേറെ കാലമായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ എഴുപത്തിയൊന്നാം വയസ്സില്‍ സാമൂഹ്യസേവന രംഗത്ത് കുഷ്ഠരോഗ ബാധിതരുടെ രക്ഷകനായി ഡോ.ഗോപാല്‍ മാറിക്കഴിഞ്ഞു. വിവാഹിതന്‍, ഒരു മകള്‍.

ചികിത്സിച്ചു മാറ്റാവുന്നതാണ് കുഷ്ഠരോഗമെന്നു ആള്‍ക്കാരെ ഡോ.ഗോപാല്‍ ഓര്‍മ്മിപ്പിക്കുന്നു. മരുന്നുകള്‍ സ്വതന്ത്രമായി ലഭ്യമാണ്. രോഗികളോടു സമൂഹം വിവേചനം കാട്ടുന്നത് അവസാനിപ്പിക്കണമെന്നും ഗോപാല്‍ അഭ്യര്‍ഥിക്കുന്നു.

ഈറോഡില്‍ 1941-ലാണ് നെയ്ത്തുകാരുടെ കുടുംബത്തില്‍ ഗോപാലിന്റെ ജനനം. കലൈമഗള്‍ കല്‍വി നിലയത്തിലും സെന്‍ഗുതര്‍ ഹൈസ്‌കൂളിനും സ്‌കൂള്‍ പഠനം. ഈറോഡിലെ സി.എന്‍.മഹാജന കോളജില്‍ നിന്നു എക്കണോമിക്‌സില്‍ ബിരുദം. 1969-ല്‍ കുംഭകോണം സേക്രഡ് ഹാര്‍ട്ട് ലെപ്രസി സെന്ററില്‍ സാമൂഹ്യ പ്രവര്‍ത്തകനായി ജോലി. തുടര്‍ന്നാണ് ലയോള കോളജില്‍ ചേര്‍ന്ന് സോഷ്യല്‍ വര്‍ക്കില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടുന്നത്. പിന്നീട് കുംഭകോണം ലെപ്രസി ഹോസ്പിറ്റലില്‍ റീഹാബിലിറ്റേഷന്‍ ഓഫീസര്‍. 1972-ല്‍ കുഷ്ഠരോഗാശുപത്രിയില്‍ ആദ്യമായി സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചു. ആശുപത്രിയിലെ ഇത്തരമൊരു വകുപ്പ് യോഗ്യതയുള്ള വ്യക്തി നടത്തുന്നത് രാജ്യത്ത് ആദ്യമായായിരുന്നു. 1994-ല്‍ റാഞ്ചി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റീഹാബിലിറ്റേഷനില്‍ പിഎച്ച്ഡി ഡിഗ്രി കരസ്ഥമാക്കി.

ഡോ. ഗോപാലിന്റെ പ്രവര്‍ത്തന ഫലമായി കുഷ്ഠരോഗ ബാധിതരെ തുണയ്ക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഐഡിയ (ഇന്റഗ്രേഷന്‍, ഡിഗ്നിറ്റി ആന്‍ഡ് ഇക്കണോമിക് അഡ്‌വാന്‍സ്‌മെന്റ്) ബ്രസീലില്‍ ആരംഭിച്ചു. നിലവില്‍ ഐഡിയ ഇന്ത്യയുടെ പ്രസിഡന്റ്. രാജ്യത്തെ കുഷ്ഠരോഗ ബാധിതര്‍ക്കു ചെയ്യുന്ന നിസ്വാര്‍ഥ സേവനങ്ങളെ പരിഗണിച്ച് ടോക്കിയോയില്‍ നിന്ന് ഫെസ്‌കോ (ഫൗണ്ടേഷന്‍ ഫോര്‍ ദി എന്‍കറേജ്‌മെന്റ് ഓഫ് സോഷ്യല്‍ കോണ്‍ട്രിബ്യൂഷന്‍) അവാര്‍ഡ് ലഭിച്ചു. ജപ്പാന്‍ കേന്ദ്രമായുള്ള നിപ്പോണ്‍ ഫൗണ്ടേഷനില്‍ നിന്ന് പത്തു ലക്ഷം യെന്നിന്റെ കാഷ് പ്രൈസായിരുന്നു അത്. കുഷ്ഠരോഗ ബാധിതരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലിയെക്കൊണ്ട് പാസ്സാക്കിക്കാന്‍ നിപ്പോണ്‍ ഫൗണ്ടേഷനിലൂടെ ഡോ.ഗോപാലിനു സാധിച്ചു.

ഡോ. പി.കെ ഗോപാലിന്റെ വിശദമായ ബയോഡേറ്റ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കരിക്കംപള്ളില്‍ ഫാമിലി ബ്ലോഗിന്റെ ആശംസകളോടെ. 

Saturday, January 21, 2012

ഒരിക്കലും മരിക്കാത്തവര്‍, ഒരിക്കലും മറക്കാനാകാത്തവര്‍

താണ് ഉറച്ച ക്രൈസ്തവ വിശ്വാസം. 'യേശു ക്രിസ്തുവില്‍ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും മരിക്കുന്നില്ല.'

ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയിലെ കരിക്കംപള്ളില്‍ കുടുംബ കല്ലറയ്ക്കു മുകളില്‍ രേഖപ്പെടുത്തേണ്ട ബൈബിള്‍ വചനം തെരഞ്ഞെടുക്കേണ്ടി വന്നപ്പോള്‍ കരിക്കംപള്ളില്‍ കാട്ടുങ്കല്‍ കെ.ജെ.ചാക്കോയും (ചങ്ങനാശേരി) ഭാര്യ തങ്കമ്മയും ചേര്‍ന്നാണ് അതു കണ്ടെത്തിയത്. ചെറുതും എന്നാല്‍ അര്‍ഥപൂര്‍ണവുമായ വാക്യമായിരുന്നു ഇംഗ്ലീഷില്‍ വേണ്ടിയിരുന്നത്.

യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായം ഇരുപത്തിയാറാം വാക്യം അവര്‍ എടുത്തുകാട്ടി. Those who live and believe in Jesus Christ shall never die. John 11:26. അതു ഏറെ ഉചിതമാണെന്നു കുടുംബാംഗങ്ങള്‍ക്കു മനസ്സിലാകുകയും ചെയ്തു.

കോണ്‍ട്രാക്ടര്‍ സി.പി.ജോര്‍ജുകുട്ടിയുടെ നിര്‍ദേശത്തില്‍ മൂപ്പന്‍ തങ്കച്ചന്റെ നേതൃത്വത്തില്‍ ഓര്‍മ്മ നിലനിര്‍ത്താനായി നിര്‍മ്മിച്ച ലളിതമായ കല്ലറയുടെ മുകളിലെ കറുത്ത ഗാലക്‌സി ഗ്രാനൈറ്റില്‍ ആര്‍ട്ടിസ്റ്റ് ഷാജി ആ വാചകം കൊത്തിവച്ചു. സെമിത്തേരി സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം ഉറച്ച ആത്മവിശ്വാസം നല്കുന്ന വിശുദ്ധ ബൈബിള്‍ വചനമാണത്.

പരേതനായ അഡ്വ.കെ.റ്റി.മത്തായിയുടെ ഓര്‍മ്മദിനം ആചരിച്ച 2012 ജനുവരി 21-നു ശനിയാഴ്ചയാണ് ബൈബിള്‍ വാക്യം രേഖപ്പെടുത്തിയ കരിങ്കല്‍ പാളി അനാച്ഛാദനം ചെയ്തത്. പളളി, സെമിത്തേരി, പാരിഷ് ഹാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ ദിവ്യബലി, ഒപ്പീസ്, മന്ത്ര എന്നിവയ്ക്ക് സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ് കുറിഞ്ഞിക്കാട്ട് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

'കര്‍ത്താവിന്റെ അനുഗ്രഹങ്ങളെ ഞാന്‍ നിത്യമായി പാടും. അളവറ്റ കൃപാധിക്യത്താല്‍ സകലത്തേയും സൃഷ്ടിക്കുകയും പിതൃപക്ഷത്തോടെ സകലത്തേയും പരിപാലിക്കുകയും ചെയ്യുന്ന ത്രിതൈ്വക സര്‍വേശ്വരനു സര്‍വഥാ സ്തുതി പാടുവാന്‍ കടം.'- ക.നി.മൂ.സ.ബ. യൗസേപ്പ് ഗ്രിഗോറിയോസ് കരിക്കംപള്ളില്‍ സിഎംഐ (1861 - 1926)

-ടിഎംകെ

Sunday, January 15, 2012

ഫാ.ജയിംസ് തെക്കേത്തലയുടെ പത്താം ചരമ വാര്‍ഷികം ആചരിച്ചു

സാങ്കേതിക വിദ്യാഭ്യാസ, പത്രപ്രവര്‍ത്തന രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്കിയിട്ടുള്ള ഫാ.ജയിംസ് തെക്കേത്തല സിഎംഐയുടെ പത്താം ചരമ വാര്‍ഷികം 2012 ജനുവരി 15-ന് തെക്കേത്തലയ്ക്കല്‍-കരിക്കംപള്ളില്‍ കുടുംബാംഗങ്ങള്‍ ആചരിച്ചു.

തെക്കേത്തലയ്ക്കല്‍ ചാക്കോച്ചന്റേയും ഏലിക്കുട്ടിയുടെയും നാലാമത്തെ പുത്രനായ ചാച്ചന്‍ എന്നു വിളിച്ചിരുന്ന ഫാ. ജയിംസ് 1936 ഏപ്രില്‍ നാലിനാണ് ജനിച്ചത്. സഹോദരങ്ങള്‍: കുട്ടപ്പന്‍, മറിയാമ്മ, തോമ്മാച്ചി, ദേവസ്യാച്ചന്‍, തെയ്യാമ്മ, അന്തോനിക്കുട്ടി, റോസമ്മ, അന്നമ്മ. 1953 ജൂണില്‍ സിഎംഐ സഭയില്‍ ചേര്‍ന്നു. 1955 ഡിസംബര്‍ എട്ടിനു ഒന്നാമത്തെ വ്രതവാഗ്ദാനം.1958 ഡിസംബര്‍ എട്ടിനു നിത്യവ്രതവാഗ്ദാനം. 1962 മേയില്‍ പൗരോഹിത്യം സ്വീകരിച്ചു.

മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പാസായി. കര്‍മ്മെലകുസുമം മാസിക ചീഫ് എഡിറ്റര്‍, ആന്ധ്രാ പ്രദേശിലെ ഈനാട് തെലുങ്ക് ദിനപത്രത്തിന്റെ സാങ്കേതിക ഉപദേഷ്ടാവ്, ദീപിക മലയാളം ദിനപത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. ഒന്‍പതു വര്‍ഷം ദീപികയില്‍ പ്രവര്‍ത്തിച്ചു. ബാംഗളൂര്‍ ധര്‍മാരാം കോളജ് അഡ്മിനിസ്‌ട്രേറ്റര്‍, മാന്നാനം സെന്റ് ജോസഫ്‌സ് പ്രസ് മാനേജര്‍, ചെത്തിപ്പുഴ തിരുഹൃദയ ആശ്രമം പ്രിയോര്‍, പള്ളി വികാരി തുടങ്ങിയ സ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചു. ചെത്തിപ്പുഴ കാര്‍മ്മെല്‍ ടെക്‌നോക്രാഫ്റ്റ് ട്രെയിനിംഗ് സെന്റര്‍ സ്ഥാപകനാണ്. സെന്ററിന്റെ ഡയറക്ടറായിരിക്കെ 2012 ജനുവരി 15-നു അന്തരിച്ചു. ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്.

സാങ്കേതിക വിദ്യാഭ്യാസത്തില്‍ തത്പരരായ യുവതീയുവാക്കള്‍ക്ക് മികച്ച പരിശീലനവും മാര്‍ഗനിര്‍ദേശവും നല്കുന്നതിനു ഫാ. ജയിംസ് സാങ്കേതി പ്രാവീണ്യം പ്രയോജനപ്പെടുത്തി. അംഗവൈകല്യമുള്ളവര്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ചു. വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തി സാങ്കേതിക മികവുകള്‍ നേരിട്ടു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.