Wednesday, June 30, 2010

സിബിക്ക്‌ യുസിപ്‌ അവാര്‍ഡ്‌


ന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ്‌ കാത്തലിക്‌ പ്രസിന്റെ (യുസിപ്‌) ത്രൈവാര്‍ഷിക അവാര്‍ഡ്‌ മലയാള മനോരമ (തിരുവനന്തപുരം) അസിസ്‌റ്റന്റ്‌ എഡിറ്റര്‍ ജോര്‍ജ്‌ തോമസ്‌ (സിബി കാട്ടാമ്പള്ളി) നേടി. 'തീരത്തെ നരകങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മല്‍സ്യത്തൊഴിലാളി സ്‌ത്രീകളുടെ പീഡനപര്‍വം വെളിച്ചത്തു കൊണ്ടുവന്ന ലേഖനപരമ്പരയ്‌ക്കാണ്‌ വിമന്‍സ്‌ ഇഷ്യൂസ്‌ അവാര്‍ഡ്‌. 2010 സെപ്‌റ്റംബറില്‍ ബുര്‍ക്കിന ഫാസോയിലെ ഔഡാഡൗഗോയില്‍ ചേരുന്ന വേള്‍ഡ്‌ കോണ്‍ഗ്രസില്‍ അവാര്‍ഡ്‌ സമ്മാനിക്കും.

പരേതരായ
കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തൊമ്മിക്കുഞ്ഞിന്റേയും (കെ.സി.തോമസ്‌, ഇന്‍കംടാക്‌സ്‌ ഓഫീസര്‍) ഗ്രേസിക്കുട്ടിയുടേയും മകനാണ്‌ സിബി. റാണിയാണ്‌ ഭാര്യ. അമ്മുവും ടോണിയും മക്കള്‍. ജയിംസ്‌കുട്ടി, വത്സമ്മ, കുഞ്ഞുമോന്‍, കുസുമം, ജോമിച്ചന്‍ എന്നിവര്‍ സഹോദരങ്ങള്‍.

International Journalism Awards 2010 of Union Catholique Internationale de la Presse -UCIP (International Catholic Union of the Press) including International Award for Women Issues to George Thomas will be conferred at the World Congress to be held at Ouagadougou, Burkina Faso, in September 2010.

George Thomas, Also Knows As Siby Kattampally, has more than 25 years experience as a journalist in India and abroad, for which he has received numerous awards for excellence. He was a John S. Knight Fellow at Stanford University, an accredited correspondent to the US presidential election in 1992, and reported from Washington on the India-US nuclear negotiations in 2006. Siby currently works as Assistant editor at Malayala Manorama Daily (Thiruvanamthapuram) and regularly writes for the empowerment of marginalised and underprivileged communities. He also serves as executive secretary of the Kerala Press Foundation and the NGO Green Earth Movement, and is also involved with drama presentation having directed two short films. An inherited field helps to cultivate his farming interests through organic rice farming in his native village, Chekkidikkadu, Edathua.

Tuesday, June 29, 2010

അളക്കാതെയും തൂക്കാതെയും എണ്ണാതെയും


നീതിമാന്മാര്‍ വിശപ്പ്‌ അനുഭവിക്കാന്‍ കര്‍ത്താവ്‌ അനുവദിക്കുകയില്ല. (സുഭാഷിതങ്ങള്‍ 10:3)

മ്മള്‍ കുടുംബയോഗം ചേരുന്ന വേളയില്‍ അപ്പാപ്പന്റേയും (ചാക്കോ തോമ്മ 1872 - 1946) അമ്മച്ചിയുടേയും (മറിയാമ്മ 1874 - 1946) ജീവിതത്തിലേക്കു ആദ്യം കടന്നുപോകേണ്ടതുണ്ട്‌.

ബാല്യകാലത്തു തന്നെ അപ്പാപ്പന്‍ ജോലി ചെയ്‌തു തുടങ്ങിയിരുന്നുവെന്നത്‌ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്‌. പൂര്‍വികര്‍ ചെയ്‌തിരുന്ന കൃഷിപ്പണി അപ്പാപ്പനും തൊഴിലായി സ്വീകരിച്ച്‌ പിന്തുടര്‍ന്നു. കൃഷിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു അപ്പാപ്പന്‍ നിന്നിരുന്നത്‌. അനുകമ്പയും നീതിബോധവും മനുഷ്യസ്‌നേഹവും അപ്പാപ്പനില്‍ നിറഞ്ഞിരുന്നു. അളക്കാതെയും തൂക്കാതെയും എണ്ണാതെയും അപ്പാപ്പന്‍ കൊടുത്തത്‌ അനേകമിരട്ടിയായി ദൈവം തിരികെ നല്‌കി. ദൈവം നല്‌കിയ ഉത്തമ വ്യക്തിപ്രഭാവവും നല്ല പ്രതിച്ഛായയും കുടുംബത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ അപ്പാപ്പന്‍ ഉപയോഗിച്ചു. സാമൂഹ്യവും മതപരവുമായ കാര്യങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ അപ്പാപ്പനുണ്ടായിരുന്നു. പുരോഹിതരും കന്യാസ്‌ത്രീകളും ഉള്‍പ്പടെയുള്ള അതിഥികളെ ബഹുമാനിക്കുന്നതിലും അവരെ സ്വീകരിച്ച്‌ സല്‍ക്കരിക്കുന്നതിലും അതീവ താത്‌പര്യമാണ്‌ അപ്പാപ്പന്‍ കാണിച്ചിരുന്നത്‌. അപ്പാപ്പന്റെ ജീവിതം എല്ലാതരത്തിലും വിജയമായിരുന്നു എന്നു പറയാം. ജീവിതത്തിനിടയിലുണ്ടായ പ്രതിസന്ധികളില്‍ പലതും ദൈവസഹായത്താല്‍ തരണം ചെയ്‌തതുകൊണ്ടാണ്‌ കുടുംബം കെട്ടുറപ്പോടെ നിലകൊണ്ടത്‌.

അമ്മച്ചിയാകട്ടെ സ്‌നേഹവതിയും സല്‍ക്കാരപ്രിയയും ത്യാഗശീലയുമായിരുന്നു. മക്കളെ വളര്‍ത്തി വലുതാക്കുന്നതില്‍ അമ്മച്ചി വഹിച്ച പങ്ക്‌ ചെറുതല്ല. മലയാളം കൂടാതെ തമിഴും വശമായിരുന്ന അമ്മച്ചി അടുക്കളത്തോട്ടവും പരിപാലിച്ചിരുന്നു. മക്കളേയും മരുമക്കളേയും വലിയ സ്‌നേഹത്തില്‍ കണ്ടിരുന്ന അമ്മച്ചി ഉത്തമമായ വീട്ടുഭരണമാണ്‌ നടത്തിയിരുന്നത്‌.

അപ്പാപ്പനും അമ്മച്ചിയും മരിച്ചതും ഏതാനും മാസങ്ങളുടെ വ്യത്യാസത്തിലാണ്‌. 1946 ഫെബ്രുവരി 23-ന്‌ അപ്പാപ്പന്‍ മരിച്ചു. അമ്മച്ചി മേയ്‌ 11-നും മരിച്ചു. അവരുടെ ജീവിതത്തിലുടനീളം ദൈവപരിപാലനയുടെ ഘടകങ്ങള്‍ പ്രകടമായി കാണാം. അപ്പാപ്പനും അമ്മച്ചിയും അവരുടെ സുഖദുഃഖങ്ങളില്‍ ഒന്നു പോലെ പങ്കുചേര്‍ന്നാണ്‌ ജീവിച്ചിരുന്നത്‌. അവരുടെ പരസ്‌പരമുള്ള സ്‌നേഹവും മക്കളോടുള്ള കരുതലും നമ്മുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം മാതൃകയാക്കാവുന്നതാണ്‌. ആത്മീയവും ലൗകികവുമായി ജീവിതത്തില്‍ പാലിക്കേണ്ട ചിട്ടകള്‍ അവര്‍ സ്വന്തം പ്രവൃത്തികളിലൂടെയാണ്‌ മക്കള്‍ക്കു കാണിച്ചുകൊടുത്തത്‌.

നുഷ്യന്റെ കണ്ടുപിടിത്തങ്ങളില്‍ ഏറ്റവും ശ്രേഷ്‌ഠം കുടുംബമാണെന്ന്‌ സാമൂഹികശാസ്‌ത്രജ്ഞന്മാരില്‍ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. കുടുംബം സഭയുടെ അടിസ്ഥാന ഘടകവുമാണ്‌. സാമൂഹിക ഘടനയിലെ ഏറ്റവും ചെറിയ ഘടകമാണ്‌ കുടുംബം. ഇതിന്റെ പെരുക്കങ്ങളാണ്‌ മറ്റുള്ളതെല്ലാം. വ്യക്തിയുടെ ഏറ്റവും തീവ്രവും ഇഴയടുപ്പമുള്ളതുമായ പാരസ്‌പര്യം സാര്‍ത്ഥകമാകുന്നത്‌ കുടുംബത്തിനുള്ളിലാണ്‌. കുഞ്ഞുങ്ങളുടെ സര്‍വോത്തമമായ വളര്‍ച്ചയ്‌ക്കുള്ള ഇടവും കുടുംബം തന്നെ.

ഒരു ജൈവഘടനയാണ്‌ കുടുംബത്തിന്റേത്‌. സദാ ജീവന്‍ തുടിക്കുന്ന ഒരിടം. ഉള്‍ച്ചേര്‍ന്നിരിക്കുന്ന വ്യക്തികളുടെ ആന്തരികതയെ ഏറ്റവും അഗാധമായി സ്‌പര്‍ശിക്കുന്ന ജൈവരൂപം. സ്‌നേഹവും ക്ഷമയും ത്യാഗവും അതിന്റെ ഏറ്റവും ആര്‍ദ്രമായ തനിമയോടെ സന്നിഹിതമായിരിക്കുന്ന ഒരു പരസ്‌പരസഹകരണ രംഗം. മനുഷ്യന്റെ ഉജ്ജ്വലവും ഉദാത്തവുമായ ഈടുവയ്‌പ്പുകളിലെല്ലാം കുടുംബത്തിന്റെ സംഭാവനയുണ്ട്‌. കുടുംബം നിലവിലില്ലാത്ത ഒരവസ്ഥയെ ഭാവന ചെയ്യുന്നത്‌ പോലും
ക്ലേശകരമാണ്‌. സവിശേഷമായ ഈ അടിസ്ഥാന സാമൂഹിക ഘടകം മനുഷ്യന്റെ നിലനില്‍പ്പുമായി അത്രമേല്‍ അവിഭാജ്യമായി തീര്‍ന്നിരിക്കുന്നു.

എന്നാല്‍ കുടുംബമെന്ന സ്ഥാപനം എല്ലാവശങ്ങളില്‍ നിന്നും വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലമാണ്‌ കടന്നു പോകുന്നത്‌. കേരളീയ സമൂഹത്തില്‍ കൂട്ടുകുടുംബങ്ങള്‍ വിഘടിച്ച്‌ രൂപപ്പെട്ട അണുകുടുംബങ്ങള്‍ക്ക്‌ ക്രമേണ പ്രതിരോധശക്തി കുറഞ്ഞുവരികയാണെന്ന്‌ സമൂഹിക ചിന്തകര്‍ കുറച്ചുകാലമായി സൂചിപ്പിച്ചുവരുന്നു. കാര്‍ഷികവ്യവസ്ഥയില്‍ നിന്നു കാര്‍ഷിക-വ്യവസായിക അവസ്ഥയിലേക്ക്‌ സമൂഹം നീങ്ങിയത്‌ കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയെ അനിവാര്യമാക്കി. പകരം രൂപപ്പെട്ട അണുകുടുംബം ഒരോരുത്തരും ജോലിചെയ്‌ത്‌ കുടുംബം പോറ്റുന്ന നവസമ്പ്രദായത്തിന്‌ ഇണങ്ങിയതാണെങ്കിലും കൂട്ടുകുടുംബങ്ങളില്‍ നിലവിലിരുന്ന സുരക്ഷിതബോധം നിലനിര്‍ത്താന്‍ അതിനായില്ല.

കാര്‍ഷികഘടനയില്‍ കൂട്ടുകുടുംബത്തിന്റെ പൊതുസ്വത്ത്‌ എല്ലാവര്‍ക്കുമായി വിനിയോഗിക്കപ്പെടുകയായിരുന്നു. ഏറിയും കുറഞ്ഞുമാണെങ്കിലും കൂട്ടുകുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഒരുതരം സാമ്പത്തിക സമത്വം നിലനിന്നിരുന്നു. ജീവസന്ധാരണത്തിനായി ഓരോരുത്തരും വ്യത്യസ്ഥങ്ങളായ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതോടെ കൂട്ടുകുടുംബം ചിതറി രൂപപ്പെട്ട അണുകുടുംബങ്ങള്‍ ഓരോന്നും വ്യത്യസ്‌ത സാമ്പത്തിക നില ഉള്ളവയായി പരിണമിച്ചു. പ്രാരാബ്ധങ്ങളും പണവും പങ്കുവയ്‌ക്കുന്നതിലേക്ക്‌ നയിക്കുമോ എന്ന സ്വാര്‍ത്ഥചിന്ത അണുകുടുംബങ്ങളെ ഒറ്റയ്‌ക്ക്‌ നില്‍ക്കാനും സുഖസന്തോഷങ്ങള്‍ അതിനുള്ളില്‍ത്തന്നെ തേടാനും പ്രേരിപ്പിച്ചു. അങ്ങനെയാണ്‌ ഒരേഉദരത്തില്‍ നിന്നു ജനിച്ചവര്‍ക്കിടയില്‍പ്പോലും അകല്‍ച്ചയുടെ കളകള്‍ പെരുകി വന്നത്‌.

ജീവിത സാഹചര്യം സാമ്പത്തികമായി എത്ര മെച്ചപ്പെട്ടതാണെങ്കിലും ജീവിതത്തില്‍ ഉയരാനും അഭിവൃദ്ധി നേടാനും ഉയര്‍ന്ന വിദ്യാഭ്യാസം നേടേണ്ടതുണ്ട്‌. ആധുനിക കാലഘട്ടത്തില്‍ എല്ലാ മേഖലകളും മത്സരത്തിന്റെ വേദിയായിരിക്കുന്ന സ്ഥിതിക്ക്‌ വിവിധവിഷയങ്ങളില്‍ വിദ്യാഭ്യാസം അത്യാവശ്യമായിരിക്കുകയാണ്‌. വിദ്യാഭ്യാസത്തിന്റെ കാര്യം പറയുമ്പോള്‍ ഇംഗ്ലീഷ്‌ ഭാഷയില്‍ അവഗാഹം നേടേണ്ടത്‌ ഒഴിച്ചുകൂടാനാകാത്ത ഒരു കാര്യമാണ്‌. ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും ഇംഗ്ലീഷ്‌ ഭാഷ വശമുണ്ടെങ്കില്‍ പിടിച്ചു നില്‌ക്കാം എന്നതാണ്‌ വസ്‌തുത. അതിനാല്‍ കുടുംബാംഗങ്ങള്‍ എല്ലാം തന്നെ ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ മുന്തിയ മുന്‍ഗണന നല്‌കണം. പ്രോത്സാഹനം കിട്ടാത്തതുകൊണ്ടും മാര്‍ഗനിര്‍ദേശങ്ങള്‍ കിട്ടാതിരുന്നതിനാലും മുന്‍കാലത്ത്‌ പലര്‍ക്കും വിദ്യാഭ്യാസ കാര്യത്തില്‍ മുന്‍പോട്ടു പോകാനായിട്ടില്ല. അങ്ങനെയൊരു സാഹചര്യം ഇനി ഉണ്ടായിക്കൂടാ. ഇനിയുള്ള കാലത്ത്‌ നല്ല വിദ്യാഭ്യാസമില്ലാതെ സമൂഹത്തില്‍ സാമ്പത്തികമായും ഉയരാനാകില്ല. കുട്ടനാട്ടില്‍ മാത്രമല്ല നമ്മള്‍ ജീവിക്കേണ്ടത്‌. ലോകത്തിന്റെ നാനാദിക്കിലേക്കും നമുക്കു പോകേണ്ടതുണ്ട്‌.

കുടുംബത്തിന്റെ ഭദ്രമായ നിലനില്‌പിനും ഐശ്വര്യത്തിനും ദൈവാനുഗ്രഹം കൂടിയേതീരൂ. കുടുംബത്തിലുള്ള വൈദികര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും വേണ്ടി കുടുംബാംഗങ്ങളുടെ നിരന്തരമായ പ്രാര്‍ഥന ഉണ്ടായിരിക്കണം. ദൈവവിളി പൂര്‍ണതയിലെത്തണമെങ്കില്‍ സമൂഹത്തിന്റെ പ്രാര്‍ഥനാപൂര്‍വവും ത്യാഗനിര്‍ഭരവുമായ പ്രവൃത്തികള്‍ കുടെ ആവശ്യമാണ്‌. കുടുംബത്തിലെ ആദ്യ പുരോഹിതനായിരുന്ന റവ.ഫാ. ഗ്രിഗോറിയോസ്‌ (1861 - 1926) തുടങ്ങിയുള്ള ബഹുമാന്യരെ ഈ സമയം സ്‌മരിക്കുന്നു.

രേ കുടുംബത്തില്‍പ്പെട്ട നാം പരസ്‌പരം വേണ്ടപ്പെട്ടവരാണെന്നും ഒന്നുചേരേണ്ടവരാണെന്നും, നാം പരസ്‌പരം സഹായിച്ചും സഹകരിച്ചും മുന്നോട്ടു പോകുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ യഥാര്‍ഥ സന്തോഷമുണ്ടാകൂ എന്നും എപ്പോഴും ഓര്‍ക്കേണ്ടതാണ്‌. അതുപോലെ മറ്റുള്ളവര്‍ക്കു നമ്മെക്കൊണ്ട്‌ ആവശ്യമുണ്ടെന്നും മനസിലാക്കണം. അവരെ സഹായിക്കുന്നതു വഴിയാണു നമ്മുടെ ജീവിതത്തിനു നാം അര്‍ഥം കണ്ടെത്തേണ്ടത്‌. ജീവിതത്തില്‍ സന്തോഷം കണ്ടെത്തുവാന്‍ പണവും പദവിയുമൊക്കെ ഒരു പരിധിവരെ സഹായിച്ചേക്കാം. എന്നാല്‍ ഇവയൊന്നും യഥാര്‍ഥ സന്തോഷം നല്‌കുകയില്ലെന്നതാണ്‌ വസ്‌തുത. സ്വന്തം സുഖവും താത്‌പര്യവും സംരക്ഷിക്കുക വഴി ജീവിതത്തില്‍ സന്തോഷം കണ്ടെത്തുവാന്‍ സാധിക്കുമെന്നു പലപ്പോഴും കരുതാറുണ്ട്‌. പക്ഷേ, ഇവയും നമുക്കു യഥാര്‍ഥ സന്തോഷം നേടിത്തരുകയില്ല.

നമ്മുടെ ജീവിതത്തില്‍ യഥാര്‍ഥ സുഖവും സന്തോഷവും ഉണ്ടാകണമെങ്കില്‍ നാം നമ്മില്‍നിന്നു പുറത്തുകടന്നേ മതിയാകൂ. അതുപോലെ നമ്മുടെ ശ്രദ്ധ നമ്മില്‍നിന്നും മറ്റാളുകളിലേക്കു തിരിയുകയും വേണം. നമ്മുടെ അസ്‌തിത്വം മറ്റുള്ളവര്‍ക്ക്‌ ആനന്ദദായകമാകുന്ന അവസ്ഥ നാം സൃഷ്‌ടിക്കണം. അതുപോലെ, നമ്മുടെ സാന്നിധ്യം മറ്റുള്ളവരുടെ സന്തോഷത്തിനും സംതൃപ്‌തിക്കും വഴിതെളിക്കണം. അങ്ങനെ ചെയ്‌താല്‍ നമ്മുടെ ജീവിതത്തിന്‌ അര്‍ഥം നാം കണ്ടെത്തും. അതുവഴി നമ്മുടെ ജീവിതത്തില്‍ സന്തോഷവും നമുക്ക്‌ അനുഭവവേദ്യമാകും.

മറ്റുള്ളവര്‍ക്കു നമ്മെക്കൊണ്ട്‌ എപ്പോഴും ആവശ്യമുണ്ട്‌ എന്ന ചിന്തയോടെ ജീവിക്കാനും പ്രവര്‍ത്തിക്കാനും സാധിച്ചാല്‍ അതു നമ്മുടെ ജിവിതസന്തോഷം ഉറപ്പുവരുത്തും എന്നതില്‍ സംശയം വേണ്ട. നമ്മുടെ ജീവിത സാഹചര്യങ്ങള്‍ പരിമിതമായിരിക്കാം. മറ്റുള്ളവരുടെ നന്മയ്‌ക്കുവേണ്ടി ഒട്ടധികമൊന്നും ചെയ്യുവാനുള്ള കഴിവും നമുക്കില്ലായിരിക്കാം. എന്നിരുന്നാലും മറ്റുള്ളവര്‍ക്കുവേണ്ടിക്കൂടി മിടിക്കുന്ന ഹൃദയമാണു നമ്മുടേതെങ്കില്‍ നമ്മുടെ ജീവിതത്തില്‍ സന്തോഷമുണ്ടാകും എന്നതില്‍ സംശയം വേണ്ട.

രോരോ കാരണങ്ങളാല്‍ ജീവിതത്തില്‍ ഒട്ടേറെ ദുഃഖങ്ങള്‍ അനുഭവിക്കുന്നവരാണു നമ്മള്‍. എന്നാല്‍, പ്രാര്‍ഥനയിലൂടെ നമ്മുടെ ദുഃഖങ്ങള്‍ ദൈവത്തിന്റെ സന്നിധിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കണം. നമ്മുടെ ദുഃഖങ്ങള്‍ക്കു ദൈവത്തിന്റെ സാന്ത്വനമാണ്‌ നാം തേടേണ്ടത്‌. നമുക്കു ദുഃഖങ്ങളുണ്ടാകുമ്പോള്‍ അവയെല്ലാം ഉടനേ മാറ്റിത്തരണമെന്നായിരിക്കും പലപ്പോഴും നാം പ്രാര്‍ഥിക്കുന്നത്‌. ആ ദുഃഖങ്ങള്‍ക്കു ശമനമുണ്ടാകാതെവരുമ്പോള്‍ നാം അസ്വസ്ഥരാകാന്‍ തുടങ്ങിയെന്നിരിക്കും. അതോടുകൂടി നമുക്കുണ്ടായിരുന്ന മനഃസമാധാനംപോലും നഷ്‌ടപ്പെടാനാണു സാധ്യത.

ദുഃഖങ്ങളുണ്ടാകുമ്പോള്‍ അവ പ്രാര്‍ഥനയിലൂടെ ദൈവത്തിന്റെ മുമ്പാകെ എത്തിക്കുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. അങ്ങനെ ചെയ്യുവാന്‍ നമുക്കു സാധിച്ചാല്‍ ഏതു ദുഃഖവും താങ്ങുന്നതിനു നമുക്കു ശക്തി ലഭിക്കും എന്നതാണു വസ്‌തുത. പ്രാര്‍ഥനയിലൂടെ ദൈവവുമായി ബന്ധപ്പെടുവാന്‍ സാധിക്കുമെന്നും അറിഞ്ഞിരിക്കേണ്ടതാണ്‌.

നമ്മുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്‌ടാകുമ്പോള്‍ മാത്രമല്ല പ്രാര്‍ഥിക്കേണ്ടത്‌. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണു പ്രാര്‍ഥിക്കുന്നതെങ്കില്‍ നമ്മുടെ പ്രാര്‍ഥന തീര്‍ത്തും അര്‍ഥരഹിതമാണ്‌. നമ്മുടെ സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം പ്രാര്‍ഥനയിലൂടെ ദൈവസന്നിധിയില്‍ കൊണ്ടുവരുവാന്‍ നമുക്കു സാധിക്കണം. അങ്ങനെ ചെയ്‌താല്‍ നമ്മുടെ പ്രാര്‍ഥനയുടെ ഫലം അദ്‌ഭുതാവഹമായിരിക്കും.

നമ്മുടെ ദുഃഖങ്ങള്‍ പ്രാര്‍ഥനയിലൂടെ ദൈവമുമ്പാകെ കൊണ്ടുവന്നാല്‍ അതുവഴി ലഭിക്കുന്ന ആത്മസമാധാനം വലുതായിരിക്കും. അതുപോലെതന്നെ, നമ്മുടെ സന്തോഷങ്ങള്‍ പ്രാര്‍ഥനയിലൂടെ ദൈവസന്നിധിയില്‍ എത്തിച്ചാല്‍ നമ്മുടെ ജീവിതസന്തോഷം ഇരട്ടിക്കുകയും ചെയ്യും. ദൈവത്തില്‍നിന്നു ലഭിക്കുന്ന നന്മകള്‍ മറ്റുള്ളവരുമായി പങ്കുവയ്‌ക്കകയും വേണം.

പ്രാര്‍ഥനയോടൊപ്പം ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതിന്റെയും അത്യാവശ്യം എടുത്തു പറയത്തക്കതാണ്‌. കുര്‍ബാനയിലും ധ്യാനങ്ങളിലും ഭക്തിയോടെ പങ്കുചേരണം. കുടുംബപ്രാര്‍ഥന മുടങ്ങാതെ നടത്തണം.

പ്രശ്‌നങ്ങളില്ലാത്ത വീടുകളില്ല. പ്രശ്‌നങ്ങളെ എങ്ങനെ നേരിടുന്നു അഥവാ തരണം ചെയ്യുന്നു എന്നതാണ്‌ പ്രധാനം. അവയെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളാണ്‌ തേടേണ്ടത്‌. കുടുംബങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉടലെടുക്കാം. കുടുംബാംഗങ്ങള്‍ തമ്മിലുള്ളതും വ്യക്തിപരവുമായിട്ടുള്ളതുമായ പ്രശ്‌നങ്ങള്‍ രമ്യവും ഫലപ്രദവുമായി പരിഹരിച്ച്‌ സ്‌നേഹം നിലനിര്‍ത്താന്‍ ഒരു സംവിധാനം ഉണ്ടാകുന്നത്‌ നല്ലതായിരിക്കുമെന്നു തോന്നുന്നു. അത്‌ എങ്ങനെ വേണമെന്ന്‌ ചര്‍ച്ചയിലൂടെ കണ്ടെത്തണം. ഇക്കാര്യത്തില്‍ തീരുമാനമുണ്ടായാല്‍ ആ ഏര്‍പ്പാടിനോട്‌ എല്ലാവരും സഹകരിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.

നിസാരമായ കാര്യങ്ങളോ വാക്കുകളോ ആയിരിക്കാം വന്‍ പിണക്കത്തിലേക്കും വാശിയിലേക്കും നയിക്കുന്നത്‌. അനാവശ്യമായി ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ഒന്നു സംസാരിച്ചാല്‍ തീരുവാനുള്ളതേ കാണൂ. അതു വച്ചുതാമസിപ്പിക്കാതെ പറഞ്ഞു തീര്‍ക്കണം. ആവശ്യമുള്ളവര്‍ക്ക്‌ ധ്യാനമോ കൗണ്‍സലിങ്ങോ ഏര്‍പ്പാടു ചെയ്യണം. നല്ല സെമിനാറുകളില്‍ പങ്കുകൊള്ളണം. കുടുംബാംഗങ്ങള്‍ക്കിടയില്‍ അമിത മദ്യാസക്തി, ക്രൈസ്‌തവ വിശ്വാസത്തില്‍ നിന്നുള്ള അകല്‍ച്ച എന്നിവയുണ്ടെങ്കില്‍ അവയേയും ഗൗരവതരമായി കാണണം.

കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും സാമൂഹിക ബന്ധങ്ങളുടെ ദൃഢതയും ഈശ്വരവിശ്വാസം പ്രത്യാശാപൂര്‍ണമാക്കിയ ജീവിതാവബോധവും ആയിരിക്കണം ജീവിതത്തെ പ്രകാശമാനവും ആകര്‍ഷണീയവുമാക്കി ബലപ്പെടുത്തേണ്ടത്‌. കുടുംബനാഥനെ കേന്ദ്രീകരിച്ചുകൊണ്ടാണ്‌ ദൈവം തന്റെ രക്ഷാകര ചരിത്രം മുമ്പോട്ട്‌ നയിക്കുന്നത്‌. അതുകൊണ്ട്‌ ഒരു പിതാവെന്ന നിലയില്‍ കുടുംബനാഥന്മാര്‍ക്ക്‌ ഗൗരവമായ ഉത്തരവാദിത്വങ്ങള്‍ കുടുംബത്തിലും സഭയിലും നിര്‍വഹിക്കാനുണ്ട്‌. കുടുംബാംഗങ്ങള്‍ അച്ചടക്കത്തോടെ കുടുംബനാഥന്റെ വാക്കുകള്‍ക്ക്‌ വില കല്‌പ്പിക്കുകയും വേണം. കുടുംബാംഗങ്ങള്‍ ഒന്നുചേരുന്നതിന്റെ ശക്തിയും സന്തോഷവും നമുക്ക്‌ എന്നും നിലനിര്‍ത്താം.

(കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബസംഗമത്തില്‍ റവ.ഡോ.കെ.സി.ജോര്‍ജ്‌ കരിക്കംപള്ളില്‍ എസ്‌.ജെ. 2009 ഡിസംബര്‍ 27 ഞായറാഴ്‌ച ചെയ്‌ത പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍)