Sunday, March 11, 2012

ജോണ്‍ ജേക്കബിന്റെ 'ജീവിതം ഒരു ആഘോഷം'

ജോണ്‍ ജേക്കബ് നന്നാട്ടുമാലില്‍ എഴുതിയ 'Life is a celebration' (ജീവിതം ഒരു ആഘോഷം) യാത്രക്കുറിപ്പുകള്‍ക്കും ഫോട്ടോകള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക. കോയമ്പത്തൂര്‍ കാരുണ്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠിച്ച ജോണ്‍ ഇപ്പോള്‍ ബംഗളൂരു ഓറക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലാണ് ജോലി ചെയ്യുന്നത്.

ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ഗോവ, മനാലി, ഹൈദരാബാദ്, മൈസൂര്‍ തുടങ്ങിയ ഇന്ത്യന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നടത്തിയ യാത്രകളുടെ ഇംഗ്ലീഷ് വിവരണങ്ങള്‍ വായിക്കാം. ക്ലിക്ക്: http://johnjacobchacko.wordpress.com 

Friday, March 9, 2012

മതസൗഹാര്‍ദത്തിന് കരിക്കംപള്ളില്‍ കുടുംബം എന്നും മുന്നില്‍

  • അമ്പലപ്പുഴയില്‍ കിടങ്ങ് കോരിച്ചത് പെരുമാള്‍ ചാക്കോ
  • അമ്പലപ്പുഴ ക്ഷേത്രോത്സവത്തിന് പുല്പായും അവലും
തസൗഹാര്‍ദത്തിന് തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബം നൂറ്റാണ്ടുകള്‍ മുന്‍പേ മാതൃക കാട്ടിയിരുന്നു. ഹിന്ദുക്കളോടുള്ള എടത്വ ചെക്കിടിക്കാട് പ്രദേശത്തുണ്ടായിരുന്ന ക്രൈസ്തവ കുടുംബാംഗങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പ്രശസ്ത സാഹിത്യകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ള സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ മുസ്ലീംകളോടും സ്‌നേഹബന്ധം പുലര്‍ത്തിയിരുന്നു. എടത്വ, പച്ച, ചെക്കിടിക്കാട്, കേളമംഗലം, കുന്നുമ്മ, തകഴി, അമ്പലപ്പുഴ പ്രദേശത്തുള്ള നാനാജാതി മതസ്ഥര്‍ ഇപ്പോഴും ഐക്യത്തോടെയാണ് പെരുമാറി വരുന്നത്.

തെക്കേത്തലയ്ക്കല്‍ പെരുമാള്‍ മാപ്പിളയുടെ മകനായ പെരുമാള്‍ ചാക്കോയുടെ ബുദ്ധിസാമര്‍ഥ്യവും കീര്‍ത്തിയും പ്രദേശവാസികള്‍ എടുത്തുപറഞ്ഞിരുന്നു. എല്ലാവര്‍ക്കും പ്രിയങ്കരനുമായിരുന്നു. അമ്പലപ്പുഴയില്‍ കിടങ്ങ് (വാട) കോരിച്ചതും പല പ്രധാനപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ നടപ്പാക്കിയതും ചാക്കോയുടെ നേതൃത്വത്തിലും പ്രയത്‌നത്തിലുമായിരുന്നു. തുടര്‍ന്നു ചാക്കോയ്ക്കും സന്തതിക്കും രാജാവ് ചില സ്ഥാനമഹിമകള്‍ കല്പിച്ചു നല്കി.

ക്രൈസ്തവരായ കരിക്കംപള്ളില്‍ കുടുംബാംഗങ്ങളില്‍ ആരെങ്കിലും അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനു ചെല്ലുമ്പോള്‍ പുല്പായും അഞ്ഞാഴി (അഞ്ചു നാഴി അഥവാ ഒന്നേകാല്‍ ഇടങ്ങഴി) അവലും കാലാകാലത്തോളം കൊടുത്തു ബഹുമാനിച്ചുകൊള്ളണമെന്നു ചെമ്പകശേരി രാജാവ് പ്രമാണം വച്ചിരുന്നത് മതസൗഹാര്‍ദത്തിന്റെ ഉദാഹരണമായി എടുത്തുകാട്ടാം. അങ്ങനെ നടന്നു വന്നിരുന്നതുമാണ്. കാലക്രമേണ അതു ഇല്ലാതായി. അമ്പലത്തിലെ വലിയ ഉത്സവത്തിന് രാജ്യത്തിലെ പ്രമാണികളൊക്കെ കൂടുന്നതായതിനാലായിരുന്നു അങ്ങനൊരു ബഹുമാനം.

മുന്‍പു രാജഭരണകാലത്ത് പ്രധാനികള്‍ക്കു രാജാക്കന്മാര്‍ കല്പിച്ചു നല്കിയിരുന്ന സ്ഥാനമഹിമകളില്‍ ഒന്നിലും കുടുംബക്കാരെ ഒഴിവാക്കിയിട്ടില്ല. കുടുംബത്തിലെ പതിനൊന്നു തലമുറയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രധാന ഉത്സവത്തിന് ഇന്ന് (2012 മാര്‍ച്ച് ഒന്‍പത്) കൊടിയേറും. ഉത്സവദിവസങ്ങളില്‍ വേലകളിയുണ്ട്. 17-ന് പ്രസിദ്ധമായ നാടകശാല സദ്യ. 18-ന് ആറാട്ടോടെ ഉത്സവം സമാപിക്കും. പഴയ നാട്ടുരാജാവായിരുന്ന ചെമ്പകശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ ക്രിസ്തുവര്‍ഷം 1545-ലാണ് (കൊല്ലവര്‍ഷം 720) അമ്പലപ്പുഴയില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്.