Sunday, February 20, 2011

കത്ത് എത്താന്‍ 'കരിക്കംപള്ളില്‍' മതി!

ന്ത്യന്‍ തപാല്‍ വകുപ്പിനെ ജനം ഇപ്പോഴും ഇഷ്ടപ്പെടുന്നത് ഇതുകൊണ്ടും കൂടിയാണ്. മേല്‍വിലാസത്തില്‍ തിരിച്ചറിയാന്‍ വീട്ടുപേരു മാത്രം മതി. കത്ത് വഴിതെറ്റാതെയെത്തും. കത്ത് ഏത് ഓണംകേറാമൂലയില്‍ പോലും കൃത്യമായി എത്തിക്കാനാണ് തപാല്‍ വകുപ്പ് ശ്രമിക്കുന്നത്. കുറിയര്‍ കമ്പനികള്‍ക്കാണെങ്കില്‍ കത്തില്‍ വീട്ടുനമ്പരും വഴിനമ്പരും ഇലക്ട്രിക് പോസ്റ്റ് നമ്പരും ഫോണ്‍ നമ്പരും എല്ലാം ഉണ്ടെങ്കില്‍ മാത്രമേ എത്തൂ. അല്ലെങ്കില്‍ അത് വന്ന വഴിക്കു തന്നെ തിരിച്ചു പോകും!

മുംബൈയില്‍ നിന്നു ആലപ്പുഴ കരിക്കംപള്ളിലേക്കയച്ച ഒരു കത്തില്‍ സ്ഥലപ്പേരോ പോസ്റ്റ് ഓഫീസിന്റെ പേരോ പിന്‍കോഡോ ഇല്ലായിരുന്നു. എന്നിട്ടും 2011 ഫെബ്രുവരി 11-ന് പോസ്റ്റ് ചെയ്ത കത്ത് സംസ്ഥാനങ്ങള്‍ കടന്ന് 16-ന് എത്തി.

'സീറോ ഗ്രാവിറ്റി' വിദ്യാര്‍ഥികളുടെയിടയില്‍ ഹിറ്റ്


ന്ന സണ്ണിയുടെ 'സീറോ ഗ്രാവിറ്റി വിത്ത് അന്ന സണ്ണി' എന്ന ബ്ലോഗ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹിറ്റായി മാറുന്നു.

എറണാകുളം ഇടപ്പള്ളി പഴുവക്കളം സണ്ണി പാലസ് സണ്ണി ജേക്കബിന്റേയും കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ആഷ്‌ലിയുടേയും മകളാണ് അന്ന (അക്കു). സ്‌കൂള്‍ വിദ്യാഭ്യാസം കൊച്ചി കാമ്പിയനിലും ചിന്മയാ വിദ്യാലയത്തിലും. എക്കണോമിക്‌സില്‍ ബിരുദം ചെന്നൈ സ്‌റ്റെല്ലാ മാരിസ് കോളജില്‍ നിന്ന്. കടലാസ് മടക്കി വിവിധ രൂപങ്ങളുണ്ടാക്കുന്ന ജാപ്പനീസ് പരമ്പരാഗത കലയായ ഒറിഗാമിയില്‍ വിദഗ്ധ പരിശീലനം. ജെയ്ക്ക് (അച്ചു) സഹോദരന്‍.

ബ്ലോഗ് വായിക്കാന്‍ ക്ലിക്ക് ചെയ്യുക: http://zerogravitywithannasunny.blogspot.com


Thursday, February 17, 2011

കെട്ടുറപ്പ് ഒത്തൊരുമയിലൂടെ

കെട്ടുറപ്പ് ഒത്തൊരുമയിലൂടെ എന്ന ലക്ഷ്യത്തിനായി കരിക്കംപള്ളില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വിശേഷങ്ങള്‍, അറിയിപ്പുകള്‍, ചിന്തകള്‍, ഫോട്ടോകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്ന http://karikkampallilfamily.blogspot.com -ലേക്കുള്ള വിവരങ്ങള്‍ karikkampallilfamily@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കുക. കുടുംബാംഗങ്ങളുടെ മേല്‍വിലാസവും ഇ-മെയില്‍ ഐഡിയും അയച്ചു തരുക.: ടീം കരിക്കംപള്ളില്‍ ഫാമിലി ബ്ലോഗ്.

Sunday, February 13, 2011

ആഘോഷപൂര്‍വം ലൂര്‍ദുമാതാവിന്റെ തിരുനാള്‍


ച്ച-ചെക്കിടിക്കാട് ലൂര്‍ദുമാതാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ലൂര്‍ദുമാതാവിന്റെ തിരുനാള്‍ ആഘോഷപൂര്‍വം നടത്തപ്പെട്ടു. തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് ആയിരങ്ങളാണ് ലൂര്‍ദുമാതാവിന്റെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിച്ചത്. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ജേക്കബ് ചാക്കോ (ബേബിച്ചന്‍)-യായിരുന്നു തിരുനാള്‍ പ്രസുദേന്തി.

2011 ഫെബ്രുവരി 10-ന് വ്യാഴാഴ്ച വൈകുന്നേരം നാലിന് കൊടിയേറ്റി തിരുനാള്‍ ആരംഭിച്ചു. 11-ന് ദിവ്യകാരുണ്യ ആരാധനാദിനം. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് വികാരി ജനറാള്‍ ഫാ.ജോസഫ് നടുവിലേഴം നേതൃത്വം നല്കി. 12-ന് ജപമാലദിനത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന മലങ്കര റീത്തില്‍ മാവേലിക്കര രൂപതാ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമര്‍പ്പിച്ചു. 13-ന് ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ തക്കല രൂപതാ ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരില്‍ തിരുനാള്‍ സന്ദേശം നല്കി. തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ.സിബി ചെത്തിക്കളം കാര്‍മികത്വം വഹിച്ചു. വൈകുന്നേരം നാലിന് കൊടിയിറക്കി.

വികാരി ഫാ. സഖറിയാസ് കാഞ്ഞൂപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ.മാര്‍ട്ടിന്‍ കുരിശുങ്കല്‍, കൈക്കാരന്മാരായ സി.ജെ.ചെറിയാന്‍ ചെത്തിക്കളം, മത്തായി ശൗര്യാര്‍ കൊച്ചുപറമ്പ് തുടങ്ങിയവര്‍ തിരുനാളിന് നേതൃത്വം നല്കി. തിരുനാളിനു മുന്നോടിയായി 2011 ജനുവരി 23 ഞായറാഴ്ച മുതല്‍ 26 വരെ കുടുംബനവീകരണ വാര്‍ഷികധ്യാനവും നടത്തിയിരുന്നു.

തിരുനാള്‍ പ്രദക്ഷിണത്തിന്റെ വീഡിയോ കാണാം. റിയല്‍ പ്ലയര്‍. 40 സെക്കന്‍ഡ്. (വീഡിയോ: റിച്ച)

Saturday, February 12, 2011

സിസ്റ്റര്‍ ജോര്‍ജിറ്റ സുവര്‍ണ ജൂബിലി ആഘോഷിച്ചു


സിസ്റ്റര്‍ ജോര്‍ജിറ്റ കരിക്കംപള്ളില്‍ എസ് ഡി (കുട്ടിയമ്മ) സന്യസ്ത സുവര്‍ണ ജൂബിലി (1961-2011) ആഘോഷിച്ചു.

പച്ച-ചെക്കിടിക്കാട് ലൂര്‍ദുമാതാ ദേവായത്തില്‍ 2011 ഫെബ്രുവരി 12-ന് ശനിയാഴ്ച രാവിലെ 10.30-ന് കൃതജ്ഞതാ ദിവ്യബലിക്കു ശേഷം കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ജേക്കബ് ചാക്കോ (ബേബിച്ചന്‍)-യുടെ വസതിയില്‍ അനുമോദന സമ്മേളനം ചേര്‍ന്നു.

കരിക്കംപള്ളില്‍ ചാക്കോച്ചന്റേയും (അത്തായി) അച്ചാമ്മ വേലങ്കളത്തിന്റേയും മകളാണ് സിസ്റ്റര്‍ ജോര്‍ജിറ്റ. സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി, പരേതനായ തൊമ്മിക്കുഞ്ഞ്, പരേതനായ ചാച്ചന്‍, പരേതനായ ഔസക്കുട്ടി, ദേവസ്യാച്ചന്‍, റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ് ജെ (വക്കമ്മ), മത്തമ്മ, തങ്കമ്മ വാളംപറമ്പില്‍.

സിസ്‌റ്റേഴ്‌സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ട് (എസ്.ഡി / അഗതികളുടെ സഹോദരിമാര്‍) എന്ന സന്യാസസമൂഹത്തില്‍ 1959 ജനുവരി 15-നാണ് സിസ്റ്റര്‍ ജോര്‍ജിറ്റ ചേര്‍ന്നത്. 1961 ജനുവരി ഏഴിന് വ്രതസമര്‍പ്പണം നടത്തി. ചൊവ്വരയിലാണ് ജനറലേറ്റ്. പ്രൊവിഷനലേറ്റ് ചങ്ങനാശേരി ചെത്തിപ്പുഴയും. സഭയുടെ സുപ്പീരിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1964 സെപ്റ്റംബര്‍ ഒന്നിന് ജര്‍മനിയിലേക്ക് പോയി. അവിടെ സഭയുടെ ആദ്യ മഠം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. 1975-ല്‍ തിരിച്ചെത്തി കേരളത്തില്‍ ചാലക്കുടി കറുകുറ്റി മേലൂര്‍, മധ്യപ്രദേശിലെ സത്‌ന, തമിഴ്‌നാട്ടിലെ വെല്ലൂര്‍, മദ്രാസ് സാംതോം, കന്യാകുമാരി മാര്‍ത്താണ്ഡം മൂഞ്ചിറ, കര്‍ണാടകയിലെ ഹുസൂര്‍, കേരളത്തിലെ മങ്കൊമ്പ് നസ്രത്ത് തെക്കേക്കര തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പാലാ മേവിട മഠത്തില്‍.

പ്രായമായവര്‍ക്കുവേണ്ടിയുള്ള ഭവനങ്ങള്‍, മാനസികനില തെറ്റിയവര്‍ക്കായുള്ള ഭവനങ്ങള്‍ തുടങ്ങിയയിടങ്ങളിലാണ് സിസ്റ്റര്‍ ജോര്‍ജിറ്റ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.


അനുമോദന സമ്മേളന വേദി കാണാം.



Friday, February 11, 2011

ബാംഗളൂരുവില്‍ തലാസ മുന്‍നിരയിലേക്ക്


ബാംഗളൂരുവിലെ ബൂട്ടിക് സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മെന്റ്‌സായ തലാസ സ്വീറ്റ്‌സ് മികച്ച ലക്ഷ്വറി ബിസിനസ് സ്വീറ്റുകളുടെ മുന്‍നിരയിലേക്ക്. കര്‍ണാടക ബാംഗളൂരു കരിക്കംപള്ളില്‍ മാസ്റ്റര്‍ മറൈനര്‍ ക്യാപ്. തോമസ് ദേവസ്യയുടെ സംരംഭകത്വത്തിലാണ് തലാസ സ്വീറ്റ്‌സിന്റെ പ്രവര്‍ത്തനം.

ഗ്രീക്ക് പുരാവൃത്തജ്ഞാനത്തില്‍ തലാസ അനാദിയായ സമുദ്രദേവതയാണ്. 'കടലില്‍ നിന്ന്' എന്നും തലാസയ്ക്ക് അര്‍ഥമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളാണ് മുറികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഹന്‍ഡ്രഡ് ഫീറ്റ് റിംഗ് റോഡില്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനില്‍ നിന്ന് ജയനഗറിലേക്കുള്ള ദിശയില്‍ ഏകദേശം 200 മീറ്റര്‍ മാറിയാണ് തലാസ സ്വീറ്റ്‌സ് സ്ഥിതിചെയ്യുന്നത്. ചെലവേറിയ ഹോട്ടല്‍വാസത്തിനു പകരമാണിത്. നഗരം സന്ദര്‍ശിക്കുന്നവര്‍ക്ക് എളുപ്പം ഇവിടെയെത്താം.

എയര്‍കണ്ടീഷന്‍ഡും വൃത്തിയുള്ളതും വിശാലവുമായ ആഡംബരമേറിയ മുറികളാണ് തലാസ സ്വീറ്റ്‌സിലുള്ളത്. പൂര്‍ണസജ്ജമാക്കിയ ചെറുഅടുക്കള തലാസയുടെ പ്രത്യേകതയാണ്. കൂടാതെ ബിസിനസ് സെന്ററും കോണ്‍ഫറന്‍സ് റൂമും പേഴ്‌സണല്‍ ഓഫീസ് സ്‌പേസുമുണ്ട്.

വൈ-ഫൈ എനേബിള്‍ഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി, കേബിള്‍ ടെലിവിഷന്‍, ജനറേറ്റര്‍ പവര്‍ ബാക്ക്അപ്പ്, എലിവേറ്റര്‍, ഇരുചക്ര-നാലുചക്ര വാഹന പാര്‍ക്കിംഗ്, ലോണ്ടറി സര്‍വീസ്, കുക്ക് സര്‍വീസസ്, ഫുഡ് ആന്‍ഡ് ബിവറേജ്, ലോക്കല്‍ സൈറ്റ് സീയിംഗ് ആന്‍ഡ് ട്രാവല്‍ അസിസ്റ്റന്‍സ്, എയര്‍പോര്‍ട്ട് പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് തുടങ്ങിയവ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ www.thalassasuites.com എന്ന വെബ്‌സൈറ്റില്‍ നിന്നറിയാം.