ദൈവത്തോടു ചേര്‍ന്നു നില്ക്കുന്നവരും അതേ സമയം ജനങ്ങളുടെ ഇടയില്‍ അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ് യഥാര്‍ഥ പുരോഹിതരെന്നു മാവേലിക്കര രൂപത മെത്രാപ്പോലിത്ത ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്.
പ്രശസ്ത ധ്യാനഗുരുവും വാഗ്മിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുട്ടനാട് കാത്തലിക് അസോസിയേഷനും (കെ.സി.എ) കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയും (കിഡ്‌സ്) ദര്‍ശനപുരം സമൂഹവും ചേര്‍ന്നു ആലപ്പുഴ ദര്‍ശനപുരത്തു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലിത്ത. ഫാ. തോമസ് മൂര്‍ അന്തരിക്കുമ്പോള്‍ ദര്‍ശനപുരത്തെ സിഎംഐ പോരൂക്കര ആശ്രമ പ്രീഫെക്ട് ആയിരുന്നു. കരിക്കംപള്ളില്‍ കുടുംബവുമായുള്ള ബന്ധത്തെ - പ്രത്യേകിച്ച് ഫാ. തോമസ് മൂറുമായും റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെയുമായും - മെത്രാപ്പോലിത്ത അനുസ്മരിച്ചു. അക്ഷരാര്‍ഥത്തില്‍ വൈദിക ജീവിതം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു ഫാ. തോമസ് മൂറെന്നും കൂട്ടിച്ചേര്‍ത്തു.
കെ.സി.എ ഡയറക്ടര്‍ ഫാ. സിറിയക് തുണ്ടിയില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു തയാറാക്കിയ സചിത്ര സ്മരണിക 'സുവചനം' തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സിഎംഐ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ.ജയിംസ് തയ്യില്‍ സിഎംഐ പ്രകാശിപ്പിച്ചു. ഫാ. തോമസ് മൂറുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുള്ളവരുടെ ഓര്‍മ്മക്കുറിപ്പുകളാണ് 'സുവചന'ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാല്പതോളം പേര്‍ എഴുതിയിരിക്കുന്നു.
കൈതവന വിമലഹൃദയനാഥ ദേവാലയ വികാരി ഫാ.ജോര്‍ജ് ചാലങ്ങാടി, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി.മാത്യു എടയാടി, സമഗ്രവികാസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സിഎംഐ, സാമൂഹ്യ പ്രവര്‍ത്തക ജര്‍മനിയില്‍ നിന്നുള്ള ബ്രിജിറ്റ് ഫിലോനാര്‍ഡി, സമീപവാസികളെ പ്രതിനിധീകരിച്ച് ദീപ എല്‍. പ്രസാദ്, കരിക്കംപള്ളില്‍ കുടുംബത്തെ പ്രതിനിധീകരിച്ച് എസ്. ബേബി കരിക്കംപള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി.എ പ്രസിഡന്റ് ജോസഫ് കുഞ്ചറിയ കളീയ്ക്കല്‍ സ്വാഗതവും കിഡ്‌സ് വൈസ് പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല നന്ദിയും പറഞ്ഞു. റിച്ച റോസ് മൈക്കിള്‍ കരിക്കംപള്ളില്‍, അപര്‍ണ സേവ്യര്‍ ചൂളയ്ക്കല്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.
സമ്മേളനത്തിനു മുന്നോടിയായി ദര്‍ശനപുരത്തെ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ ചാപ്പലില്‍ അനുസ്മരണ ബലിയും ഒപ്പീസും നടത്തി. ഫാ. തോമസ് മൂര്‍ തുടക്കമിട്ട 'അമ്മയും കുഞ്ഞും' പദ്ധതിയുടെ ഭാഗമായി ദര്‍ശനപുരത്തിനു സമീപം താമസിക്കുന്ന അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്കായി സമ്മേളനത്തെത്തുടര്‍ന്ന് പോക്ഷകാഹാര വിതരണവും സംഘടിപ്പിച്ചു. നൂറ്റമ്പതോളം കുട്ടികള്‍ പങ്കെടുത്തു.
ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് തയാറാക്കിയ സചിത്ര സ്മരണിക 'സുവചനം' ആലപ്പുഴ ദര്‍ശനപുരത്ത് സെന്റ് ജോസഫ്‌സ് സിഎംഐ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ.ജയിംസ് തയ്യില്‍ സിഎംഐ പ്രകാശനം ചെയ്യുന്നതാണ് ഫോട്ടോയിലെ ദൃശ്യം. അഡ്വ. പ്രദീപ് കൂട്ടാല, ജോസഫ് കുഞ്ചറിയ കളീയ്ക്കല്‍, ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സിഎംഐ, ഫാ. സിറിയക് തുണ്ടിയില്‍ സിഎംഐ, ഫാ.ജോര്‍ജ് ചാലങ്ങാടി, മാവേലിക്കര രൂപത മെത്രാപ്പോലിത്ത ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, എ.സി.മാത്യു എടയാടി, ബ്രിജിറ്റ് ഫിലോനാര്‍ഡി എന്നിവര്‍ സമീപം.
തോമസ് മത്തായി കരിക്കംപള്ളില്‍ - എഡിറ്റര്‍, അഡ്വ. പ്രദീപ് കൂട്ടാല, പ്രൊഫ. ചെറിയാന്‍ അലക്‌സാണ്ടര്‍ കല്ലുപുരയ്ക്കല്‍, അഡോള്‍ഫ് സേവ്യര്‍ കല്ലൂക്കളം - എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍, ജോസഫ് കുഞ്ചറിയ കളീയ്ക്കല്‍ - പബഌഷര്‍ എന്നിവരടങ്ങിയ സമിതിയാണ് സ്മരണിക തയാറാക്കിയത്.
സചിത്ര സ്മരണിക 'സുവചനം' വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.