Friday, September 16, 2011

ഡോ. സ്‌കറിയാ സക്കറിയയുടെ മേല്‍നോട്ടത്തില്‍ എഴുപത്തിയാറുകാരന് ഡോക്ടറേറ്റ്

റിസര്‍ച്ച് ഗൈഡ് ഡോ. സ്‌കറിയാ സക്കറിയയുടെ മേല്‍നോട്ടത്തില്‍ ക്രൈസ്തവ പാരമ്പര്യത്തില്‍ ഗവേഷണം നടത്തിയ അഭിഭാഷകനായ എഴുപത്തിയാറുകാരന് ചരിത്രത്തില്‍ പിഎച്ച്.ഡി ബിരുദം. ഈ പ്രായത്തില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നു ഇതുവരെ ഡോക്ടറേറ്റ് നേടിയ വേറെ ആരുമുണ്ടെന്നു തോന്നുന്നില്ല.

തൃശൂര്‍ കുന്നംകുളം പുലിക്കോട്ടില്‍ പി.സി.മാത്യുവിനാണ് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നു പിഎച്ച്.ഡി ലഭിച്ചത്. 'നസ്രാണി സഭയുടെ മലയാള രേഖാപാരമ്പര്യം - പടിയോലകള്‍ മുന്‍നിര്‍ത്തിയുള്ള പഠനം' എന്ന വിഷയത്തിലായിരുന്നു അക്കാഡമിക് ഗവേഷണം.

ചട്ടം നിശ്ചയിച്ചു എഴുതിവച്ച ഓലകളാണ് പടിയോലകള്‍. പണ്ട് ക്രിസ്ത്യാനികള്‍ യോഗം ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ ഓലയിലും ചെമ്പ് തകിടിലും ഭദ്രമായി എഴുതിസൂക്ഷിച്ചുവച്ചിട്ടുള്ളവയാണ് അവ. ഇറ്റലി മിലാനിലെ ഗ്രന്ഥശാലയിലും പ്രാചീനമായ പടിയോലകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഡോ. സ്‌കറിയാ സക്കറിയ അവയെക്കുറിച്ചു പഠിച്ചിട്ടുണ്ട്. സബ്ജക്ട് എക്‌സ്‌പേര്‍ട്ട് ചരിത്രകാരനായ ഡോ.എം.ജി.എസ്. നാരായണനായിരുന്നു.

കാലടി സര്‍വകലാശാലയില്‍ പിഎച്ച്.ഡി എന്‍ട്രസസ് എഴുതി, ആറു വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് പ്രായത്തെ മറികടന്നു ഡോക്ടറേറ്റ് നേടിയത്. ഫുള്‍ടൈം റിസര്‍ച്ച് സ്‌കോളര്‍ ആയി ഫെലോഷിപ്പോടെയുള്ള ഗവേഷണമായിരുന്നു. തൃശൂര്‍ ആര്‍ത്താറ്റ് പള്ളിയിലെ വട്ടെഴുത്തിലുള്ള പടിയോലകളാണ് അടിസ്ഥാനമാക്കിയത്. അഞ്ചു പടിയോലകളില്‍ തുടങ്ങി ഗവേഷണ പ്രബന്ധ
മായപ്പോള്‍ 13 എണ്ണത്തില്‍ എത്തി.
കേരളത്തിലെ സെമിനാരികളില്‍ പോലും ഇത്രയും പടിയോലകളെക്കുറിച്ചു വിവരങ്ങളില്ലായിരുന്നു.

പടിയോലകളില്‍ എഴുതിയിരിക്കുന്ന പഴയ വട്ടെഴുത്തും കോലെഴുത്തും പഠിച്ചെടുക്കേണ്ടി വന്നതിനാല്‍ മൂന്നു വര്‍ഷം കൊണ്ടു തീരാവുന്ന ഗവേഷണം ആറു വര്‍ഷം കൊണ്ടാണ് തീര്‍ന്നത്. കുന്നംകുളത്തു നിന്നു കാലടിക്കു കാറില്‍ ദിവസവും പോയി വരുകയായിരുന്നു. അതിനു തന്നെ അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചു. മക്കളുടെ പഠനവും കല്യാണവും കഴിഞ്ഞ ശേഷമായിരുന്നു ഗവേഷണം. ചെറുപ്പകാലത്തു തുടങ്ങിയ ആഗ്രഹം സഫലീകരിക്കാന്‍ കുറേ വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നുവെന്നു മാത്രം.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഇന്ത്യന്‍ ലാംഗ്വേജസ് ഫാക്കല്‍റ്റിയില്‍ ഡോക്ടര്‍ ഓഫ് ഫിലോസഫി ബിരുദത്തിനു ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുന്നത് 2010 ഫെബ്രുവരിയിലാണ്. ചെറുകഥകളും ചരിത്രപുസ്തകങ്ങളും ജീവചരിത്രങ്ങളും അടക്കം അഡ്വ.മാത്യു ഇരുപതു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ബി.എ., ബി.എല്‍, എംഎസ്ഡബ്ലിയു, ഡിഎസ്എസ് തുടങ്ങിയ ബിരുദങ്ങള്‍ മുന്‍പ് നേടിയിട്ടുണ്ട്. ഇനി ഡി.ലിറ്റിനു വേണ്ടി പരിശ്രമിക്കാനാണ് തീരുമാനം.

ഡോ.സ്‌കറിയാ സക്കറിയ (കരിക്കംപള്ളില്‍, പെരുന്ന, ചങ്ങനാശേരി) 2007 ജൂലൈ മുതല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറാണ്. ചങ്ങനാശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളജില്‍ 1969 മുതല്‍ 1994 വരേയും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 1994 മുതല്‍ 2004 വരേയും പ്രൊഫസറായിരുന്നു. ഗവേഷണപരങ്ങളായ അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഭാര്യ: മേരിക്കുട്ടി. മകള്‍: സുമ. മകന്‍: അരുള്‍.

No comments:

Post a Comment