Friday, September 9, 2011

ശുദ്ധജല മത്സ്യക്കൃഷിയില്‍ കുര്യച്ചന് കേരള സംസ്ഥാന അവാര്‍ഡ്


ത്സ്യം വളര്‍ത്തലിലൂടെ ഒരു നെല്ലും ഒരു മീനും പദ്ധതിക്കു വന്‍ സംഭാവനകള്‍ നല്കിയ കുര്യച്ചന് കേരള സംസ്ഥാന സര്‍ക്കാര്‍ മികച്ച ശുദ്ധജല മത്സ്യക്കര്‍ഷകനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.

ഒരു നെല്ലും ഒരു മീനും പദ്ധതി ഏറ്റെടുക്കാന്‍ കര്‍ഷകര്‍ മുന്നോട്ടുവരാതിരുന്നേപ്പാള്‍ 1983 മുതലാണ്ചമ്പക്കുളം മാപ്പിളശേരി ജേക്കബ് കുര്യന്‍ (കുര്യച്ചന്‍-63) മത്സ്യ
വും നെല്ലും ഒന്നിടവിട്ടു കൃഷിചെയ്യാന്‍ തുടങ്ങിയത്. തുടര്‍ച്ചയായി 28 വര്‍ഷം ശുദ്ധജലത്തില്‍ മത്സ്യക്കൃഷി ചെയ്യുന്ന കുര്യച്ചനു ലാഭത്തിന്റേയും നഷ്ടത്തിന്റേയും കണക്കുകള്‍ പറയാനുണ്ട്. എന്നാലും ഒരു നെല്ലും ഒരു മീനും പദ്ധതി കര്‍ഷകന്റെ രക്ഷയ്ക്കു പറ്റിയതാണെന്നു കുര്യച്ചന്‍ കരുതുന്നു.

1.30 ഏക്കര്‍ വിസ്തീര്‍ണമുള്ള കുളം വികസിപ്പിച്ചെടുത്തായിരുന്നു തുടക്കം. കാര്‍പ്പ് എന്ന മത്സ്യക്കുഞ്ഞുങ്ങളെയായിരുന്നു ഇട്ടത്. അഡാക്കിന്റെയും മത്സ്യഫെഡിന്റെയും പ്രോത്സാഹനം ഉണ്ടായിരുന്നു. രണ്ടുതവണ തുടര്‍ച്ചയായി മെച്ചപ്പെട്ട ലാഭം കിട്ടി. എന്നാല്‍, 1985-ല്‍ ശക്തമായ വെള്ളപ്പൊക്കത്തില്‍ പുറംബണ്ട് കവിഞ്ഞുകയറി മത്സ്യങ്ങള്‍ മുഴുവന്‍ ഒലിച്ചുപോയി. സമുദ്രോല്‍പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ)യുടെ സഹായത്തോടെ 1997 മുതല്‍ ആരംഭിച്ച ആറ്റുകൊഞ്ച് കൃഷി ഇപ്പോഴും തുടരുന്നു. ഇക്കാര്യത്തില്‍ കുട്ടനാടു വികസന സമിതിയുടെ പ്രോത്സാഹനം ഉണ്ടായിരുന്നു. തുടക്കത്തില്‍ 11,000 ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെയാണു നിക്ഷേപിച്ചത്.

കടുത്ത വേനലിനു ശേഷമുണ്ടായ മഴയില്‍ കുട്ടനാട്ടിലെ വെള്ളം മലിനമായ സാഹചര്യത്തില്‍ 2001-ല്‍ കുര്യച്ചന്റെ മത്സ്യം മുഴുവന്‍ ചത്തൊടുങ്ങി.ഒരു നെല്ലും ഒരു മീനും പദ്ധതിയില്‍പ്പെടുത്തി 2009 മുതല്‍ നാല് ഏക്കര്‍ സ്ഥലത്തു കൃഷി തുടങ്ങി. എംപിഇഡിഎയുടെ സഹായത്തോടെ ഒരുതവണ മാത്രം കയറ്റുമതി ഏജന്‍സിക്കു കൊഞ്ചു വിറ്റു. തുടര്‍ച്ചയായി അവര്‍ക്കു കൊടുക്കുന്നതിനു തടസ്സങ്ങള്‍ പലതുണ്ട്. ഏജന്റുമാര്‍ മുഖാന്തരം ഹോട്ടലുകള്‍ക്കും ടൂറിസം കേന്ദ്രങ്ങള്‍ക്കുമാണു മത്സ്യം കൂടുതലായി വില്‍ക്കുന്നത്.

മത്സ്യക്കൃഷിക്കു ശേഷം നെല്‍ക്കൃഷി ചെയ്താല്‍ കളയും കീടങ്ങളും കുറയും. മണ്ണിനു വളക്കൂറും ലഭിക്കും. നെല്‍ച്ചെടി കരുത്തോടെ വളര്‍ന്നു മെച്ചപ്പെട്ട വിള നല്‍കും. പത്തോ പതിനഞ്ചോ കൃഷിക്കാര്‍ മാത്രമുള്ള ചെറിയ പാടശേഖരങ്ങളിലാണ് ഒരു നെല്ലും ഒരു മീനും വിജയിപ്പിക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ 1.3 ഏക്കര്‍ സ്ഥലത്ത് ആറ്റുകൊഞ്ചും കരിമീനും തിലോപ്പിയയും കാളാഞ്ചിയും ഒരുപോലെ കൃഷി ചെയ്തു മത്സ്യക്കൃഷിയില്‍ മുന്നേറുകയാണു ചമ്പക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ കുര്യച്ചന്‍.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലെ മത്സ്യകേരളം - കരിമീന്‍ വര്‍ഷം പദ്ധതി ഉദ്ഘാടനത്തിനോടനുബന്ധിച്ച് 2011 സെപ്റ്റംബര്‍ ആറിനു ചൊവ്വാഴ്ച തൃശൂര്‍ മാള പൊയ്യ മോഡല്‍ ഫിഷ്ഫാം ആന്‍ഡ് ട്രെയിനിംഗ് സെന്ററില്‍ (അഡാക്ക്) നടത്തിയ മത്സ്യ കര്‍ഷക അവാര്‍ഡ് വിതരണവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നു മികച്ച ശുദ്ധജല മത്സ്യക്കര്‍ഷകനുള്ള അവാര്‍ഡ് കുര്യച്ചന്‍ സ്വീകരിച്ചു.

എടത്വ ചങ്ങംകരി വാളംപറമ്പില്‍ റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ സേവ്യര്‍ വി. മാത്യുവിന്റേയും ചെക്കിടിക്കാട് കരിക്കംപള്ളില്‍ തങ്കമ്മയുടേയും മകളാണ് പാചകവിദഗ്ധയായ ഭാര്യ മോളി. മക്കള്‍: മെറിന്‍, റോസി (ഇരുവരും ദുബായ്), ജേക്കബ് കുര്യന്‍ (മറൈന്‍ ബിരുദ വിദ്യാര്‍ഥി, പൂന).

No comments:

Post a Comment