Saturday, February 18, 2012

സൗഹൃദം സുദൃഡമാക്കാന്‍ തയാറാകണം: റവ.ഡോ.കെ.സി.ജോര്‍ജ്

രേയും മാനസികമായോ ശാരീരികമായോ നൊമ്പരപ്പെടുത്തിയിട്ട് ജീവിതത്തില്‍ ഒന്നും നേടാനില്ലെന്നു റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെ.

2012 ഫെബ്രുവരി 18-ന് ശനിയാഴ്ച എടത്വ ചെക്കിടിക്കാട് തെക്കേത്തലക്കല്‍ വസതിയില്‍ സംഘടിപ്പിച്ചകരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ അഞ്ചാമതു കുടുംബസംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു റവ.ഡോ.കെ.സി.ജോര്‍ജ്.

പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍:

'കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേശു അരുളിച്ചെയ്തു. ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു. (മത്തായി 18:21-22)

പ്രിയപ്പെട്ടവരേ,

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബസംഗമത്തില്‍ എല്ലാവരേയും ഒരുമിച്ചു കാണാനിടയായതില്‍ അതിയായ സന്തോഷം തോന്നുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധവും സഹകരണവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ കുടുംബസംഗമം ഇടയാക്കും. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ മാറ്റിവയ്ക്കാനും സൗഹൃദം സുദൃഡമാക്കാനും കുടുംബാംഗങ്ങള്‍ എല്ലാവരും തയാറാകണം. ഇതിനായി ആത്മാവിന്റെ ശക്തി ഹൃദയത്തില്‍ ബലപ്പെടുത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.

പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന നമ്മള്‍ പൂര്‍വികരുടെ നല്ല ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയാറാകുകയാണ് വേണ്ടത്. അപ്പാപ്പന്‍ ശാന്തസ്വരൂപനായ മികച്ച കൃഷിക്കാരനും അമ്മച്ചി കാര്യപ്രാപ്തിയുള്ള ഉത്തമയായ കുടുംബിനിയുമായിരുന്നു. അവര്‍ എല്ലാവരേയും സ്‌നേഹിച്ചു. അല്പം ശബ്ദം ഉയര്‍ത്തി മക്കള്‍ സംസാരിച്ചാല്‍ പോലും 'എന്തിനാ ഈ ശബ്ദം ഉണ്ടാക്കുന്നത്' എന്നാണ് അപ്പാപ്പന്‍ ചോദിച്ചിരുന്നത്. വീട്ടുകാര്യങ്ങള്‍ അമ്മച്ചി വേണ്ടരീതിയില്‍ നടത്തി. ന്യായവും നീതിയും നടത്താന്‍ അവര്‍ രണ്ടുപേരും മുന്നിട്ടുനിന്നു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അക്കാലത്ത് അവര്‍ തയാറായിരുന്നു. അമ്മച്ചി തമിഴ് പഠിച്ചത് അതിന്റെ ഭാഗമായി കാണണം. മക്കളെ അവര്‍ ആത്മാര്‍ഥമായും സ്വാഭാവികമായും സ്‌നേഹിച്ചു. മക്കളോട് പക്ഷപാതപരമായി പെരുമാറിയില്ല. നല്ല ജീവിതരീതിയും പ്രാര്‍ഥനയും മൂലം അവര്‍ ഭാഗ്യം നിറഞ്ഞവരായി. അതു മക്കളിലൂടെ തുടരണം. കുടുംബത്തിന്റെ സമ്പന്നത പരസ്പരമുള്ള സഹായസഹകരണങ്ങളിലൂടെയാണ് വെളിപ്പെടുത്തേണ്ടത്. അതിനായുള്ള ദൈവപരിപാലനയ്ക്കായി പ്രാര്‍ഥിക്കാം.

കുടുംബത്തിലേക്കു വിവാഹം ചെയ്തെത്തിയ ചിറ്റമ്മമാരും ഭവനങ്ങളുടെ അഭിവൃദ്ധിക്കായി അക്ഷീണം പ്രവര്‍ത്തിച്ചു. ഭക്തിയിലും അവര്‍ മുന്‍പന്തിയിലായിരുന്നു. വിശുദ്ധയായ അല്‍ഫോന്‍സാമ്മയുമായി അടുത്ത് ഇടപഴകിയിട്ടുള്ള കാട്ടുങ്കല്‍ ചിറ്റമ്മയും വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കുടുംബത്തില്‍ നിന്നു വന്ന കളത്തില്‍ ചിറ്റമ്മയും ഉള്‍പ്പടെയുള്ള എല്ലാവരും അങ്ങനെ തന്നെയായിരുന്നു.

പ്രാര്‍ഥിച്ചും അദ്ധ്വാനിച്ചും പൂര്‍വികര്‍ നേടിയ സൗഭാഗ്യങ്ങള്‍ തലമുറകളിലേക്കു കൈമാറണമെങ്കില്‍ അത് കത്തോലിക്ക പുണ്യവഴികളിലൂടെ ആയിരിക്കണം. അരിശം മാറ്റി വച്ചും സ്‌നേഹം നിറച്ചും വേണം അതു സാധിക്കാന്‍. അക്കാര്യത്തിനു ആദ്യം വേണ്ടത് സഹിക്കാനും ക്ഷമിക്കാനുമുള്ള മനഃസ്ഥിതിയാണ്. ഏഴല്ല, ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കാനാകണമെന്നാണ് വിശുദ്ധ ബൈബിള്‍ പഠിപ്പിക്കുന്നത്. അതു പ്രായോഗികമാക്കാന്‍ സാധാരണക്കാരായ നമുക്കു ബുദ്ധിമുട്ടാണെങ്കിലും അതിനായി പരിശ്രമിക്കുക തന്നെ വേണം.

കാര്യങ്ങള്‍ മനസ്സിലാക്കാതെ പലപ്പോഴും നാം പലരോടും ക്ഷുഭിതരാകാറുണ്ട്. വാക്കുകള്‍ കൊണ്ട് കുത്തിനോവിക്കാറുണ്ട്. ചിലപ്പോള്‍ ഉപദ്രവിക്കാറുമുണ്ട്. പക്ഷേ സത്യം അറിയുന്ന നിമിഷമെങ്കിലും അത് തിരുത്താന്‍ ഒരുങ്ങുന്നതാണ് നല്ലത്. ഒരാളെ മാനസികമായോ ശാരീരികമായോ നൊമ്പരപ്പെടുത്തിയിട്ട് ജീവിതത്തില്‍ ഒന്നും നേടാനില്ല എന്ന സത്യം എപ്പോഴും നമ്മള്‍ മറന്നുപോകുകയാണ് പതിവ്.

സാമ്പത്തികമായി ക്‌ളേശങ്ങള്‍ ഉണ്ടായിരുന്നിട്ടും മക്കള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്കാന്‍ പഴയകാലത്ത് മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിദ്യാഭ്യാസത്തെ എല്ലാവരും ഫലപ്രദമായി വിനിയോഗിച്ചില്ല. നാല്പതുകളില്‍ നെല്ലിനു പറയ്ക്കു ഏഴു ചക്രവും നൂറു തേങ്ങയ്ക്ക് പത്തു രൂപയുമായിരുന്നു വില കിട്ടിയിരുന്നത് എന്നോര്‍ക്കണം. അക്കാലത്ത് കുട്ടനാട്ടില്‍ ജനിച്ചു പഠിച്ചു വളര്‍ന്നു വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ നിരയിലേക്ക് നമ്മള്‍ ഉയരാന്‍ ശ്രമിച്ചില്ല. ഇ.ജോണ്‍ ഫിലിപ്പോസ്, തകഴി ശിവശങ്കരപ്പിള്ള, കെ.എം.പണിക്കര്‍ എന്നിങ്ങനെ പലരും കുട്ടനാട്ടിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയവരാണ്.

ഇനിയുള്ള കാലങ്ങളിലെങ്കിലും തൊഴില്‍, സാമൂഹ്യ രംഗങ്ങളില്‍ മുന്‍നിരയിലെത്താന്‍ ആത്മാര്‍ഥമായ ശ്രമം വേണം. മെച്ചപ്പെട്ട ഉന്നതവിദ്യാഭ്യാസം നേടാതെ ഭാവി തലമുറയ്ക്ക് നിലനില്പ്പില്ല. അതിനായി പുതിയ വഴിത്താരകള്‍ കുഞ്ഞുങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ലോകത്ത് എവിടേയും ചെന്നു ജീവിക്കാന്‍ ഇംഗഌഷ് ഭാഷയും എല്ലാ കുഞ്ഞുങ്ങളും അടിസ്ഥാനപരമായി വശമാക്കണം.

കൂടുതല്‍ വിദ്യാഭ്യാസം നേടിയാല്‍ കൂടുതല്‍ ഉന്നതമായ നിലയില്‍ എത്താന്‍ സാധിക്കും. കഴിഞ്ഞതലമുറയില്‍ അതു വേണ്ടവിധം ചെയ്തിട്ടില്ല. ഭാവിയില്‍ അത് ആവര്‍ത്തിക്കരുത്. കേരളത്തില്‍ മാത്രമല്ല, വിവിധ വിദേശ രാജ്യങ്ങളിലും നമ്മുടെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ജോലിചെയ്തു ജീവിക്കുന്നുണ്ട്. അവര്‍ക്കു മെച്ചപ്പെട്ട സേവന, വേതന വ്യവസ്ഥകള്‍ ലഭ്യമാകാന്‍ ഉയര്‍ന്ന വിദ്യാഭ്യാസം അത്യാവശ്യമാണ്. ഇന്ത്യയ്ക്കു പുറത്തുപോയി സഭാസേവനം ചെയ്തവരുടെ കൂട്ടത്തില്‍ ഒരു വ്യാഴവട്ടത്തോളം ജര്‍മ്മനിയില്‍ ജോലി ചെയ്ത കുട്ടിയമ്മ സിസ്റ്ററേയും ഇപ്പോള്‍ അമേരിക്കയിലുള്ള സതീഷ് അച്ചനേയും മറ്റും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷം നമ്മുടെ കുടുംബത്തിലെ സ്‌നേഹംനിറഞ്ഞ പലരും നമ്മെ വിട്ടുപോയി. ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന തോമസ്മൂറച്ചന്റെ വേര്‍പാട് തീരാനഷ്ടമാണ്. ധ്യാനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു തോമസ് മൂറച്ചന്‍. ആലപ്പുഴയിലെ രണ്ടു കുടുംബനാഥന്മാരും നമ്മെ വിട്ടുപിരിഞ്ഞു. കൊച്ചുപ്പാപ്പനും ഈയോച്ചനും കഴിഞ്ഞ ഡിസംബറില്‍ രണ്ടാഴ്ചയിലെ ഇടവേളയിലാണ് മരിച്ചത്. കേരളത്തിനു വെളിയില്‍ പോയി ഉന്നതവിദ്യാഭ്യാസം നേടിയ ശേഷം അഭിഭാഷക രംഗത്ത് സത്യസന്ധതയോടെ പ്രവര്‍ത്തിച്ച കൊച്ചുപ്പാപ്പന്‍ നമ്മുടെ കുടുംബത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനുമായി എന്നും ആഗ്രഹിച്ചിരുന്നു. അതു തുടരാനും അതിനായി പരിശ്രമിക്കാനും നമുക്കു കടമയുണ്ട്. കഴക്കൂട്ടത്തെ ചിറ്റമ്മ, കാട്ടുങ്കലെ അപ്പച്ചനും ജോര്‍ജുകുട്ടിയും, വാണിയപ്പുരയ്ക്കലെ ചേച്ചി, തെക്കേച്ചിറയിലെ കുഞ്ഞമ്മ, വാളംപറമ്പിലെ നീതാമോള്‍ എന്നിവര്‍ നമ്മോടെല്ലാം പ്രകടിപ്പിച്ച ആത്മാര്‍ഥ സ്‌നേഹത്തേയും ഓര്‍ക്കുന്നു.

വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കുഞ്ഞുമോനും ലിന്‍സിക്കും സണ്ണിക്കും ആഷ്‌ലിക്കും ജോയിച്ചനും തങ്കമ്മയ്ക്കും മാത്തുക്കുട്ടിക്കും ആന്‍സമ്മയ്ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കുടുംബങ്ങളുടെ കെട്ടുറപ്പിനു സ്‌നേഹത്തിനൊപ്പം പൊരുത്തപ്പെടലുകള്‍ക്കും വലിയ പങ്കുണ്ടെന്നു മനസിലാക്കണം.

2009 ഡിസംബര്‍ 27-നു നടത്തിയ കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബസംഗമത്തില്‍ ഞാന്‍ സൂചിപ്പിച്ച പല കാര്യങ്ങളും ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ ഇനിയും ആത്മാര്‍ഥമായ ശ്രമം എല്ലാവരും നടത്തേണ്ടതുണ്ട്. കുടുംബത്തില്‍ സ്‌നേഹവും ക്ഷമയും ത്യാഗവും വേണമെന്നും സദാ ജീവന്‍ തുടിക്കുന്ന ഒരിടമാണ് കുടുംബമെന്നും എടുത്തുകാട്ടിയത് ഓര്‍ക്കുന്നു. കുടുംബം നിലവിലില്ലാത്ത ഒരവസ്ഥയെ ഭാവന ചെയ്യുന്നതു പോലും ക്ലേശകരമാണ്. മനുഷ്യന്റെ നിലനില്‍പ്പിനായി കുടുംബം അത്രമേല്‍ അവിഭാജ്യമാണ്.

കാര്‍ഷികഘടനയില്‍ കൂട്ടുകുടുംബത്തിന്റെ പൊതുസ്വത്ത് എല്ലാവര്‍ക്കുമായി വിനിയോഗിച്ചിരുന്നു. ഓരോരുത്തരും വ്യത്യസ്ഥമായ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതോടെ കൂട്ടുകുടുംബം ചിതറി അണുകുടുംബങ്ങളായി. പണവും സന്തോഷവും പങ്കുവയ്‌ക്കേണ്ടി വരുമോ എന്ന സ്വാര്‍ഥചിന്ത അണുകുടുംബങ്ങളെ ഒറ്റയ്ക്കു നില്ക്കാനും അവരിലേക്കു തന്നെ ഒതുങ്ങാനും പ്രേരിപ്പിച്ചു. അങ്ങനെ ഒരേ ഉദരത്തില്‍ നിന്നു ജനിച്ചവര്‍ക്കിടയില്‍ പോലും അകല്‍ച്ച പെരുകി. അത് ഒഴിവാക്കുക തന്നെ വേണം. ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ പരസ്പരം വേണ്ടവരാണെന്നും ഒന്നു ചേരേണ്ടവരാണെന്നും, നാം പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നോട്ടു പോകുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ യഥാര്‍ഥ സന്തോഷമുണ്ടാകൂ എന്നു മുന്‍പും ഞാന്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. അതിനായി സ്വാര്‍ഥത വെടിയണം. ജീവിതത്തില്‍ സന്തോഷം കണ്ടെത്തുവാന്‍ പണവും പദവിയും ഒരു പരിധി വരെ സഹായിച്ചേക്കാം. എന്നാല്‍ അവയൊന്നും യഥാര്‍ഥ സന്തോഷം നല്കണമെന്നില്ല. നമ്മുടെ ദുഃഖങ്ങള്‍ പ്രാര്‍ഥനയിലൂടെ ദൈവമുമ്പാകെ എത്തിച്ചാല്‍ അതുവഴി സമാധാനം ലഭ്യമാകും.

കുടുംബത്തിന്റെ ഭദ്രമായ നിലനില്പിനും ഐശ്വര്യത്തിനും ദൈവാനുഗ്രഹം കൂടിയേ തീരു. അതിനായി നിരന്തരം പ്രാര്‍ഥിക്കാം.

നന്ദി.'

No comments:

Post a Comment