Showing posts with label alappuzha. Show all posts
Showing posts with label alappuzha. Show all posts

Sunday, October 10, 2010

കഥാപ്രസംഗത്തില്‍ റിച്ച


ലപ്പുഴ ഫൊറോന ബൈബിള്‍ കലോത്സവം-2010-ല്‍ കഥാപ്രസംഗം ജൂണിയര്‍ വിഭാഗത്തില്‍ റിച്ച റോസ് മൈക്കിള്‍ രണ്ടാം സ്ഥാനം എ ഗ്രേഡോടെ നേടി. സന്യസ്ത വിശുദ്ധര്‍ എന്നതായിരുന്നു വിഷയം.

വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള 'സ്വര്‍ഗീയസൂനം' എന്ന കഥയാണ് അവതരിപ്പിച്ചത്. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ ചവിട്ടടികളെ പിന്തുടര്‍ന്നുകൊണ്ടു വിശുദ്ധിയുടെ നീലാകാശത്തില്‍ വെള്ളിനക്ഷത്രം പോലെ വിളങ്ങുന്ന ദിവ്യാത്മാവിന്റെ വികാരോജ്ജ്വലമായ ജീവിതകഥയായിരുന്നു അത്. ഈശോയുടെ അഞ്ചു തിരുമുറിവുകള്‍ സ്വന്തം ശരീരത്തില്‍ വേദനയോടെ പാദ്രേ പിയോ ഏറ്റുവാങ്ങിയിരുന്നു. ( കഥാപ്രസംഗം സ്വര്‍ഗീയസൂനം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: http://www.fileden.com/files/2010/10/13/2992419//sorgeeyasoonam 02.pdf )

2010 ഒക്ടോബര്‍ ഒന്‍പത് ശനിയാഴ്ച പഴവങ്ങാടി മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍ നടന്ന കലോത്സവത്തില്‍ റിച്ച ഉള്‍പ്പെട്ട സംഘം ഗ്രൂപ്പ് സോംഗില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡോടെ നേടി. ഒന്‍പതു പേരാണ് സംഘത്തിലുണ്ടായിരുന്നത്. അനാദിധര്‍മ സ്വരൂപമേ..., ആബൂന്‍ദ് വശ്മയ്യ... എന്നീ രണ്ടു ഗാനങ്ങളാണ് ആലപിച്ചത്.

കഥാപ്രസംഗത്തിന് തെരേസ, മേഘ, ധന്യ, റോഷന്‍ എന്നിവര്‍ റിച്ചയ്ക്ക് പിന്നണിയായി.

തത്തംപള്ളി സെന്റ് മൈക്കിള്‍സ് സണ്‍ഡേ സ്‌കൂള്‍ ഏഴാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയാണ് റിച്ച. ആലപ്പുഴ കരിക്കംപള്ളില്‍ മൈക്കിള്‍ മത്തായി (സണ്ണി)-യുടേയും അനിതയുടേയും മകള്‍. റീവ സഹോദരി.

തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാ.ജോസഫ് ചൂളപ്പറമ്പില്‍, ഫാ.ജോസ് പുത്തന്‍ചിറ, ഫാ.അനീഷ്, തത്തംപള്ളി അഡോറേഷന്‍ കോണ്‍വന്റിലെ സി.ടെസി ആറ്റുമാലി, സി. അല്‍ഫോന്‍സ കൂടാതെ ബാബു ഉണ്ണേച്ചുപറമ്പില്‍, സച്ചിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. വി.വി.ഗ്രിഗറിയാണ് കഥാപ്രസംഗം എഴുതിയത്.

2008-ല്‍ ഫൊറോനതലത്തില്‍ ജൂണിയര്‍ വിഭാഗത്തില്‍ സിംഗിള്‍ സോംഗ്, ഗ്രൂപ്പ് സോംഗ് എന്നിവയില്‍ എ ഗ്രേഡോടെ റിച്ച രണ്ടാം സ്ഥാനം നേടിയിരുന്നു. കഥാപ്രസംഗത്തിന് എ ഗ്രേഡ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെക്കുറിച്ചായിരുന്നു കഥാപ്രസംഗം.

2007-ല്‍ ചങ്ങനാശേരി അതിരൂപതാ തലത്തില്‍ സബ് ജൂണിയര്‍ കഥാപ്രസംഗത്തില്‍ റിച്ച രണ്ടാം സ്ഥാനം നേടി. മഗ്ദലന മറിയത്തെക്കുറിച്ചായിരുന്നു കഥ. ഫൊറോന തലത്തില്‍ കഥാപ്രസംഗം, സിംഗിള്‍ സോംഗ് എന്നിവയില്‍ ഒന്നാം സ്ഥാനവും ഗ്രൂപ്പ് സോംഗിന് രണ്ടാം സ്ഥാനവും ലഭിച്ചു. എല്ലാത്തിനും എ ഗ്രേഡ്.

രണ്ടാം സ്റ്റാന്‍ഡാര്‍ഡ് മുതല്‍ സണ്‍ഡേ സ്‌കൂള്‍ ഗ്രൂപ്പ് സോംഗ് സംഘത്തില്‍ അംഗമാണ്.

Saturday, September 25, 2010

തൊട്ടറിയാന്‍ കൊച്ചുചുണ്ടന്‍വള്ളം


ലപ്പുഴ പുന്നമട കായലില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നെഹ്‌റു ട്രോഫി വള്ളം കളി നടക്കുമ്പോള്‍ പലരുടേയും ശ്രദ്ധ തിരിയുന്ന ഒരു കൊച്ചു ചുണ്ടന്‍വള്ളമുണ്ട്. ആലപ്പുഴ തത്തംപള്ളി കരിക്കംപള്ളില്‍ അഡ്വ.കെ.റ്റി.മത്തായിയുടെ വീട്ടിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്. ഏകദേശം അറുപതിലേറെ വര്‍ഷം പഴക്കമുണ്ടതിന്. ഈ വര്‍ഷം (2010) നടന്ന നെഹ്‌റു ട്രോഫി മത്സരമാകട്ടെ 58-ാമത്തേതായിരുന്നു.

നൂറില്‍പരം ആള്‍ക്കാര്‍ കയറുന്ന കുട്ടനാടിന്റെ തനതായ ചുണ്ടന്‍വള്ളത്തിന്റെ സവിശേഷതകള്‍ കാഴ്ചക്കാര്‍ക്ക് തൊട്ടറിയാന്‍ വേണ്ടിയാണ് മേശപ്പുറത്ത് ഒതുങ്ങുന്ന ലക്ഷണമൊത്ത ചുണ്ടന്‍ വള്ളം പണിയിപ്പിച്ചത്. അനേകം ചുണ്ടന്‍ വള്ളങ്ങളുടെ ശില്പിയായ കോയില്‍മുക്ക് നാരായണന്‍ ആചാരിയാണ് ഈ ചെറുചുണ്ടന്‍വള്ളം നിര്‍മിച്ചത്. ആതാകട്ടെ വലിയ ചുണ്ടന്‍വള്ളത്തിന്റെ ആനുപാതിക അളവുകള്‍ അനുസരിച്ചും. അതു തന്നെയാണ് അതിന്റെ പ്രത്യേകത. സാധാരണ നിര്‍മിക്കുന്ന കൗതുക ചെറുചുണ്ടന്‍വള്ളങ്ങള്‍ക്ക് തച്ചുശാസ്ത്രമനുസരിച്ചുള്ള കൃത്യ അളവുകളായിരിക്കണമെന്നില്ല. വലിയ ചുണ്ടന്‍വള്ളങ്ങള്‍ സാധാരണ ആഞ്ഞിലിത്തടിയിലാണ് നിര്‍മിക്കുന്നത്. ഇത് പൂവരശിലാണ് ഉണ്ടാക്കിയിട്ടുള്ളത്.

പച്ച ചുണ്ടന്‍വള്ളത്തിന്റെ മാതൃകയിലാണ് അതേ ചുണ്ടന്‍വള്ളത്തിന്റെ ശില്പി ഈ ചെറുചുണ്ടന്‍വള്ളവും എടത്വ ചെക്കിടിക്കാട്ട് വച്ച് നിര്‍മിച്ചത്. അമരം തുടങ്ങി അണിയം വരെ എല്ലാം അതുപൊലെ. വെങ്കലത്തിലുണ്ടാക്കിയ മനോഹരമായ ചുണ്ടും കുമിളകളും എടുത്തുപറയത്തക്കതാണ്. 53.5 ഇഞ്ച് (136.5 സെന്റിമീറ്റര്‍) നീളവും 5.1 ഇഞ്ച് (13.5 സെന്റിമീറ്റര്‍) വീതിയും 12 ഇഞ്ച് (31 സെന്റിമീറ്റര്‍) തലപ്പൊക്കവുമാണ് ചെറുചുണ്ടന്‍വള്ളത്തിന്റെ അളവുകള്‍.

അനേകം സാംസ്‌കാരിക മേളകളില്‍ ഈ കൗതുക ചുണ്ടന്‍വള്ളം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗ്വാളിയാര്‍ അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ എഴുപതുകളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനങ്ങളില്‍ സംസ്‌കാരവും കായികവിനോദങ്ങളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തെ പ്രതിനിധീകരിച്ച് ഈ ചുണ്ടന്‍വള്ളം അവതരിപ്പിച്ചിരുന്നു.