Showing posts with label boat race. Show all posts
Showing posts with label boat race. Show all posts

Saturday, September 25, 2010

തൊട്ടറിയാന്‍ കൊച്ചുചുണ്ടന്‍വള്ളം


ലപ്പുഴ പുന്നമട കായലില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നെഹ്‌റു ട്രോഫി വള്ളം കളി നടക്കുമ്പോള്‍ പലരുടേയും ശ്രദ്ധ തിരിയുന്ന ഒരു കൊച്ചു ചുണ്ടന്‍വള്ളമുണ്ട്. ആലപ്പുഴ തത്തംപള്ളി കരിക്കംപള്ളില്‍ അഡ്വ.കെ.റ്റി.മത്തായിയുടെ വീട്ടിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്. ഏകദേശം അറുപതിലേറെ വര്‍ഷം പഴക്കമുണ്ടതിന്. ഈ വര്‍ഷം (2010) നടന്ന നെഹ്‌റു ട്രോഫി മത്സരമാകട്ടെ 58-ാമത്തേതായിരുന്നു.

നൂറില്‍പരം ആള്‍ക്കാര്‍ കയറുന്ന കുട്ടനാടിന്റെ തനതായ ചുണ്ടന്‍വള്ളത്തിന്റെ സവിശേഷതകള്‍ കാഴ്ചക്കാര്‍ക്ക് തൊട്ടറിയാന്‍ വേണ്ടിയാണ് മേശപ്പുറത്ത് ഒതുങ്ങുന്ന ലക്ഷണമൊത്ത ചുണ്ടന്‍ വള്ളം പണിയിപ്പിച്ചത്. അനേകം ചുണ്ടന്‍ വള്ളങ്ങളുടെ ശില്പിയായ കോയില്‍മുക്ക് നാരായണന്‍ ആചാരിയാണ് ഈ ചെറുചുണ്ടന്‍വള്ളം നിര്‍മിച്ചത്. ആതാകട്ടെ വലിയ ചുണ്ടന്‍വള്ളത്തിന്റെ ആനുപാതിക അളവുകള്‍ അനുസരിച്ചും. അതു തന്നെയാണ് അതിന്റെ പ്രത്യേകത. സാധാരണ നിര്‍മിക്കുന്ന കൗതുക ചെറുചുണ്ടന്‍വള്ളങ്ങള്‍ക്ക് തച്ചുശാസ്ത്രമനുസരിച്ചുള്ള കൃത്യ അളവുകളായിരിക്കണമെന്നില്ല. വലിയ ചുണ്ടന്‍വള്ളങ്ങള്‍ സാധാരണ ആഞ്ഞിലിത്തടിയിലാണ് നിര്‍മിക്കുന്നത്. ഇത് പൂവരശിലാണ് ഉണ്ടാക്കിയിട്ടുള്ളത്.

പച്ച ചുണ്ടന്‍വള്ളത്തിന്റെ മാതൃകയിലാണ് അതേ ചുണ്ടന്‍വള്ളത്തിന്റെ ശില്പി ഈ ചെറുചുണ്ടന്‍വള്ളവും എടത്വ ചെക്കിടിക്കാട്ട് വച്ച് നിര്‍മിച്ചത്. അമരം തുടങ്ങി അണിയം വരെ എല്ലാം അതുപൊലെ. വെങ്കലത്തിലുണ്ടാക്കിയ മനോഹരമായ ചുണ്ടും കുമിളകളും എടുത്തുപറയത്തക്കതാണ്. 53.5 ഇഞ്ച് (136.5 സെന്റിമീറ്റര്‍) നീളവും 5.1 ഇഞ്ച് (13.5 സെന്റിമീറ്റര്‍) വീതിയും 12 ഇഞ്ച് (31 സെന്റിമീറ്റര്‍) തലപ്പൊക്കവുമാണ് ചെറുചുണ്ടന്‍വള്ളത്തിന്റെ അളവുകള്‍.

അനേകം സാംസ്‌കാരിക മേളകളില്‍ ഈ കൗതുക ചുണ്ടന്‍വള്ളം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗ്വാളിയാര്‍ അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ എഴുപതുകളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനങ്ങളില്‍ സംസ്‌കാരവും കായികവിനോദങ്ങളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തെ പ്രതിനിധീകരിച്ച് ഈ ചുണ്ടന്‍വള്ളം അവതരിപ്പിച്ചിരുന്നു.