കരിക്കംപള്ളില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വിശേഷങ്ങള്‍
Monday, September 27, 2010
ഇരട്ട കന്യാസ്ത്രീകള്‍ സുവര്‍ണ ജൂബിലി നിറവില്‍
ഡോക്ടര്‍മാരായ കന്യാസ്ത്രീ ഇരട്ടകള്‍ സന്യസ്ത സുവര്‍ണ ജൂബിലി (1960-2010) ആഘോഷിച്ചു. ആലപ്പുഴ രാമങ്കരി മണലാടി പുത്തന്‍പുരയില്‍ സിസ്റ്റര്‍ റോസി എംഎസ്‌ജെ (സിസ്റ്റര്‍ ഡോ. റോസമ്മ), സിസ്റ്റര്‍ റോസിന എംഎസ്‌ജെ (സിസ്റ്റര്‍ ഡോ. ത്രേസ്യാമ്മ) എന്നിവരാണ് സന്യസ്ത ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പിന്നിടുന്നത്. തിരുവനന്തപുരം കുന്നുകുഴി കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കെ.സി.സെബാസ്റ്റ്യന്റെ (ദേവസ്യാച്ചന്‍) ഭാര്യ ലീലാമ്മയുടെ സഹോദരിമാരാണ് ഇരട്ട കന്യാസ്ത്രീകള്‍.
ആലപ്പുഴ പള്ളിക്കൂട്ടുമ്മ ഫാത്തിമ മാതാ പള്ളിയിലായിരുന്നു 2010 സെപ്റ്റംബര്‍ 18-ന് ശനിയാഴ്ച രാവിലെ 10.30-ന് കൃതജ്ഞതാ ദിവ്യബലി ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍.
മെഡിക്കല്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (എംഎസ്‌ജെ) ധര്‍മഗിരി നിര്‍മല പ്രോവിന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഇരട്ട കന്യാസ്ത്രീകള്‍ ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിലാണ് ഗൈനക്കോളജി, അനസ്‌ത്യേഷ്യ വിഭാഗങ്ങളില്‍ ഇപ്പോള്‍ സേവനം ചെയ്യുന്നത്.
Saturday, September 25, 2010
തൊട്ടറിയാന്‍ കൊച്ചുചുണ്ടന്‍വള്ളം
ആലപ്പുഴ പുന്നമട കായലില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നെഹ്‌റു ട്രോഫി വള്ളം കളി നടക്കുമ്പോള്‍ പലരുടേയും ശ്രദ്ധ തിരിയുന്ന ഒരു കൊച്ചു ചുണ്ടന്‍വള്ളമുണ്ട്. ആലപ്പുഴ തത്തംപള്ളി കരിക്കംപള്ളില്‍ അഡ്വ.കെ.റ്റി.മത്തായിയുടെ വീട്ടിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്. ഏകദേശം അറുപതിലേറെ വര്‍ഷം പഴക്കമുണ്ടതിന്. ഈ വര്‍ഷം (2010) നടന്ന നെഹ്‌റു ട്രോഫി മത്സരമാകട്ടെ 58-ാമത്തേതായിരുന്നു.
നൂറില്‍പരം ആള്‍ക്കാര്‍ കയറുന്ന കുട്ടനാടിന്റെ തനതായ ചുണ്ടന്‍വള്ളത്തിന്റെ സവിശേഷതകള്‍ കാഴ്ചക്കാര്‍ക്ക് തൊട്ടറിയാന്‍ വേണ്ടിയാണ് മേശപ്പുറത്ത് ഒതുങ്ങുന്ന ലക്ഷണമൊത്ത ചുണ്ടന്‍ വള്ളം പണിയിപ്പിച്ചത്. അനേകം ചുണ്ടന്‍ വള്ളങ്ങളുടെ ശില്പിയായ കോയില്‍മുക്ക് നാരായണന്‍ ആചാരിയാണ് ഈ ചെറുചുണ്ടന്‍വള്ളം നിര്‍മിച്ചത്. ആതാകട്ടെ വലിയ ചുണ്ടന്‍വള്ളത്തിന്റെ ആനുപാതിക അളവുകള്‍ അനുസരിച്ചും. അതു തന്നെയാണ് അതിന്റെ പ്രത്യേകത. സാധാരണ നിര്‍മിക്കുന്ന കൗതുക ചെറുചുണ്ടന്‍വള്ളങ്ങള്‍ക്ക് തച്ചുശാസ്ത്രമനുസരിച്ചുള്ള കൃത്യ അളവുകളായിരിക്കണമെന്നില്ല. വലിയ ചുണ്ടന്‍വള്ളങ്ങള്‍ സാധാരണ ആഞ്ഞിലിത്തടിയിലാണ് നിര്‍മിക്കുന്നത്. ഇത് പൂവരശിലാണ് ഉണ്ടാക്കിയിട്ടുള്ളത്.
പച്ച ചുണ്ടന്‍വള്ളത്തിന്റെ മാതൃകയിലാണ് അതേ ചുണ്ടന്‍വള്ളത്തിന്റെ ശില്പി ഈ ചെറുചുണ്ടന്‍വള്ളവും എടത്വ ചെക്കിടിക്കാട്ട് വച്ച് നിര്‍മിച്ചത്. അമരം തുടങ്ങി അണിയം വരെ എല്ലാം അതുപൊലെ. വെങ്കലത്തിലുണ്ടാക്കിയ മനോഹരമായ ചുണ്ടും കുമിളകളും എടുത്തുപറയത്തക്കതാണ്. 53.5 ഇഞ്ച് (136.5 സെന്റിമീറ്റര്‍) നീളവും 5.1 ഇഞ്ച് (13.5 സെന്റിമീറ്റര്‍) വീതിയും 12 ഇഞ്ച് (31 സെന്റിമീറ്റര്‍) തലപ്പൊക്കവുമാണ് ചെറുചുണ്ടന്‍വള്ളത്തിന്റെ അളവുകള്‍.
അനേകം സാംസ്‌കാരിക മേളകളില്‍ ഈ കൗതുക ചുണ്ടന്‍വള്ളം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗ്വാളിയാര്‍ അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ എഴുപതുകളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനങ്ങളില്‍ സംസ്‌കാരവും കായികവിനോദങ്ങളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തെ പ്രതിനിധീകരിച്ച് ഈ ചുണ്ടന്‍വള്ളം അവതരിപ്പിച്ചിരുന്നു.
Subscribe to:
Posts (Atom)