Thursday, August 23, 2012

ഫാ.എവുസേബിയോസ് കരിക്കംപള്ളില്‍ സി.എം.ഐയുടെ അന്‍പതാം ചരമവാര്‍ഷികം മുട്ടാറില്‍ ആചരിച്ചു


  • നന്മ നിറഞ്ഞ ജീവിതം നയിക്കാന്‍ തയാറാകണം: റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ 
  • ധന്യമായ ജീവിതങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും: ഫാ. ജോബി ചിറയില്‍ 
ത്മാര്‍ഥത നിറഞ്ഞ മനസ്സുമായി ദൈവാനുഭവത്തില്‍ ജീവിതം നയിച്ച വൈദികരുടെ കാലടിപ്പാതകളെ പിന്തുടര്‍ന്ന് നന്മ നിറഞ്ഞ ജീവിതം നയിക്കാന്‍ എല്ലാവരും തയാറാകണമെന്നു റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെ.

പ്രമുഖ ആത്മീയാചാര്യനും മാതൃകാ സന്യാസിയുമായിരുന്ന ഫാ.എവുസേബിയോസ് കരിക്കംപള്ളില്‍ സി.എം.ഐ (1884-1962)-യുടെ അന്‍പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തമിഴ്‌നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ വിദഗ്ദ്ധനും  സംഘാടക സമിതി പ്രസിഡന്റുമായ റവ.ഡോ.കെ.സി.ജോര്‍ജ്.

പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍: കുട്ടനാട്ടില്‍ നിന്നു സന്യാസത്തിന്റെ പാത സ്വീകരിച്ചു ദൈവാനുഭവത്തിന്റെ ഉന്നത നിലയിലെത്തിയ വൈദികനായിരുന്നു ഫാ. എവുസേബിയോസ്. വളരെക്കുറവു മാത്രം സംസാരിച്ചിരുന്ന അദ്ദേഹം ഏറെ പ്രവര്‍ത്തിച്ചിരുന്നു. ഇംഗ്ലീഷിലും ലത്തീനിലും സുറിയാനിയിലും പ്രാവീണ്യം നേടി. കര്‍ശനമായ ജീവിതചര്യകളിലൂടെയാണ് അദ്ദേഹം കടന്നുപോയത്.

ഭാവിതലമുറയ്ക്ക് മാതൃകയാകും വിധം ജീവിതം നയിച്ചിരുന്ന സി.എം.ഐ സഭയിലെ എവുസേബിയോസ് അച്ചനു മുന്‍ഗാമിയായി ഗ്രിഗോറിയസ് അച്ചനുണ്ടായിരുന്നു. അദ്ദേഹമാണ് തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബത്തെ സി.എംഐ സഭയുമായി ഇണക്കിയ ആദ്യ കണ്ണി. ജയിംസ് തെക്കത്തല അച്ചനും തോമസ് മൂറച്ചനും പിന്നാലെയെത്തി. ഈ അവസരത്തില്‍ ഗ്രിഗറി കരിക്കംപള്ളില്‍ അച്ചന്‍, തോമസ് മണലില്‍ അച്ചന്‍, ആന്റണി കരിക്കംപള്ളില്‍ അച്ചന്‍ എന്നിവരേയും സ്മരിക്കുന്നു.

സഭയുടെ ആധ്യാത്മികമായ വളര്‍ച്ചയക്ക് എവുസേബിയസ് അച്ചന്‍ അക്ഷീണം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലുള്ള സി.എം.ഐ ആശ്രമങ്ങളുടെ ശ്രേഷ്ഠനായി എവുസേബിയോസ് അച്ചന്‍ സേവനമനുഷ്ഠിച്ചു. സഭയുടെ അഭിവൃദ്ധിക്കായി അദ്ദേഹം ഏറ്റെടുത്തിരുന്ന സ്ഥാനങ്ങള്‍ പ്രാര്‍ഥനയോടെ പ്രയോജനപ്പെടുത്തി.

ആത്മാര്‍ഥത നിറഞ്ഞ മനസ്സുമായി കളങ്കരഹിതമായ ജീവിതം നയിച്ച വൈദികനായിരുന്നു എവുസേബിയോസച്ചന്‍. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ആദരവോടെ തലകുനിക്കുന്നു. കുടുംബത്തിലെ എല്ലാവരും അദ്ദേഹത്തിന്റെ പ്രതിനിധികളാകണം. അദ്ദേഹത്തിന്റെ കാലടിപ്പാതകളെ പിന്തുടര്‍ന്ന് നന്മ നിറഞ്ഞ സാമൂഹ്യജീവിതം നയിക്കാന്‍ എല്ലാവരും തയാറാകുകയും വേണം. സമ്മേളനത്തിനു മുന്നോടിയായി ഫാ. എവുസേബിയോസ് അന്ത്യവിശ്രമം കൊള്ളുന്ന മുട്ടാര്‍ മേരി ഇമ്മാക്കുലേറ്റ് ആശ്രമ ദേവാലയത്തില്‍ (മുട്ടാര്‍ സി.എം.ഐ ഗൊവേന്ത പള്ളി) 2012 ഓഗസ്റ്റ് 23-നു വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു നടന്ന സമൂഹബലിക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും പ്രിയോര്‍ ഫാ. ജോസഫ് മലയാംപുറം സി.എം.ഐ നേതൃത്വം നല്കി. എവുസേബിയോസച്ചന്റെ സംസ്‌കാരവേളയില്‍ നൂറ്റിഇരുപതോളം വൈദികരും അമ്പതോളം കന്യാസ്ത്രീകളും പങ്കെടുത്തിരുന്നതായും കരിക്കംപള്ളില്‍ കുടുംബാംഗങ്ങള്‍ എല്ലാവിധ സഹായങ്ങള്‍ ചെയ്യാനുണ്ടായിരുന്നതായും അന്നത്തെ നാളാഗമത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി ഫാ.മലയാംപുറം എടുത്തുകാട്ടി.

ധന്യമായ ജീവിതങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നു കുര്‍ബാന മധ്യേ പ്രസംഗിച്ച ഫാ. ജോബി ചിറയില്‍ ചൂണ്ടിക്കാട്ടി.

ജോസ് വാച്ചാലില്‍, ജേക്കബ് സെബാസ്റ്റിയന്‍ ഇലഞ്ഞിപ്പറമ്പില്‍, ജേക്കബ് ചാക്കോ നന്നാട്ടുമാലില്‍ തുടങ്ങിയവര്‍ സമ്മേളന പരിപാടികള്‍ക്കു നേതൃത്വം നല്കി.

എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ ഔസേപ്പ് - തുരുത്തി ചക്കുവായില്‍ കത്രീന ദമ്പതികളുടെ നാലാമത്തെ പുത്രനും ഫാ.ഗ്രിഗോറിയോസ് കരിക്കംപള്ളില്‍ സിഎംഐ (1861-1926)-യുടെ സഹോദരപുത്രനുമാണ് ഫാ. എവുസേബിയോസ് (കറിയാച്ചന്‍).

മാന്നാനം, വാഴക്കുളം, എല്‍ത്തുരുത്ത്, പുളിങ്കുന്ന്, മുത്തോലി, ഐരൂര്‍, തലോര്‍, മുട്ടാര്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലുള്ള സി.എം.ഐ ആശ്രമങ്ങളുടെ ശ്രേഷ്ഠനായി കുട്ടനാട്ടില്‍ നിന്നുളള ഫാ. എവുസേബിയോസ് കരിക്കംപള്ളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചങ്ങനാശേരി അതിരൂപതയിലെ കന്യാസ്ത്രീ സമൂഹങ്ങളുടെ പൊതു സുപ്പീരിയറായിരുന്നു. ആര്‍ച്ച്ബിഷപ് മാര്‍ ജയിംസ് കാളാശേരിയുടെ കുമ്പസാരക്കാരനുമായിരുന്നു.

മിതഭാഷിയും ക്ഷമയുടെ മൂര്‍ത്തീഭാവവുമായിരുന്ന ഫാ. എവുസേബിയോസ് 1884 ജൂലൈ 28-നു ജനിച്ചു. 1907 ജനുവരി 27-നു വ്രതവാഗ്ദാനം. 1916 മേയ് ഏഴിന് പൗരോഹിത്യം സ്വീകരിച്ചു. 1962 ഓഗസ്റ്റ് 23-ന് വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ മുട്ടാര്‍ കൊവേന്തയില്‍ മരണമടഞ്ഞു. ആശ്രമദേവാലത്തില്‍ അടുത്ത ദിവസം സംസ്‌കരിച്ചു. എവുസേബിയച്ചന്‍ അന്തരിച്ചതും അന്‍പതാം  ചരമവാര്‍ഷികവും വ്യാഴാഴ്ചയായിരുന്നുവെന്നത് ശ്രദ്ധേയമായി.

എവുസേബിയോസ് അച്ചന്റെ അന്‍പതാം ചരമവാര്‍ഷികാചരണത്തില്‍ പങ്കെടുക്കാന്‍ വൈദികരും കന്യാസ്ത്രീകളും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കാപ്പിസല്‍ക്കാരവും സംഘടിപ്പിച്ചിരുന്നു.

ചടങ്ങുകളുടെ ഫോട്ടോ ആല്‍ബം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment