Monday, September 17, 2012

നന്നാട്ടുമാലില്‍ തറവാടിനു 101 കഴിഞ്ഞു, ആറു തലമുറ

രിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തറവാട്ടു വീടിനു പ്രായം 101 കഴിഞ്ഞു. കെട്ടിടഘടനയില്‍ ഇതുവരെ വലിയ ഒരു മാറ്റവും വരുത്തിയിട്ടില്ല. പഴയകാലത്ത് ഓല ആയിരുന്നത് ഓട് ആക്കിയെന്നുള്ളതു മാത്രമാണ് പ്രധാന മാറ്റം. മുറികള്‍ കൂട്ടിച്ചേര്‍ത്തിട്ടൊന്നുമില്ല.

ചാക്കോ - തലവടി പരുമൂട്ടില്‍ കത്രീന (മാമി) -യുടേയും ഏക മകനായ തോമ്മ (ഭാര്യ പച്ച പുരയ്ക്കല്‍ മറിയാമ്മ) കൊല്ലവര്‍ഷം 1086-ാമാണ്ടില്‍ നിര്‍മിച്ചതാണ് തറവാട്. (ഇപ്പോള്‍ കൊല്ലവര്‍ഷം 1188) തോമ്മയുടെ മൂത്ത മകന്‍ ചാക്കോ (അത്തായി)-യും ചമ്പക്കുളം വേലങ്കളം അച്ചാമ്മയും വിവാഹിതരായി വന്നുകയറിയതും പുരവാസ്‌തോലിയും ഒറ്റ ദിവസമായിരുന്നു.

തോമ്മ - മറിയാമ്മ ദമ്പതികളുടെ ഒന്‍പതു പുത്രന്മാരില്‍ ഇളയ മൂന്നു പേര്‍ ജനിച്ചത് ഈ തറവാട്ടിലാണ്. ദേവസ്യാച്ചന്‍, കറിയാച്ചന്‍, മത്തായിക്കുട്ടി എന്നിവര്‍.

രണ്ടു മക്കളുടെ - വാവച്ചന്‍, ശൗരിച്ചന്‍ - വിവാഹം ഒറ്റദിവസം നടത്തിയതും ഇവിടെ മുറ്റത്ത് പന്തലിട്ട്. അത്തായിയുടെ രണ്ടു മക്കളുടെ കല്യാണവും ഇവിടെ വിശാലമായ പന്തലിട്ട് നടത്തി. ഔസക്കുട്ടിയുടേയും (ഭാര്യ ചങ്ങനാശേരി പാലാത്തറ കുട്ടിയമ്മ) തങ്കമ്മയുടേതുമായിരുന്നു (ഭര്‍ത്താവ് ചങ്ങംകരി വാളംപറമ്പില്‍ കുട്ടപ്പന്‍) അത്. അത്തായിയുടെ മകന്‍ മത്തമ്മയുടെ (ഭാര്യ എടത്വ വാണിയപ്പുരയ്ക്കല്‍ കുഞ്ഞുമോള്‍) മകള്‍ ആഷ്‌ലിയും കൈനടി വലിയവാക്കശേരി പഴുവക്കളത്തില്‍ സണ്ണിയും തമ്മിലുള്ള വിവാഹവും തറവാട്ടുവീട്ടില്‍ നടത്തി. തറവാട്ടിനു ചുറ്റും വന്‍ പന്തലിട്ടായിരുന്നു വിവാഹാഘോഷം.

പൗരോഹിത്യം സ്വീകരിച്ച് പുത്തന്‍കുര്‍ബാന നടത്തിയ ശേഷം എത്തിയ ഫാ.കെ.സി.ജോര്‍ജി (വക്കമ്മ)-ന് സ്വീകരണം നല്കിയതും നിത്യവ്രതവാഗ്ദാനം നടത്തി ജര്‍മ്മനിയില്‍ സേവനത്തിലായിരുന്ന സിസ്റ്റര്‍ ജോര്‍ജിറ്റ (കുട്ടിയമ്മ) അവിടെ നിന്നു തിരിച്ചെത്തിയപ്പോള്‍ സ്വീകരണം ഒരുക്കിയതും ഈ തറവാട്ടു മുറ്റത്താണ്.

അത്തായി നിര്യാതനായി (മരണം 1967 മാര്‍ച്ച് 26) മൃതദേഹം എടത്വ സെന്റ് ജോര്‍ജ് പള്ളിയിലേക്ക് അനേകം മോട്ടോര്‍ ബോട്ടുകളുടെ അകമ്പടിയോടെ ചെങ്ങാടത്തില്‍ കൊണ്ടുപോയത് പലരും ഇന്നും ഓര്‍മ്മിക്കുന്നു. അക്കാലത്ത് തകഴി-പച്ച-എടത്വ റോഡില്ലായിരുന്നു.

മത്തമ്മയും കുഞ്ഞുമോളും മകന്‍ ചാക്കോച്ചനും ഭാര്യ പുതുക്കരി തുണ്ടിയില്‍ ജിന്‍സിയും മക്കളായ പിയാക്കുട്ടിയും മാത്യൂസുമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ചാക്കോച്ചന്റെ മക്കള്‍ ഈ തറവാട്ടില്‍ താമസിക്കുന്ന ആറാം തലമുറയില്‍പ്പെട്ടവര്‍.

No comments:

Post a Comment