Saturday, November 26, 2011

ജോബി ജോസഫ് പൗരോഹിത്യം സ്വീകരിച്ചു


ടത്വ പച്ചചെക്കിടിക്കാട് കരിക്കംപള്ളില്‍ ചിറയില്‍ സി.സി. ജോസഫിന്റെ മകന്‍ ഡീക്കന്‍ ജോബി ജോസഫ് കപ്പുച്ചിന്‍ 2011 നവംബര്‍ 26ന് ശനിയാഴ്ച രാവിലെ 9.30ന് പച്ചചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ച് പ്രഥമദിവ്യബലി അര്‍പ്പിച്ചു.

Tuesday, November 22, 2011

ജിയോജിത് പരസ്യത്തില്‍ മാത്യൂസ്

ജിയോജിത് ബിഎന്‍ബി പാരിബാസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യത്തില്‍ മാത്യൂസ് ജോസ്. കമ്പനിയുടെ മൊബൈല്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള 'എവരിത്തിംഗ് എല്‍സ് ക്യാന്‍ വെയ്റ്റ്' എന്ന പ്രിന്റ് പരസ്യചിത്രത്തിലാണ് മാത്യൂസ് അഭിനയിച്ചിട്ടുള്ളത്.

Tuesday, November 1, 2011

ഫോട്ടോബക്കറ്റ്: റീവയുടെ ഫോട്ടോ റണ്ണര്‍ അപ്പ്

പ്രശസ്ത ഫോട്ടോഷെയറിംഗ് വെബ്‌സൈറ്റായ ഫോട്ടോബക്കറ്റ് ഡോട്ട് കോം (http://photobucket.com) സംഘടിപ്പിച്ച 'യുവര്‍ ബേബീസ് ഫസ്റ്റ് ടൂത്ത്' ഫോട്ടോ മത്സരത്തില്‍ റീവയുടെ ഫോട്ടോ റണ്ണര്‍ അപ്പ് സ്ഥാനത്ത്.

'ആദ്യ പല്ല്'എന്ന വിഭാഗത്തിലേക്ക് വൈവിധ്യമാര്‍ന്ന ഫോട്ടോകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പോസ്റ്റ് ചെയ്തിരുന്നത്. മോണമാത്രമുള്ള കുഞ്ഞുങ്ങളുടേയും ഒന്നും രണ്ടും പല്ലുകള്‍ മുളച്ചവരുടേയും വായ് നിറയെ പല്ലുള്ളവരുടേയും രസത്തിനു കൃത്രിമ പല്ല് പിടിപ്പിച്ച കുഞ്ഞുങ്ങളുടേയും അവസാന പല്ലായി ശേഷിച്ച ഒറ്റ പല്ലുള്ള വൃദ്ധന്റേയും വരെ ഫോട്ടോകളുണ്ടായിരുന്നു. ആദ്യമായി പല്ലു പോയപ്പോള്‍ എടുത്ത ഫോട്ടോയായിരുന്നു റീവയുടേത്. 'റീവാസ് ഫസ്റ്റ് ടൂത്ത് ഔട്ട്!' എന്നായിരുന്നു അടിക്കുറിപ്പു നല്കിയിരുന്നത്. ഒന്നാമത്തെ പല്ലു പറിച്ച ഉടനേ എടുത്ത ചോര പൊടിഞ്ഞു നില്ക്കുന്ന മോണയോടു കൂടിയ ഇത്തരത്തിലുള്ള സൂക്ഷ്മമായ ഫോട്ടോ ഒന്നേയുണ്ടായിരുന്നുള്ളു.

2011 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ രണ്ടു മാസം തുടര്‍ച്ചയായി നീണ്ടു നിന്ന വോട്ടെടുപ്പായിരുന്നു മത്സരത്തിന്. ഒന്നു വരെ അഞ്ചു വരെ സ്ഥാനങ്ങളില്‍ വോട്ടു ചെയ്യാനായിരുന്നു ഏര്‍പ്പാടുണ്ടായിരുന്നത്. ഒന്ന് : സ്റ്റിംക്സ്, രണ്ട്: ബാഡ്, മൂന്ന്: ആവറേജ്, നാല്: ഗുഡ്, അഞ്ച്: ആവ്‌സം (വിസ്മയാവഹം) എന്നിങ്ങനെ.

റീവയുടെ ഫോട്ടോയ്ക്ക് ഉയര്‍ന്ന വോട്ടു ചെയ്യണമെന്ന അഭ്യര്‍ഥന ബന്ധുക്കളും സുഹൃത്തുക്കളുമായ അനേകം പേര്‍ ഏറ്റെടുത്തതു കൊണ്ടാണ് ഉയര്‍ന്ന വോട്ടിംഗ് നിലയിലെത്തിയത്. എന്‍ട്രികള്‍ 439 ആണുണ്ടായിരുന്നത്. റീവയുടെ ഫോട്ടോ 7508 പേര്‍ കണ്ടു. 2175 വോട്ടു ലഭിച്ചു. റേറ്റിംഗ് 2.6. മത്സര സമയം കഴിഞ്ഞും കാഴ്ചക്കാര്‍ ഫോട്ടോ കാണുന്നുണ്ട്.

ഒറ്റപ്പല്ലു മുളച്ചു തുടങ്ങുന്ന ലിലിയുടെ ഫോട്ടോയാണ് ഒന്നാമത്. 13661 പേര്‍ കണ്ടു. 3652 വോട്ട്. റേറ്റിംഗ് 3.0.

റീയുടെ ഫോട്ടോ തുടക്കത്തില്‍ 256-ാം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് നാലാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍ത്തന്നെ 'വൗ', 'ക്യൂട്ട്'  എന്നൊക്കെയുള്ള അഭിനന്ദന വാക്കുകള്‍ക്കൊപ്പം എതിര്‍പ്പുകളും കമന്റുകളുടെ രൂപത്തില്‍ ധാരാളമായി എത്തിത്തുടങ്ങിയിരുന്നു. എന്നാലും മത്സരസമയം അവസാനിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തായി.

യു.എസ് ഡെന്‍വര്‍ ഫോട്ടോബക്കറ്റ് കോര്‍പറേഷന്‍ ആയിരുന്നു മത്സര സ്‌പോണ്‍സര്‍. 

Sunday, October 30, 2011

ആലപ്പുഴ ടിടി: മൈക്കിള്‍ വെറ്ററന്‍ ജേതാവ്

ലപ്പുഴ വൈ.എം.സി.എ സംഘടിപ്പിച്ച
55-ാമത് ഓള്‍ കേരള ഓപ്പണ്‍
പ്രൈസ് മണി ടേബിള്‍ ടെന്നിസ്
ടൂര്‍ണമെന്റ് (2011 ഒക്ടോബര്‍ 28-30) 
വെറ്ററന്‍ വിഭാഗത്തില്‍
മൈക്കിള്‍ മത്തായി (സീനിയര്‍ മാനേജര്‍, എച്ച്.ഡി.എഫ്.സി.ബാങ്ക്, ആലപ്പുഴ)
ജേതാവായി. സമാപന
സമ്മേളനത്തില്‍
ജില്ലാ കളക്ടര്‍ സൗരഭ് ജയിന്‍
ട്രോഫിയും വൈ.എം.സി.എ പ്രസിഡന്റ്
തോമസ് പോള്‍ ക്യാഷ്
പ്രൈസും സമ്മാനിച്ചു.

പെണ്‍കുട്ടികളുടെ മിനി കേഡറ്റ്,
കേഡറ്റ് വിഭാഗങ്ങളില്‍ മകള്‍
റീവ അന്ന മൈക്കിള്‍ (ബ്രൈറ്റ് ലാന്‍ഡ് ജൂണിയര്‍ സ്‌കൂള്‍, ആലപ്പുഴ) പങ്കെടുത്തിരുന്നു.

Friday, September 16, 2011

ഡോ. സ്‌കറിയാ സക്കറിയയുടെ മേല്‍നോട്ടത്തില്‍ എഴുപത്തിയാറുകാരന് ഡോക്ടറേറ്റ്

റിസര്‍ച്ച് ഗൈഡ് ഡോ. സ്‌കറിയാ സക്കറിയയുടെ മേല്‍നോട്ടത്തില്‍ ക്രൈസ്തവ പാരമ്പര്യത്തില്‍ ഗവേഷണം നടത്തിയ അഭിഭാഷകനായ എഴുപത്തിയാറുകാരന് ചരിത്രത്തില്‍ പിഎച്ച്.ഡി ബിരുദം. ഈ പ്രായത്തില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നു ഇതുവരെ ഡോക്ടറേറ്റ് നേടിയ വേറെ ആരുമുണ്ടെന്നു തോന്നുന്നില്ല.

തൃശൂര്‍ കുന്നംകുളം പുലിക്കോട്ടില്‍ പി.സി.മാത്യുവിനാണ് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നു പിഎച്ച്.ഡി ലഭിച്ചത്. 'നസ്രാണി സഭയുടെ മലയാള രേഖാപാരമ്പര്യം - പടിയോലകള്‍ മുന്‍നിര്‍ത്തിയുള്ള പഠനം' എന്ന വിഷയത്തിലായിരുന്നു അക്കാഡമിക് ഗവേഷണം.

ചട്ടം നിശ്ചയിച്ചു എഴുതിവച്ച ഓലകളാണ് പടിയോലകള്‍. പണ്ട് ക്രിസ്ത്യാനികള്‍ യോഗം ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ ഓലയിലും ചെമ്പ് തകിടിലും ഭദ്രമായി എഴുതിസൂക്ഷിച്ചുവച്ചിട്ടുള്ളവയാണ് അവ. ഇറ്റലി മിലാനിലെ ഗ്രന്ഥശാലയിലും പ്രാചീനമായ പടിയോലകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഡോ. സ്‌കറിയാ സക്കറിയ അവയെക്കുറിച്ചു പഠിച്ചിട്ടുണ്ട്. സബ്ജക്ട് എക്‌സ്‌പേര്‍ട്ട് ചരിത്രകാരനായ ഡോ.എം.ജി.എസ്. നാരായണനായിരുന്നു.

കാലടി സര്‍വകലാശാലയില്‍ പിഎച്ച്.ഡി എന്‍ട്രസസ് എഴുതി, ആറു വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് പ്രായത്തെ മറികടന്നു ഡോക്ടറേറ്റ് നേടിയത്. ഫുള്‍ടൈം റിസര്‍ച്ച് സ്‌കോളര്‍ ആയി ഫെലോഷിപ്പോടെയുള്ള ഗവേഷണമായിരുന്നു. തൃശൂര്‍ ആര്‍ത്താറ്റ് പള്ളിയിലെ വട്ടെഴുത്തിലുള്ള പടിയോലകളാണ് അടിസ്ഥാനമാക്കിയത്. അഞ്ചു പടിയോലകളില്‍ തുടങ്ങി ഗവേഷണ പ്രബന്ധ
മായപ്പോള്‍ 13 എണ്ണത്തില്‍ എത്തി.
കേരളത്തിലെ സെമിനാരികളില്‍ പോലും ഇത്രയും പടിയോലകളെക്കുറിച്ചു വിവരങ്ങളില്ലായിരുന്നു.

പടിയോലകളില്‍ എഴുതിയിരിക്കുന്ന പഴയ വട്ടെഴുത്തും കോലെഴുത്തും പഠിച്ചെടുക്കേണ്ടി വന്നതിനാല്‍ മൂന്നു വര്‍ഷം കൊണ്ടു തീരാവുന്ന ഗവേഷണം ആറു വര്‍ഷം കൊണ്ടാണ് തീര്‍ന്നത്. കുന്നംകുളത്തു നിന്നു കാലടിക്കു കാറില്‍ ദിവസവും പോയി വരുകയായിരുന്നു. അതിനു തന്നെ അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചു. മക്കളുടെ പഠനവും കല്യാണവും കഴിഞ്ഞ ശേഷമായിരുന്നു ഗവേഷണം. ചെറുപ്പകാലത്തു തുടങ്ങിയ ആഗ്രഹം സഫലീകരിക്കാന്‍ കുറേ വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നുവെന്നു മാത്രം.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഇന്ത്യന്‍ ലാംഗ്വേജസ് ഫാക്കല്‍റ്റിയില്‍ ഡോക്ടര്‍ ഓഫ് ഫിലോസഫി ബിരുദത്തിനു ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുന്നത് 2010 ഫെബ്രുവരിയിലാണ്. ചെറുകഥകളും ചരിത്രപുസ്തകങ്ങളും ജീവചരിത്രങ്ങളും അടക്കം അഡ്വ.മാത്യു ഇരുപതു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ബി.എ., ബി.എല്‍, എംഎസ്ഡബ്ലിയു, ഡിഎസ്എസ് തുടങ്ങിയ ബിരുദങ്ങള്‍ മുന്‍പ് നേടിയിട്ടുണ്ട്. ഇനി ഡി.ലിറ്റിനു വേണ്ടി പരിശ്രമിക്കാനാണ് തീരുമാനം.

ഡോ.സ്‌കറിയാ സക്കറിയ (കരിക്കംപള്ളില്‍, പെരുന്ന, ചങ്ങനാശേരി) 2007 ജൂലൈ മുതല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറാണ്. ചങ്ങനാശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളജില്‍ 1969 മുതല്‍ 1994 വരേയും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 1994 മുതല്‍ 2004 വരേയും പ്രൊഫസറായിരുന്നു. ഗവേഷണപരങ്ങളായ അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഭാര്യ: മേരിക്കുട്ടി. മകള്‍: സുമ. മകന്‍: അരുള്‍.

Thursday, September 15, 2011

ജോയിച്ചനും തങ്കമ്മയും വിവാഹ രജത ജൂബിലിയില്‍

ടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ജയിംസ് ജോസഫും (ജോയിച്ചന്‍) കണ്ണാടി കൊറത്തറ തങ്കമ്മയും തമ്മില്‍ വിവാഹിതരായതിന്റെ രജത ജൂബിലി ആഘോഷിച്ചു. നന്നാട്ടുമാലില്‍ ഔസക്കുട്ടിയുടേയും ചങ്ങനാശേരി പാലാത്ര കുട്ടിയമ്മയുടേയും മൂത്ത മകനാണ് ജോയിച്ചന്‍. അമ്പലപ്പുഴയില്‍ കരിക്കംപള്ളില്‍ ബാങ്കേഴ്‌സ് എന്ന പണമിടപാടു സ്ഥാപനം നടത്തുന്നു.

1986 സെപ്റ്റംബര്‍ 15-ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ ഫാ. ജോസഫ് കൊറത്തറയായിരുന്നു വിവാഹം ആശീര്‍വദിച്ചത്.

ജോയിച്ചന്‍-തങ്കമ്മ ദമ്പതികള്‍ക്ക് വിദ്യാര്‍ഥികളായ രണ്ടു മക്കള്‍. തനൂജയും ജോസഫുകുഞ്ഞും.

Friday, September 9, 2011

ശുദ്ധജല മത്സ്യക്കൃഷിയില്‍ കുര്യച്ചന് കേരള സംസ്ഥാന അവാര്‍ഡ്


ത്സ്യം വളര്‍ത്തലിലൂടെ ഒരു നെല്ലും ഒരു മീനും പദ്ധതിക്കു വന്‍ സംഭാവനകള്‍ നല്കിയ കുര്യച്ചന് കേരള സംസ്ഥാന സര്‍ക്കാര്‍ മികച്ച ശുദ്ധജല മത്സ്യക്കര്‍ഷകനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.

ഒരു നെല്ലും ഒരു മീനും പദ്ധതി ഏറ്റെടുക്കാന്‍ കര്‍ഷകര്‍ മുന്നോട്ടുവരാതിരുന്നേപ്പാള്‍ 1983 മുതലാണ്ചമ്പക്കുളം മാപ്പിളശേരി ജേക്കബ് കുര്യന്‍ (കുര്യച്ചന്‍-63) മത്സ്യ
വും നെല്ലും ഒന്നിടവിട്ടു കൃഷിചെയ്യാന്‍ തുടങ്ങിയത്. തുടര്‍ച്ചയായി 28 വര്‍ഷം ശുദ്ധജലത്തില്‍ മത്സ്യക്കൃഷി ചെയ്യുന്ന കുര്യച്ചനു ലാഭത്തിന്റേയും നഷ്ടത്തിന്റേയും കണക്കുകള്‍ പറയാനുണ്ട്. എന്നാലും ഒരു നെല്ലും ഒരു മീനും പദ്ധതി കര്‍ഷകന്റെ രക്ഷയ്ക്കു പറ്റിയതാണെന്നു കുര്യച്ചന്‍ കരുതുന്നു.

1.30 ഏക്കര്‍ വിസ്തീര്‍ണമുള്ള കുളം വികസിപ്പിച്ചെടുത്തായിരുന്നു തുടക്കം. കാര്‍പ്പ് എന്ന മത്സ്യക്കുഞ്ഞുങ്ങളെയായിരുന്നു ഇട്ടത്. അഡാക്കിന്റെയും മത്സ്യഫെഡിന്റെയും പ്രോത്സാഹനം ഉണ്ടായിരുന്നു. രണ്ടുതവണ തുടര്‍ച്ചയായി മെച്ചപ്പെട്ട ലാഭം കിട്ടി. എന്നാല്‍, 1985-ല്‍ ശക്തമായ വെള്ളപ്പൊക്കത്തില്‍ പുറംബണ്ട് കവിഞ്ഞുകയറി മത്സ്യങ്ങള്‍ മുഴുവന്‍ ഒലിച്ചുപോയി. സമുദ്രോല്‍പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ)യുടെ സഹായത്തോടെ 1997 മുതല്‍ ആരംഭിച്ച ആറ്റുകൊഞ്ച് കൃഷി ഇപ്പോഴും തുടരുന്നു. ഇക്കാര്യത്തില്‍ കുട്ടനാടു വികസന സമിതിയുടെ പ്രോത്സാഹനം ഉണ്ടായിരുന്നു. തുടക്കത്തില്‍ 11,000 ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെയാണു നിക്ഷേപിച്ചത്.

കടുത്ത വേനലിനു ശേഷമുണ്ടായ മഴയില്‍ കുട്ടനാട്ടിലെ വെള്ളം മലിനമായ സാഹചര്യത്തില്‍ 2001-ല്‍ കുര്യച്ചന്റെ മത്സ്യം മുഴുവന്‍ ചത്തൊടുങ്ങി.ഒരു നെല്ലും ഒരു മീനും പദ്ധതിയില്‍പ്പെടുത്തി 2009 മുതല്‍ നാല് ഏക്കര്‍ സ്ഥലത്തു കൃഷി തുടങ്ങി. എംപിഇഡിഎയുടെ സഹായത്തോടെ ഒരുതവണ മാത്രം കയറ്റുമതി ഏജന്‍സിക്കു കൊഞ്ചു വിറ്റു. തുടര്‍ച്ചയായി അവര്‍ക്കു കൊടുക്കുന്നതിനു തടസ്സങ്ങള്‍ പലതുണ്ട്. ഏജന്റുമാര്‍ മുഖാന്തരം ഹോട്ടലുകള്‍ക്കും ടൂറിസം കേന്ദ്രങ്ങള്‍ക്കുമാണു മത്സ്യം കൂടുതലായി വില്‍ക്കുന്നത്.

മത്സ്യക്കൃഷിക്കു ശേഷം നെല്‍ക്കൃഷി ചെയ്താല്‍ കളയും കീടങ്ങളും കുറയും. മണ്ണിനു വളക്കൂറും ലഭിക്കും. നെല്‍ച്ചെടി കരുത്തോടെ വളര്‍ന്നു മെച്ചപ്പെട്ട വിള നല്‍കും. പത്തോ പതിനഞ്ചോ കൃഷിക്കാര്‍ മാത്രമുള്ള ചെറിയ പാടശേഖരങ്ങളിലാണ് ഒരു നെല്ലും ഒരു മീനും വിജയിപ്പിക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ 1.3 ഏക്കര്‍ സ്ഥലത്ത് ആറ്റുകൊഞ്ചും കരിമീനും തിലോപ്പിയയും കാളാഞ്ചിയും ഒരുപോലെ കൃഷി ചെയ്തു മത്സ്യക്കൃഷിയില്‍ മുന്നേറുകയാണു ചമ്പക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ കുര്യച്ചന്‍.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലെ മത്സ്യകേരളം - കരിമീന്‍ വര്‍ഷം പദ്ധതി ഉദ്ഘാടനത്തിനോടനുബന്ധിച്ച് 2011 സെപ്റ്റംബര്‍ ആറിനു ചൊവ്വാഴ്ച തൃശൂര്‍ മാള പൊയ്യ മോഡല്‍ ഫിഷ്ഫാം ആന്‍ഡ് ട്രെയിനിംഗ് സെന്ററില്‍ (അഡാക്ക്) നടത്തിയ മത്സ്യ കര്‍ഷക അവാര്‍ഡ് വിതരണവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നു മികച്ച ശുദ്ധജല മത്സ്യക്കര്‍ഷകനുള്ള അവാര്‍ഡ് കുര്യച്ചന്‍ സ്വീകരിച്ചു.

എടത്വ ചങ്ങംകരി വാളംപറമ്പില്‍ റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ സേവ്യര്‍ വി. മാത്യുവിന്റേയും ചെക്കിടിക്കാട് കരിക്കംപള്ളില്‍ തങ്കമ്മയുടേയും മകളാണ് പാചകവിദഗ്ധയായ ഭാര്യ മോളി. മക്കള്‍: മെറിന്‍, റോസി (ഇരുവരും ദുബായ്), ജേക്കബ് കുര്യന്‍ (മറൈന്‍ ബിരുദ വിദ്യാര്‍ഥി, പൂന).